തൃശൂർ ∙ പ്രാദേശിക ഭരണ നിർവഹണത്തിനൊപ്പം ജനകീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും അതതു സ്ഥാപനങ്ങളിലെ വരണാധികാരികളും ജില്ലാ പഞ്ചായത്തിലും തൃശൂർ കോർപറേഷനിലും കലക്ടർ അർജുൻ പാണ്ഡ്യനും ഏറ്റവും മുതിർന്ന അംഗത്തിന് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഓരോ തദ്ദേശ സ്ഥാപനത്തിലും ഏറ്റവും പ്രായം കൂടിയ അംഗത്തെയാണ് വരണാധികാരികൾ ആദ്യം പ്രതിജ്ഞയെടുപ്പിച്ചത്. പിന്നാലെ ഈ മുതിർന്ന അംഗം മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചു.
ശേഷം സത്യപ്രതിജ്ഞാ റജിസ്റ്ററിലും കക്ഷിബന്ധ റജിസ്റ്ററിലും ഇവർ ഒപ്പിട്ടു. തുടർന്ന് മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ പുതിയ ഭരണസമിതിയുടെ ആദ്യ യോഗവും നടന്നു. തദ്ദേശ സ്ഥാപന അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പായിരുന്നു ആദ്യ യോഗത്തിലെ അജൻഡ. ഈ അറിയിപ്പ് യോഗങ്ങളിൽ അവതരിപ്പിച്ചു.
തൃശൂർ കോർപറേഷൻ
ജനപ്രതിനിധികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവിധ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും നിറഞ്ഞ കൗൺസിൽ ഹാളിൽ തൃശൂർ കോർപറേഷനിലെ 56 ഡിവിഷനിലെയും കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു.
കൗൺസിലർമാർക്ക് സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്താൻ കഴിയാത്ത വിധം ഹാളിനുള്ളിൽ ജനത്തിരക്കുണ്ടായിരുന്നു. ഏറ്റവും പ്രായം കൂടിയ അംഗവും തുടർച്ചയായി ഏഴാം തവണ കൗൺസിലറുമായ കാളത്തോട് ഡിവിഷനിലെ എം.എൽ. റോസിയാണ് (72) ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ബാക്കി 55 ഡിവിഷനിലെയും കൗൺസിലർമാരെ ക്രമത്തിൽ മുൻ ഡപ്യൂട്ടി മേയർ കൂടിയായ റോസി സത്യപ്രതിജ്ഞ ചെയ്യിച്ചു.
കാര്യാട്ടുകര ഡിവിഷനിൽ നിന്നു വിജയിച്ച കോൺഗ്രസ് അംഗം കെ.സുമേഷ് ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രതിജ്ഞയെടുത്തത്.
പാട്ടുരായ്ക്കലിൽ നിന്നു വിജയിച്ച ബിജെപി അംഗം എ.വി. കൃഷ്ണമോഹൻ ആദ്യം വടക്കുന്നാഥന്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
എന്നാൽ ഉടൻ തന്നെ ദൈവനാമത്തിൽ എന്ന് തിരുത്തുകയും ചെയ്തു. ഇരിപ്പിടങ്ങളിലേക്കു മടങ്ങും മുൻപ് കലക്ടർ എല്ലാവർക്കും റോസാപ്പൂ സമ്മാനിച്ച്, ആശംസകൾ നേർന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം എം.എൽ. റോസിയുടെ അധ്യക്ഷതയിൽ പുതിയ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗവും ചേർന്നു.
ചടങ്ങുകൾക്കായി കോർപറേഷൻ ഓഫിസ് പരിസരവും കൗൺസിൽ ഹാളും പൂക്കൾ, ബലൂൺ എന്നിവയാൽ അലങ്കരിച്ചിരുന്നു. അധികാരമേൽക്കൽ ചടങ്ങു നടന്ന കൗൺസിൽ ഹാളിന് പുറത്തും വൻ ജനക്കൂട്ടമുണ്ടായിരുന്നു. കോർപറേഷൻ അങ്കണത്തിൽ രണ്ടിടത്ത് സജ്ജീകരിച്ച വലിയ ഡിജിറ്റൽ സ്ക്രീനിൽ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്തു. ചടങ്ങിനു ശേഷം കോൺഗ്രസ്, ബിജെപി കൗൺസിലർമാരെ ഷാൾ അണിയിച്ച് അതതു പ്രവർത്തകർ സ്വീകരിച്ചു. മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ എംഎൽഎ, മുൻ മേയർ എം.കെ.
വർഗീസ്, മുൻ കൗൺസിലർമാരായ രാജൻ ജെ.പല്ലൻ, ഐ.പി. പോൾ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ ചടങ്ങിനെത്തി.
ജില്ലാ പഞ്ചായത്ത്
തൃശൂർ ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട
30 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ കലക്ടർ മുതിർന്ന അംഗം വാഴാനി ഡിവിഷനിലെ മേരി തോമസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മേരി തോമസ് തുടർന്ന് മറ്റ് അംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം ജില്ലാ പഞ്ചായത്തിന്റെ ഭരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾക്കായി യോഗം ചേർന്നു. പി.ബാലചന്ദ്രൻ എംഎൽഎ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.
പ്രിൻസ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ എന്നിവരും മുൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
അധ്യക്ഷ തിരഞ്ഞെടുപ്പ് 26, 27 തീയതികളിൽ
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നഗരസഭകളിലെയും തൃശൂർ കോർപറേഷനിലെയും അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് (ചെയർപഴ്സൻ, മേയർ) 26ന് രാവിലെ 10.30ന് നടക്കും. ഡപ്യൂട്ടി ചെയർപഴ്സൻ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്ന് 2.30നാണ്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

