
തൃശൂർ ∙ തെരുവുനായ്ക്കളെ ഷെൽറ്റർ ഹോമുകളിൽ പാർപ്പിക്കണമെന്ന കോടതി വിധിയും തിരുത്തലുകളും സജീവ ചർച്ചയായി തുടരുമ്പോഴും തദ്ദേശ സ്ഥാപനങ്ങളിൽ ഷെൽറ്റർ ഹോം സംവിധാനമില്ലെന്നതു ദുരവസ്ഥയായി തുടരുന്നു. ഇരിങ്ങാലക്കുട, ചാലക്കുടി, ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി നഗരസഭകളിലും തൃശൂർ കോർപറേഷനിലും ഷെൽറ്റർ ഹോമുകളില്ല. പഞ്ചായത്ത് തലത്തിൽ ഇതു സംബന്ധിച്ച ആലോചനകൾ പോലും നടന്നിട്ടില്ല. അപകടങ്ങളിൽ പരുക്കേറ്റതോ രോഗങ്ങൾ പിടിപെട്ടതോ ആയ തെരുവുനായ്ക്കൾ വഴിയോരങ്ങളിൽ കിടന്നു ചാകുന്നതല്ലാതെ എവിടെയും ഷെൽറ്റർ ഹോമുകൾ പ്രാവർത്തികമായിട്ടില്ല.
നഗരങ്ങളിൽ ഇതുസംബന്ധിച്ച അവസ്ഥയിതാ..
തൃശൂർ കോർപറേഷൻ
അനിമൽ ബർത്ത് കൺട്രോൾ സെന്ററിലൂടെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടക്കുന്നുണ്ടെങ്കിലും തെരുവുനായ്ക്കളെ പാർപ്പിക്കാൻ പാകത്തിനു ഷെൽറ്റർഹോം സംവിധാനമില്ല. അതേസമയം, സ്വകാര്യ എൻജിഒ ആയ പോവ്സിനു സ്വന്തമായി ഷെൽറ്റർ ഹോം സംവിധാനമുണ്ട്.
നൂറോളം തെരുവുനായ്ക്കളെ ഷെൽറ്റർ ഹോമിൽ പാർപ്പിച്ചു സംരക്ഷിക്കുന്നുണ്ടെന്ന് അഡ്മിനിസ്ട്രേറ്റർ പ്രീതി ശ്രീവൽസൻ പറഞ്ഞു. വഴിയോരത്ത് ഉടമകൾ ഉപേക്ഷിച്ച നായ്ക്കളടക്കം ഇക്കൂട്ടത്തിലുണ്ട്.
വിവിധ രോഗങ്ങൾ പിടിപെട്ടവയെയും ചികിത്സ നൽകി രക്ഷിച്ചെടുക്കുന്നു. എന്നാൽ, സർക്കാർ തുണയോ സഹായമോ ഇല്ലാത്തതിനാൽ അതീവ ശ്രമകരമാണു പ്രവർത്തനം.
കൊടുങ്ങല്ലൂർ
ഷെൽറ്റർ ഹോം തയാറാക്കാൻ കഴിഞ്ഞിട്ടില്ല.
സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ഷെൽറ്റർ ഹോം ഒരുക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും സ്ഥല ലഭ്യത പ്രശ്നമായി. തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടികൂടി സംരക്ഷിക്കുന്നതിന് എതിരെ വ്യാപക എതിർപ്പും ഉയർന്നു.
നായ്ക്കളെ പിടികൂടി പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പു നടത്തിയും വന്ധ്യംകരിച്ചും തുറന്നുവിടുന്ന പദ്ധതി തുടരുന്നുണ്ട്. സ്കൂൾ പരിസരത്തു ഭീഷണിയായ തെരുവുനായയെ പിടികൂടാൻ ശ്രമിച്ചപ്പോൾ പോലും എതിർപ്പുണ്ടായതിനാൽ വല്ലാത്ത പ്രതിസന്ധിയാണിപ്പോഴെന്നു നഗരസഭാധ്യക്ഷ ടി.കെ.
ഗീത പറഞ്ഞു.
