
ചുവന്നമണ്ണ് ∙ ദേശീയപാതയോരത്തു വൈദ്യുതലൈനിലേക്ക് ഒടിഞ്ഞു വീണ മരം വെട്ടിമാറ്റുന്നത് പഞ്ചായത്തും മറ്റു സ്ഥാപനങ്ങളും കൈയ്യൊഴിഞ്ഞു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ നാട്ടുകാർ ദുരിതത്തിലായി.
മരം നീക്കുന്നതു തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കെഎസ്ഇബിയും ദേശീയപാത കരാർ കമ്പനിയും പറഞ്ഞതിനു പിന്നാലെ പഞ്ചായത്തും കയ്യൊഴിഞ്ഞു. ആശുപത്രിയടക്കം സ്ഥാപനങ്ങളുള്ള പ്രദേശത്തു വൈദ്യുതി പുനഃസ്ഥാപിക്കാനാവാത്തത് ദുരിതം ഇരട്ടിയാക്കി.
തൃശൂർ ഭാഗത്തേക്കുള്ള റോഡിൽ ധർമോദയം ആശുപത്രിക്കു മുന്നിൽ പുറമ്പോക്കിൽ നിൽക്കുന്ന കൂറ്റൻ മദിരാശി മരമാണ് ശക്തമായ കാറ്റിൽ ചൊവ്വാഴ്ച രാത്രി വൈദ്യുതക്കമ്പികൾക്കു മുകളിൽ വീണത്.
മരം മുറിച്ചുമാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കെഎസ്ഇബി അധികൃതരെ സമീപിച്ചെങ്കിലും മരം മുറിച്ചു മാറ്റാനുള്ള ഫണ്ട് ഇല്ലെന്നും പഞ്ചായത്തിനെ സമീപിച്ച് ദുരന്തനിവാരണ നിയമം ഉപയോഗിച്ച് മുറിച്ചുമാറ്റാൻ അപേക്ഷ നൽകാനുമാണ് നിർദേശിച്ചത്.വൈദ്യുതി തടസ്സം പരിഹരിക്കാൻ മറ്റൊരു ലൈനിലൂടെ ചാർജ് ചെയ്തു നൽകാമെന്ന് ഉറപ്പും നൽകി.
എന്നാൽ ധർമോദയം ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും അറിയിച്ചു.
വീണു കിടക്കുന്ന മരം മുറിച്ചു മാറ്റുന്നതിനു പഞ്ചായത്തിന് അധികാരമില്ലെന്നു പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് നാട്ടുകാർ. മരം പുറമ്പോക്കിലായതിനാൽ തങ്ങൾക്കും ഒന്നും ചെയ്യാനില്ലെന്നു ദേശീയപാത കരാർ കമ്പനി ജീവനക്കാരും അറിയിച്ചു.
കാറ്റും മഴയും തുടർന്നാൽ മരത്തിന്റെ ബാക്കി ഭാഗം കൂടി നിലം പൊത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അങ്ങനെ വന്നാൽ കൂടുതൽ പോസ്റ്റുകൾ ഒടിഞ്ഞുവീഴുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.
ദുരന്തനിവാര സേനയെ ഉപയോഗപ്പെടുത്തി മരം വെട്ടിമാറ്റാൻ കഴിയുമോ എന്ന അന്വേഷണത്തിലാണ് നാട്ടുകാർ.എന്നാൽ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]