
പുന്നംപറമ്പ് ∙ കുട്ടികളുടെ ജീവനു ഭീഷണിയായേക്കാവുന്ന നിലയിൽ നിൽക്കുന്ന സ്കൂൾ കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് തലപ്പിള്ളി തഹസിൽദാരുടെ റിപ്പോർട്ട്. മച്ചാട് വിഎൻഎംഎം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ 65 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കാനാണു തഹസിൽദാർ രാജേഷ് മാരാത്ത് കലക്ടർക്കും ജില്ലാ പഞ്ചായത്തിനും ശുപാർശ ചെയ്തത്.കെട്ടിടത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് 7 വർഷമായി ഇവിടേക്കു കുട്ടികളെ പ്രവേശിപ്പിക്കാറില്ല എന്നാണു സ്കൂൾ അധികൃതരുടെ വിശദീകരണമെങ്കിലും വാർഡ് അംഗം കെ.രാമചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ നേരിട്ടു സ്കൂളിലെത്തിയ തഹസിൽദാർ കണ്ടത് അപകടകരമായ അവസ്ഥയിലുള്ള കെട്ടിടത്തിനു താഴെ കുട്ടികൾ ഇരിക്കുന്നതും കളിക്കുന്നതുമൊക്കെയാണ്.
ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇവിടെനിന്നു മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.
ചെറിയൊരു കയറു കെട്ടി കെട്ടിടത്തിലേക്ക് ആരും പ്രവേശിക്കരുതെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ മറ്റു മുൻകരുതലുകളൊന്നും അധികൃതർ കൈക്കൊണ്ടിട്ടില്ല.ജില്ലാ പഞ്ചായത്തിനു കീഴിലുള്ളതാണു സ്കൂൾ. റോഡിനോടു ചേർന്നുള്ള കെട്ടിടമാണു ജീർണാവസ്ഥയിലുള്ളത്.
റോഡ് നിർമാണത്തിന്റെ ഭാഗമായി കാന കോരിയപ്പോൾ കെട്ടിടത്തിനു കൂടുതൽ ബലക്ഷയം സംഭവിച്ചു.കെട്ടിടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ പലതവണ ജില്ലാ പഞ്ചായത്തിന് അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ല.തുടർന്നാണു തെക്കുംകര പഞ്ചായത്ത് 18–ാം വാർഡ് അംഗം കെ.രാമചന്ദ്രൻ തഹസിൽദാർക്കു പരാതി നൽകിയത്. പരാതി ലഭിച്ച ഉടനെ തഹസിൽദാർ റവന്യു ഉദ്യോഗസ്ഥർക്കൊപ്പം സ്കൂളിൽ എത്തുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]