
കൊടുങ്ങല്ലൂർ ∙ റോഡരികിൽ കഞ്ഞിക്കട നടത്തുന്ന സ്ത്രീയുടെ 33,000 രൂപ എക്സൈസ് ഓഫിസർ ആണെന്നു തെറ്റിദ്ധരിപ്പിച്ചു തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം വൈക്കം ഇരുമുട്ടിത്തറ ഷിജിലാലിനെ (38) ആണ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ വാങ്ങി നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
മേത്തല കീഴ്ത്തളിയിൽ കഞ്ഞിക്കട നടത്തുന്ന തിരുത്തിപ്പുറം സ്വദേശി സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്.
സമീപത്തെ മിനി സിവിൽ സ്റ്റേഷനിലെ എക്സൈസ് ഓഫിസിലെ ഓഫിസർ ആണെന്നു പറഞ്ഞാണ് ഷിജിലാൽ കഞ്ഞിക്കടയിൽ എത്തിയത്.
ഒന്നിലേറെ തവണ കഞ്ഞിക്കടയിൽ വന്നു പരിചയപ്പെട്ടതോടെ കടയിലെ ഉപയോഗത്തിനു മൊബൈൽ ഫോണിന്റെ ആവശ്യം പരാതിക്കാരി സ്ത്രീ ഷിജിലാലിനെ അറിയിച്ചു. കൊച്ചിയിലുള്ള തന്റെ സഹോദരന്റെ മൊബൈൽ ഷോപ്പിൽ നിന്നു തവണ വ്യവസ്ഥയിൽ മൊബൈൽ ഫോൺ വാങ്ങി നൽകാമെന്നായിരുന്നു ഷിജിലാലിന്റെ വാഗ്ദാനം.
ഓഗസ്റ്റ് 14ന് 2000 രൂപ പരാതിക്കാരി ഷിജിലാലിന് നൽകി. പിന്നീട് 16ന് പരാതിക്കാരിയുടെ എടിഎം കാർഡും നൽകി. കാർഡ് മുഖേന പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നു പണം എടുക്കുകയായിരുന്നു.
പ്രതിയുടെ പ്രവൃത്തിയിൽ സംശയം തോന്നിയ പരാതിക്കാരി മകനെ വിളിച്ച് അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോഴാണ് 31,000 രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്.
ആദ്യം അഡ്വാൻസ് വാങ്ങിയ രണ്ടായിരം ഉൾപ്പടെ പരാതിക്കാരിയുടെ 33,000 രൂപ നഷ്ടപ്പെട്ടു.പിന്നീട് പ്രതിയെ വിളിച്ചപ്പോൾ രാത്രി പണം തിരികെ നൽകാമെന്നു പറഞ്ഞെങ്കിലും അതിനു ശേഷം പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ പ്രതിയെ കൊച്ചിയിൽ നിന്നു പിടികൂടുകയായിരുന്നു.ഇൻസ്പെക്ടർ ബി. കൃഷ്ണകുമാർ, എസ്ഐമാരായ കെ.ജി.സജിൽ, പി.എഫ്.തോമസ്, ടി.ജി.സാബു, സിപിഒ മാരായ ധനേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]