തൃശൂർ∙ കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർക്കെതിരെ ഡിസിസി യോഗത്തിൽ രൂക്ഷ വിമർശനം. സന്ദീപ് വാരിയർ തൃശൂരിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയാണെന്നും ഇതിനാണ് ബിജെപി നേതാവ് കെ.സുരേന്ദ്രനെ ഇവിടെ മത്സരിക്കാൻ വെല്ലുവിളിച്ചതെന്നും ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും പല നേതാക്കന്മാരും വിമർശനമുന്നയിച്ചു.
തൃശൂരിലെ പരിപാടികളിൽ ഇനി പങ്കെടുപ്പിക്കരുതെന്നും ആവശ്യമുയർന്നു. ഇന്നലെ ഡിസിസിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പ്രധാന നേതാക്കളുടെ യോഗത്തിലായിരുന്നു വിമർശനം.
തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയതിന് കെപിസിസി കാരണം കാണിക്കൽ നോട്ടിസ് നൽകിയ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിയെ ബഹിഷ്ക്കരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
എന്നാൽ, കോൺഗ്രസ് ഭരണഘടനപ്രകാരം കാരണംകാണിക്കൽ നോട്ടിസ് നൽകിയ ആളെ ബഹിഷ്കരിക്കാൻ കഴിയുമോ എന്ന ചോദ്യം ഉയർന്നതോടെ വിഷയത്തിൽ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ജില്ലയുടെ ചുമതലയുള്ള രാഷ്ട്രീയകാര്യസമിതി അംഗം ടി.സിദ്ദീഖ് എംഎൽഎ അറിയിച്ചു.
സുന്ദരൻ കുന്നത്തുള്ളി നടത്തിയതിന് സമാനമായ പ്രസംഗമാണ് എം.ഒ.ജോൺ അനുസ്മരണത്തിൽ കെ.മുരളീധരൻ നടത്തിയതെന്നും അതിനെതിരെ ആര് നടപടിയെടുക്കുമെന്നും ചിലർ ചോദ്യമുന്നയിച്ചു. ഡിസിസി ഓഫിസിൽ ദലിത് കോൺഗ്രസ് നേതാക്കന്മാരെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ജനറൽ സെക്രട്ടറിക്കെതിരായ പരാതിയിൽ നടപടിയെടുത്തില്ലെന്ന വിമർശനത്തിലും അന്വേഷണം നടത്താമെന്ന് ടി.സിദ്ദീഖ് അറിയിച്ചു. ഇരിങ്ങാലക്കുട, മാള ഉൾപ്പെടെ ജില്ലയിലെ കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റിയെയും നിയോഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

