
കലക്ടർ കണ്ണുരുട്ടി; ഒരാഴ്ചയ്ക്കുള്ളിൽ മണ്ണുത്തി-അങ്കമാലി സെക്ടറിലെ കുരുക്കഴിക്കാമെന്ന് ഹൈവേക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ ദേശീയപാതയിൽ മണ്ണുത്തി-അങ്കമാലി സെക്ടറിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ കർശന നിർദേശങ്ങളുമായി ജില്ലാ ഭരണകൂടം. ഒരാഴ്ചയ്ക്കുള്ളിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പു നൽകി. കലക്ടർ അർജുൻ പാണ്ഡ്യൻ വിളിച്ച് ചേർത്ത യോഗത്തിലാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. പരിശോധന നടത്തി 28ന് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസ്, ആർടിഒ, ചാലക്കുടി തഹസിൽദാർ എന്നിവർക്ക് കലക്ടർ നിർദേശം നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് നിർത്തി വയ്ക്കുന്ന ഉത്തരവ് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുമെന്നും കലക്ടർ അറിയിച്ചു.
രൂക്ഷമായ ഗതാഗതക്കുരുക്കുള്ള മേഖലകളിൽ ഗതാഗതനിയന്ത്രണത്തിന് ട്രാഫിക് വാർഡന്മാരെ എത്രയും വേഗം നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും തീരുമാനം ആയി. നിലവിൽ ഗതാഗതം വഴിതിരിച്ചു വിടുന്ന സ്ഥലങ്ങളിൽ വ്യക്തമായ സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി യോഗത്തിൽ അഭിപ്രായം ഉയർന്നു. നിർമാണം നടക്കുന്ന മേഖലകളിൽ രാത്രിയിലും കാണാനാകുന്ന തരത്തിലുള്ള ലൈറ്റിങ് സംവിധാനം വേണമെന്നുള്ള ആവശ്യവും പെട്ടെന്ന് നടപ്പിലാക്കാൻ ദേശീയപാത അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകി.
ഗതാഗത സംവിധാനത്തെ കുറിച്ച് എല്ലാ ആഴ്ചയിലും ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അവലോകനം നടത്തും. യോഗത്തിൽ ഡപ്യൂട്ടി കലക്ടർ സി.എസ്. സ്മിത റാണി, തഹസിൽദാർമാരായ കെ.എം.സിവീഷ് സാഹു, കെ.എം ജേക്കബ്, എം.എസ്. കിഷോർ, ഒല്ലൂർ എസിപി എസ്.പി.സുധീരൻ, ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷ്, തൃശൂർ റൂറൽ ഡിവൈഎസ്പി എസ്.വൈ.സുരേഷ്, ആർടിഒ എൻഫോഴ്സ്മെന്റ് പി.വി.ബിജു തുടങ്ങിയവർ പ്രസംഗിച്ചു.