
എല്ലാ പണിയും തീർന്നപ്പോഴാണ് വാൽവ് സ്ഥാപിച്ചില്ലെന്നറിഞ്ഞത്; പ്രത്യേകം വാൽവ് സ്ഥാപിക്കും, പീച്ചി വെള്ളമെത്തും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുളങ്കുന്നത്തുകാവ്∙ ഇഎസ്ഐ ആശുപത്രിയിൽ പീച്ചി വെള്ളമെത്തിക്കുന്നതിന് നടപടി തുടങ്ങി. പീച്ചി ഡാമിൽ നിന്നു മെഡിക്കൽ കോളജിലെത്തുന്ന വെള്ളം പ്രത്യേകം വാൽവും വിതരണ ലൈനും സ്ഥാപിച്ച് അടുത്ത കോംപൗണ്ടിൽ പ്രവർത്തിക്കുന്ന ഇഎസ്ഐ നെഞ്ച്രോഗാശുപത്രിയിൽ എത്തിക്കുന്നതാണ് പദ്ധതി.
വാൽവിന് 3.5 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക വീണ്ടും ഇഎസ്ഐ കോർപറേഷനിൽ നിന്ന് ലഭിക്കുന്നതിന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി അനുമതി ലഭിക്കാൻ മാസങ്ങളെടുക്കും. എംപി ഫണ്ടിൽ നിന്നു പണം ലഭ്യമാക്കി വാൽവ് സ്ഥാപിച്ച് എത്രയും വേഗം ജല വിതരണം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
പദ്ധതി പ്രവർത്തനം നേരത്തെ പൂർത്തിയായെങ്കിലും വിതരണം നിയന്ത്രിക്കുന്ന വാൾവ് സ്ഥാപിക്കാത്തതിനാൽ വെള്ളം ആശുപത്രിയിലേക്ക് തുറന്നിരുന്നില്ല. മാസങ്ങളായി ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം നടത്തി വരുന്നത്. ആശുപത്രി കുളത്തിലെ വെള്ളം ശുചീകരിച്ച് ഉപയോഗിക്കാൻ നടപടി ഉണ്ടാകുന്നുമില്ല. പരാതി വ്യാപകമായതോടെ ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ഇന്നലെ ആശുപത്രിയിൽ പരിശോധന നടത്തി. ഇതേ തുടർന്നാണ് വാൽവ് സ്ഥാപിച്ച് വെള്ളമെത്തക്കാൻ ശ്രമമാരംഭിച്ചത്.
വിതരണ ലൈൻ സ്ഥാപിച്ച് വെള്ളം ആശുപത്രിയിലെത്തിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയത് ജല അതോറിറ്റിയാണ്. നിർദേശിച്ച തുക ഇഎസ്ഐ കോർപറേഷൻ ജല അതോറിറ്റിക്ക് കൈമാറി. ആശുപത്രി വളപ്പിൽ സംഭരണിയുടെയും വിതരണ ലൈനിന്റെയും ജോലികൾ പൂർത്തിയാക്കി മിച്ചം വന്ന തുക ജലഅതോറിറ്റി ഇഎസ്ഐ കോർപറേഷനിലേക്ക് തിരിച്ചടക്കുകയും ചെയ്തു. എന്നാൽ, വെള്ളം തുറക്കാൻ എത്തിയപ്പോഴാണ് വിതരണം നിയന്ത്രിക്കുന്നതിനുള്ള വാൾവ് സ്ഥാപിച്ചിട്ടില്ലെന്നു അറിഞ്ഞത്.