
50 കോടിയുടെ നിരോധിച്ച കറൻസി മാറ്റി നൽകാമെന്ന് വാഗ്ദാനം; തട്ടിക്കൊണ്ടുപോയി പണം കവർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙50 കോടി രൂപ മൂല്യമുള്ള 2000 രൂപയുടെ നിരോധിത നോട്ടുകൾ മാറ്റി നൽകാമെന്നു വാഗ്ദാനം ചെയ്ത് 3 പേരെ വിളിച്ചുവരുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ 4 പേർ അറസ്റ്റിൽ. മലപ്പുറം തിരൂർ പൂഴിക്കുന്നു വെളിയത്ത് അനിൽ (55), തിരൂർ പറവണ്ണ ആട്ടിരിക്കാട്ട് പ്രമോദ് (47), തിരൂർ ചന്ദ്രത്തിൽ റംഷാദ് (38), എടയൂർ കടവത്തകത്ത് അൽത്താഫ് (34) എന്നിവരെയാണ് എസിപി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് പൊലീസ് സംഘം പിടികൂടിയത്.പാലക്കാട് പുതുക്കോട് സ്വദേശി സുരേഷ് കുമാർ, 2 സുഹൃത്തുക്കൾ എന്നിവരെ തട്ടിക്കൊണ്ടുപോയി ഒരു ലക്ഷം രൂപയും കാറും തട്ടിയെടുത്തെന്നാണു കേസ്.സംഭവത്തെക്കുറിച്ചു പൊലീസ് നൽകുന്ന വിവരങ്ങളിങ്ങനെ: സുരേഷ് കുമാറും സംഘവും തങ്ങളുടെ കയ്യിൽ 50 കോടി രൂപയുടെ നിരോധിത കറൻസിയുണ്ടെന്നു വിശ്വസിപ്പിച്ച് മലപ്പുറം സ്വദേശികളായ പ്രതികളെ സമീപിച്ചു. ആകെ തുകയുടെ 60% ആയ 30 കോടി രൂപ പകരം നൽകാമെന്നും പ്രതികൾ ഇവരെ വിശ്വസിപ്പിച്ചു.
500 രൂപയുടെ നോട്ടുകളായി 30 കോടി രൂപ നൽകാമെന്നു പ്രതികൾ സമ്മതിക്കുകയും ചെയ്തു.തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു കഴിഞ്ഞ ദിവസം ഇരുകൂട്ടരുമെത്തി. ആദ്യം 2000 രൂപ നോട്ടുകൾ കാണിച്ചു തരണമെന്നു പ്രതികളും 500 രൂപ നോട്ടുകൾ കാണണമെന്നു മറുകൂട്ടരും ആവശ്യപ്പെട്ടു. തർക്കമായതോടെ മലപ്പുറം സ്വദേശികളുടെ സംഘം സുരേഷ് കുമാറിനെയും സംഘത്തെയും ബലമായി കാറിൽ പിടിച്ചുകയറ്റി. കമ്പിവടികൊണ്ടടിച്ചു കീഴ്പ്പെടുത്തിയ ശേഷം എടപ്പാൾ ഭാഗത്തേക്കു കാറിൽ പാഞ്ഞു.
ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് 1.24 ലക്ഷം രൂപ എടിഎമ്മിൽ നിന്നു ഭീഷണി മുഴക്കി പിൻവലിപ്പിച്ച ശേഷം സുരേഷ് കുമാറിന്റെ ഭാര്യയുടെ പേരിലുള്ള കാറുമായി കടന്നുകളഞ്ഞു. പ്രതികൾ തിരൂർ ഭാഗത്തേക്കു കടന്നുവെന്നു വ്യക്തമായതോടെ ഈസ്റ്റ് എസ്എച്ച്ഒ എം.ജെ. ജിജോയും സംഘവും തിരൂർ പൊലീസിന്റെയും സൈബർസെല്ലിന്റെയും സഹായത്തോടെ ഇവരെ കുടുക്കുകയായിരുന്നു. എസ്ഐമാരായ തോമസ്, ബാലസുബ്രഹ്മണ്യൻ, സീനിയർ സിപിഒമാരായ സജീവൻ, രജീഷ്, പ്രിയേഷ്, സുജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.