
പുതു നിർമാണ മാതൃക: അലവി സെന്റർ-കനകമല റോഡ് നിർമാണത്തിനു തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലക്കുടി ∙ കാലങ്ങളായി ഗതാഗത യോഗ്യമല്ലാതെ തകർന്നു കിടന്നിരുന്ന അലവി സെന്റർ -കനകമല റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന (പിഎംജിഎസ്വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി 3.41 കോടി രൂപ ചെലവിലാണു 3.67 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ നിർമാണം. നഗരസഭയെയും കൊടകര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. കനകമല തീർഥാടന കേന്ദ്രത്തിലേക്കുള്ള പ്രധാന മാർഗമാണ്. വർഷങ്ങളായി റോഡ് തകർന്നു കിടന്നതു കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു.
ബെന്നി ബഹനാൻ എംപിയുടെയും സനീഷ്കുമാർ ജോസഫ് എംഎൽഎയുടെയും ശ്രമഫലമായാണ് റോഡ് പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചതെന്നു നഗരസഭാധികൃതർ അറിയിച്ചു.സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണു റോഡിന്റെ നിർമാണം. റോഡ് നിർമാണത്തിനുള്ള കല്ലും മെറ്റലും ഉൾപ്പെടെ സാമഗ്രികൾ കിട്ടുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാൽ നിലവിലുള്ള റോഡിലെ സാമഗ്രികൾ തന്നെ പരമാവധി ഉപയോഗപ്പെടുന്നതാണു പുതിയ സാങ്കേതികവിദ്യ. ഇതിലൂടെ പുതിയ റോഡ് നിർമാണത്തിനുള്ള സാമഗ്രികൾ 75 ശതമാനത്തോളം ഇതിൽ നിന്നു തന്നെ ലഭ്യമാക്കാനാകും.
വലിയ മെഷിനറികൾ ഉപയോഗിച്ചു നിലവിലുള്ള റോഡ് പൂർണമായും പൊളിച്ചു ടാറും കല്ലും മണ്ണും പൊടിച്ച ശേഷം സിമന്റും കെമിക്കലും കൂട്ടി യോജിപ്പിച്ചാണു റോഡിൽ വിരിക്കുന്നത്. ഇതു ബലമേറിയ കംപ്രസർ ഉപയോഗിച്ച് റോൾ ചെയ്ത ശേഷം ഇതിനു മുകളിൽ പ്രത്യേക തരം ഷീറ്റ് വിരിച്ച് അതിന് മുകളിലാണു പുതിയ ടാറിങ് നടത്തുക. 3.75 മീറ്റർ വീതിയിൽ ടാറിങും ഇതിന് ഇരു ഭാഗത്തും കോൺക്രീറ്റും ചെയ്യും. മഴവെള്ളം ഒഴുകി പോകുന്നതിനുള്ള കൽവർട്ടുകളും നിർമിക്കും.കേരളത്തിൽ സമീപകാലത്തു നടപ്പിലാക്കി തുടങ്ങിയ ഈ സാങ്കേതിക വിദ്യയിൽ, തൃശൂർ ജില്ലയിലെ ആദ്യത്തെ നിർമാണമാണ് ഇത്. ഈ റോഡിന്റെ തുടർച്ചയായി രണ്ടാം ഘട്ടം ജെടിഎസ് – പേരാമ്പ്ര റോഡ് നിർമാണത്തിന് 2.78 കോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
റോഡ് നിർമാണം വിലയിരുത്താൻ നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, നഗരസഭാ വാർഡ് കൗൺസിലർമാരായ ജോയ് ചാമവളപ്പിൽ, സൗമ്യ വിനേഷ്, നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ ബിജു എസ്.ചിറയത്ത്, മുൻ നഗരസഭാധ്യക്ഷരായ വി.ഒ.പൈലപ്പൻ, ആലീസ് ഷിബു, പൊതു പ്രവർത്തകരായ വി.എം.ആന്റു, ഷൈൻ മുണ്ടക്കൽ, ബൈജു അറക്കൽ, ഷിഫ സന്തോഷ്, ടി.എ.ശിവരാമൻ, പി.കെ.അരുൺകുമാർ, ജോസ് കോച്ചേക്കാടൻ, പുഷ്പാകരൻ പള്ളാടൻ, റഹ്മത്തുള്ള മടപ്പിള്ളി, ജോണി മഞ്ഞാങ്ങ എന്നിവർ സ്ഥലത്തെത്തിയിരുന്നു. 5 ദിവസത്തിനകം റോഡ് പൊളിച്ച് ഇതേ മെറ്റീരിയൽസ് ഉപയോഗിച്ചു വിരിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കും. തുടർന്ന് റോഡിന്റെ നിർമാണോദ്ഘാടനം എംപി, എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
ചാലക്കുടി ∙ അലവി സെന്റർ -കനകമല റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ സാഹചര്യത്തിൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.