ഗുരുവായൂർ
ഷെൽറ്റർ ഹോം തുടങ്ങാനായിട്ടില്ല. സ്ഥലം കിട്ടാത്തതാണു പ്രധാന പ്രശ്നം.
കോടതിയെ സർക്കാരോ ഇതുസംബന്ധിച്ചു വ്യക്തമായ മാർഗനിർദേശം നൽകിയിട്ടില്ലെന്നതും പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതും തടസമാകുന്നുവെന്നു ഗുരുവായൂർ നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് പറഞ്ഞു.
രോഗം ബാധിച്ച തെരുവുനായ്ക്കളെ കൊല്ലാൻ മുൻപു നഗരസഭകൾക്ക് അനുമതിയുണ്ടായിരുന്നു. ഇപ്പോഴതില്ലെന്നും അദ്ദേഹം പറഞ്ഞു.
കുന്നംകുളം
ഷെൽറ്റർ ഹോം നിർമിക്കാൻ കുന്നംകുളം അടുപ്പുട്ടിയിൽ സ്ഥലം കണ്ടെത്തിയിരുന്നു.
എന്നാൽ, നാട്ടുകാരുടെ എതിർപ്പു മൂലം ഉപേക്ഷിക്കേണ്ടിവന്നു. അതുകൊണ്ടു തന്നെ നിലവിൽ ഷെൽറ്റർ ഹോം ഇല്ല.
600 തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും 480 എണ്ണത്തെ വന്ധ്യംകരിച്ചെന്നും നഗരസഭ അറിയിച്ചു. ശേഷിച്ചവയെ ഉടൻ വന്ധ്യംകരിക്കും.
വളർത്തു നായ്ക്കൾക്കു ലൈസൻസ് നൽകി.
ചാലക്കുടി
നഗരസഭയിൽ ഷെൽറ്റർ ഹോം ആരംഭിക്കാനായിട്ടില്ല. സ്ഥലം കണ്ടെത്താനുള്ള ശ്രമം തന്നെ വലിയ എതിർപ്പു മൂലം ഉപേക്ഷിക്കേണ്ടിവന്നു.
തെരുവുനായ്ക്കൾക്ക് ഒന്നാംഘട്ട വാക്സിനേഷൻ നൽകി.
വളർത്തുനായ്ക്കൾക്കു ലൈസൻസും നൽകി. ശേഷിക്കുന്ന നായ്ക്കളെ 8 കേന്ദ്രങ്ങളിൽ ക്യാംപ് നടത്തി വാക്സിനേറ്റ് ചെയ്യുമെന്നു നഗരസഭ അറിയിച്ചു.
ചാവക്കാട്
നഗരസഭയിൽ ഷെൽറ്റർ ഹോം ആരംഭിച്ചിട്ടില്ല.
സ്ഥലമെടുപ്പ് പ്രാദേശിക എതിർപ്പു മൂലം വേണ്ടെന്നുവച്ചു. സ്ഥലം ലഭ്യമായാൽ ഷെൽറ്റർ ഹോം ആരംഭിക്കാൻ നഗരസഭ ഒരുക്കമാണെന്ന് അധ്യക്ഷ ഷീജ പ്രശാന്ത് പറഞ്ഞു.
മണത്തല മൃഗാശുപത്രിക്ക് അടുത്ത് എബിസി സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും വന്ധ്യംകരണം നടക്കുന്നുണ്ടായിരുന്നു.
എന്നാൽ, കോടതിവിധി മൂലം താൽക്കാലികമായി നിർത്തിവച്ചു.
ഇരിങ്ങാലക്കുട
നഗരസഭയിൽ ഷെൽറ്റർ ഹോം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതാണു പ്രശ്നം.
നഗരസഭയിൽ തെരുവുനായ്ക്കൾക്കു രണ്ടു ഘട്ടമായി വാക്സിനേഷൻ പൂർത്തിയാക്കിയിരുന്നു.
വടക്കാഞ്ചേരി
നഗരസഭയിൽ തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെൽറ്റർ ഹോമില്ല. എബിസി കേന്ദ്രം ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് സഹായത്തോടെ പദ്ധതി ഒരുക്കുന്നുണ്ട്.
തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന പദ്ധതി തുടരുന്നുണ്ടെന്നു നഗരസഭാധ്യക്ഷൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]