
ആശമാർക്ക് ഓണറേറിയം: പദ്ധതി രണ്ടാം മാസത്തിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ആശാ വർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി തൃശൂരിൽ നിന്നു തുടങ്ങിവച്ച പ്രതിമാസ ഓണറേറിയം വിതരണ പരിപാടി രണ്ടാം മാസത്തിലേക്ക്. പ്രതിമാസം ഒരു ആശാ വർക്കർക്ക് ഒരാൾ ആയിരം രൂപ വീതം നൽകുന്ന പദ്ധതി മല്ലിക സാരാഭായ് അവരുടെ ബാങ്ക് അക്കൗണ്ട് വഴി ആശാ വർക്കർക്ക് ഓണറേറിയം നൽകിയാണ് ഉദ്ഘാടനം ചെയ്തത്. ചിലർ പത്തും ഇരുപതും ആശമാരുടെ ഓണറേറിയം ഏറ്റെടുക്കാൻ തയാറായി. നൂറോളം പേരിൽ നിന്നായി 260 പേർക്ക് മേയ് മാസത്തെ ഓണറേറിയം വിതരണം ചെയ്തു.
ജൂൺ മാസം ഓണറേറിയം സ്വീകരിക്കാൻ താൽപര്യമുള്ള ആശാ വർക്കർമാർ അവരുടെ പേരും തിരിച്ചറിയൽ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകണമെന്ന് സംഘാടകരായ സിവിൽ സൊസൈറ്റി വിത്ത് ആശാ വർക്കേഴ്സ് ഭാരവാഹികൾ അറിയിച്ചു. ഓണറേറിയം നൽകാൻ തയാറുള്ളവരും സംഘാടകരുമായി ബന്ധപ്പെടണം. റജിസ്റ്റർ ചെയ്ത ആശമാരുടെ അക്കൗണ്ട് വിവരങ്ങൾ ഓണറേറിയം കൊടുക്കാൻ തയാറായവർക്കു കൈമാറും. പണം നേരിട്ട് അക്കൗണ്ടിലേക്കാണു കൈമാറേണ്ടത്. ഫോൺ: വി.കെ.ശശികുമാർ– 9447308582.
ആശാ വർക്കർമാർക്ക് ഓണറേറിയം പ്രഖ്യാപിച്ച് മാർ മിലിത്തിയോസ്
തൃശൂർ ∙ 10 ആശാ വർക്കർമാർക്ക് ഒരു വർഷത്തേക്കു മാസംതോറും 1000 രൂപ നൽകുമെന്നു ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് പ്രഖ്യാപിച്ചു. ആശാവർക്കർമാർ സംസ്ഥാനത്തു നടത്തുന്ന രാപകൽ സമരയാത്രയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരാൾക്ക് ഒരു ദിവസം ജീവിക്കാൻ 1000 രൂപയെങ്കിലും വേണമെന്നിരിക്കെ 230 രൂപയ്ക്ക് ആശാപ്രവർത്തകർ ജോലി ചെയ്യണമെന്നു പറയുന്നതു ധിക്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ സമരം 102 ദിവസം പൂർത്തിയാക്കിയതിനു 102 മധുര നാരങ്ങകൾ വിതരണം ചെയ്തു. രാപകൽ സമര യാത്ര നയിക്കുന്ന എം.എ.ബിന്ദുവിനെ വിവിധ സംഘടനകളുടെ പ്രതിനിധികൾ ഹാരം അണിയിച്ചു. ടി.വി.ചന്ദ്രമോഹൻ, പി.വി.കൃഷ്ണൻ നായർ, പ്രഫ.കുസുമം ജോസഫ്, കെ.അരവിന്ദാക്ഷൻ, അനിൽ അക്കര, ജോസ് മാറോക്കി എന്നിവർ പ്രസംഗിച്ചു.