പാലിയേക്കര ∙ മടവാക്കരയിൽ കൊച്ചി–സേലം എൽപിജി പൈപ്ലൈനിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് വീടൊഴിഞ്ഞു പോകേണ്ടി വന്ന കുടുംബങ്ങൾ തിരിച്ചെത്തിത്തുടങ്ങി. ബുധനാഴ്ചയാണ് പൈപ്പ് മാറി തുളച്ചതിനെ തുടർന്ന് വാതക ചോർച്ചയുണ്ടായത്.
സമീപത്തെ 18 വീട്ടുകാരെയാണ് ഒഴിപ്പിച്ചത്. വീട്ടിലേക്ക് തിരിച്ചെത്താനാകാത്തതിനെ തുടർന്ന് വീട്ടുകാർ ഇന്നലെ ഉച്ചയ്ക്ക് മടവാക്കരയിൽ പ്രതിഷേധിച്ചിരുന്നു.
തുടർന്ന് കെഎസ്പിപിഎൽ, ബിപിസിഎൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തി. വീടൊഴിഞ്ഞു പോകേണ്ടിവന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കെഎസ്പിപിഎൽ കമ്പനി അധികൃതർ അറിയിച്ചു.
സമീപത്തെ 2 വീടുകളിൽ പാചകവാതകം ഉപയോഗിക്കരുതെന്ന് നിർദേശമുണ്ട്.
മറ്റുള്ളവർക്ക് സാധാരണപോലെ താമസം തുടരാം. വീട് പൂട്ടിയിടേണ്ടി വന്നവർക്കും കച്ചവട
സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നവർക്കും വളർത്തു മൃഗങ്ങളെയും കന്നുകാലികളെയും നഷ്ടപ്പെട്ടവർക്കും നഷ്ടങ്ങൾ കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിന് ജില്ല ദുരന്ത നിവാരണ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു. മടവാക്കരയിൽ പ്രതിഷേധവുമായി എത്തിയ നാട്ടുകാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കെഎസ്പിപിഎൽ കമ്പനി എച്ച്ആർ മാനേജർ വി.എം.ശെൽവം, പ്രോജക്ട് മാനേജർ സി.എഫ്.ലെനീഷ്, ബിപിസിഎൽ പൈപ്ലൈൻ ഓപ്പറേഷൻ മാനേജർ വി.ജെ.വിനീത് എന്നിവരാണ് നാട്ടുകാരുമായി സംസാരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.ആർ.സുരേഷ് എന്നിവരും പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വാതകച്ചോർച്ച പരിഹരിക്കപ്പെട്ട
സ്ഥിതിക്ക് വീടുകളിലേക്ക് മാറാൻ അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കമ്പനി അധികൃതർ അംഗീകരിച്ചു. ഇതോടെയാണ് വൈകിട്ട് കുടുംബങ്ങൾക്ക് വീടുകളിലേക്ക് മാറാനായത്.
പ്രദേശവാസികളുടെ വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. വൈദ്യുതി പുനഃസ്ഥാപിച്ചു.
വാതകച്ചോർച്ച പരിഹരിച്ചെങ്കിലും പൈപ്പിലെ അറ്റകുറ്റപ്പണികൾക്ക് ഇനിയും ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇറങ്ങിപ്പോയത് ഒരുക്കങ്ങളില്ലാതെ
വാതകചോർച്ചയുണ്ടായതോടെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവശ്യസാധനങ്ങൾ പോലും കരുതാതെ വീടൊഴിഞ്ഞ മടവാക്കരയിലെ ഒരു കൂട്ടം വീട്ടുകാർ തിരിച്ചെത്തിയത് വൈകിട്ട്. പലരും ബന്ധുവീടുകളിലാണ് താമസിച്ചത്.
കുട്ടികളുടെ വിദ്യാഭ്യാസവും ദൈനംദിന ജീവിതവും താളംതെറ്റിയ നിലയിലായിരുന്നു. കുട്ടികളുടെ പരീക്ഷയ്ക്ക് ആവശ്യമായ പുസ്തകങ്ങൾ പോലും കൃത്യമായി എടുക്കാനാകാതെയാണ് വീട്ടുകാർ മാറിയത്.
പരീക്ഷ കഴിഞ്ഞ് കുട്ടികൾ എത്തിയത് ബന്ധുവീടുകളിലേക്കായിരുന്നു.
വേഗത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയും കരുതാനായില്ല. പിന്നീട് വളർത്തുമൃഗങ്ങളെ മാറ്റാനായി.
അവയ്ക്കുള്ള ഭക്ഷണം എടുക്കാനും നിയന്ത്രണം ഉണ്ടായി. എന്തെങ്കിലും ആവശ്യത്തിന് വീട്ടിലേക്ക് ചെല്ലാനും പൈപ്ലൈൻ കമ്പനി അധികൃതർ സമ്മതിച്ചിരുന്നില്ല.
തിരിച്ചെത്തിയപ്പോൾ വീടുകളിലെ ഫ്രിജിലാണ് കൂടുതൽ പണി കിട്ടിയത്. പ്രദേശത്തെ വൈദ്യുതി ഓഫാക്കിയിരുന്നതിനാൽ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും നശിച്ചു.
കടകളിലെയും ഫ്രീസറിലെ സാധനങ്ങൾ നശിച്ചു.
ദുരന്തമുണ്ടായപ്പോൾ അനുഭാവപൂർവമല്ല ഉദ്യോഗസ്ഥർ പെരുമാറിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് ഉണ്ടായ ദുരന്തത്തിൽ അനാവശ്യ നിയന്ത്രണങ്ങൾ ഏൽക്കേണ്ടിവന്നത് നാട്ടുകാർക്കാണ്.
ബിപിസിഎൽ പൈപ്പിൽ തുളയ്ക്കേണ്ടതിനു പകരം തൊട്ടടുത്തുണ്ടായിരുന്ന എൽപിജി പൈപ്ലൈനിൽ തുളച്ചതാണ് വാതകച്ചോർച്ചയ്ക്ക് കാരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

