
തൃശൂർ ∙ ശക്തൻ നഗറിനെ തൃശൂർ നഗരത്തിന്റെ ഉപനഗരമായി വിഭാവനം ചെയ്യുന്ന ആയിരം കോടി രൂപയുടെ വികസനമാണ് കോർപറേഷന്റെ സ്വപ്ന പദ്ധതി. എന്നാൽ വികസനത്തിന് കോടികൾ ചെലവിടും മുൻപ് അടിയന്തരമായി ശക്തൻ സ്റ്റാൻഡിൽ നടത്തേണ്ട
അറ്റകുറ്റപ്പണിയാണ് യാത്രക്കാരുടെയും ബസ് തൊഴിലാളികളുടെയും സ്വപ്നം. കുന്നംകുളം–ഗുരുവായൂർ ബസ് ട്രാക്കിന്റെ കിഴക്കേമൂലയിൽ കടകളോടു ചേർന്ന് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വെള്ളത്തിൽ ചവിട്ടിയാണ് യാത്രക്കാരുടെ വരവും പോക്കും.
നിത്യേന ആയിരക്കണക്കിനു പേരെത്തുന്ന ശക്തൻ സ്റ്റാൻഡിന്റെ തൂണുകൾ ദ്രവിച്ച് കോൺക്രീറ്റ് അടർന്ന് നിലയിലാണ്.
മേൽക്കൂര ചോർച്ചയും ഉണ്ട്. പരിസരമാകെ വൃത്തിഹീനമാണ്.
ശുചിമുറികളിൽ നിന്നുള്ള ദുർഗന്ധവും രൂക്ഷമാണെന്ന് യാത്രക്കാരും ബസ് തൊഴിലാളികളും പറയുന്നു. കടമുറികൾക്കു മുകളിൽ ചെടികൾ മുളച്ചുപൊന്തി താഴേയ്ക്കു വേരൂന്നിയിട്ടും അറ്റകുറ്റപ്പണി നടത്താനോ ശുചീകരണത്തിനോ അധികൃതർ തുനിയുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു.കടകളിൽ നിന്നുള്ള മലിനജലം ഒഴുക്കാനെന്ന പേരിൽ രണ്ടര മാസം മുൻപാണ് സ്റ്റാൻഡിലെ ടൈൽസ് ഇളക്കിയിട്ടത്.
ഇവിടെ സ്ലാബിട്ട് അടച്ചില്ലെന്നു മാത്രമല്ല, പൊട്ടിയ ടൈൽസും കല്ലുകളും ഇതുവരെയും മാറ്റിയിട്ടില്ല.
ആളുകൾ കടകളിൽ കയറാതെ വന്നതോടെ അതതു കടക്കാർ തന്നെ കയ്യിൽ നിന്ന് ചെലവിട്ട് കടയുടെ മുൻവശത്ത് കോൺക്രീറ്റ് ചെയ്തു. കല്ലിൽ കാലുതട്ടി ആളുകൾ വീണു പരുക്കേൽക്കുന്നത് പതിവു കാഴ്ചയാണെന്നും ആഴ്ചകൾക്കു മുൻപ് കൊട്ടേക്കാട് സ്വദേശിനിക്ക് വീഴ്ചയിൽ താടിക്കു പരുക്കേറ്റിരുന്നുവെന്നും ബസ് തൊഴിലാളികൾ പറയുന്നു.
ആറു മാസങ്ങൾക്കു മുൻപ് ആണ് 2.60 കോടി രൂപ ചെലവിൽ ബസ് സ്റ്റാൻഡിന് അകത്തെ റോഡ് കോൺക്രീറ്റ് ചെയ്ത് തുറന്നു കൊടുത്തത്.
സ്റ്റാൻഡ് നവീകരണം പ്രഖ്യാപനത്തിൽ ഒതുങ്ങി. ശക്തൻ നഗർ വികസനത്തിനൊപ്പം സ്റ്റാൻഡ് ആധുനിക ബസ് ഹബ് ആക്കുമെന്നാണ് കോർപറേഷന്റെ പ്രഖ്യാപനം.
എന്നാൽ ഭരണം തീരാൻ മാസങ്ങൾ മാത്രം ശേഷിക്കെ സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ എങ്കിലും പരിഹരിക്കണമെന്നാണ് കച്ചവടക്കാർ, യാത്രക്കാർ, ബസ് തൊഴിലാളികൾ എന്നിവരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]