
അനുഗൃഹീതൻ ആന്റണി: ലാളിത്യം നിത്യതയിൽ; സമാധാനത്തിന്റെ, കരുണയുടെ നല്ല ഇടയന് വിട
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അനുഗൃഹീതൻ ആന്റണി
തൃശൂർ ∙ മുത്തമെന്നാൽ സ്നേഹമാണെന്നു മാത്രം തിരിച്ചറിയുന്ന രണ്ടു വയസ്സുകാരനായിരുന്നു അന്ന് ആന്റണി ടോണി. സ്നേഹത്തിന്റെ മാലാഖയെ പോലൊരു മുഖം അടുത്തു കിട്ടിയ മാത്രയിൽ ആരും പറയാതെ തന്നെ ആന്റണി കവിളിൽ ചുംബിച്ചതും അതുകൊണ്ടാണ്. ഫ്രാൻസിസ് മാർപാപ്പയായിരുന്നു അതെന്നും അന്നത്തെ മുത്തം ലോകം കൊതിക്കുന്ന അനുഗ്രഹമാണെന്നും തിരിച്ചറിഞ്ഞതു മുതൽ ആന്റണി അപൂർവ അനുഗ്രഹത്തിന്റെ നിർവൃതിയിലാണ്. മാർപാപ്പയുടെ വിയോഗ ദുഃഖത്തിലും ആ മുത്തത്തിന്റെ മധുരം ആന്റണിക്ക് അനുഭവിക്കാനാകുന്നുണ്ട്.
തൃശൂർ വെസ്റ്റ് പാലസ് റോഡ് കാഞ്ഞിരപ്പറമ്പിൽ ടോണിയുടെയും റീത്തുവിന്റെയും മകനായ ആന്റണി (10) ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ആന്റണിക്കു 2 വയസ്സുള്ളപ്പോഴാണ് ഇവർ സകുടുംബം വത്തിക്കാൻ യാത്ര പുറപ്പെട്ടത്. അപ്പൂപ്പൻ കുഞ്ഞുവാറു, അമ്മൂമ്മ ഷീല, ഇളയച്ഛൻ ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്ക കാണണമെന്ന ആഗ്രഹം ഏറെക്കാലമായി എല്ലാവർക്കുമുണ്ടായിരുന്നു. ബുധനാഴ്ചകളിൽ രാവിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മാർപാപ്പ തന്റെ പാപ്പാ മൊബീലിൽ വിശ്വാസികൾക്കു മുന്നിലെത്തുമെന്നറിഞ്ഞിരുന്നതിനാൽ ഈ ദിവസം കണക്കാക്കിയായിരുന്നു യാത്ര. 2017 ജൂൺ 7നു വിശ്വാസികൾക്കു നടുവിൽ ബാരിക്കേഡിനോടു ചേർന്നു കുഞ്ഞിനെ കയ്യിലെടുത്തു നിന്നതു കുഞ്ഞുവാറുവാണ്.
ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്നതിനാൽ ഫ്രാൻസിസ് മാർപാപ്പ അപൂർവം കുഞ്ഞുങ്ങളെ മാത്രമാണ് അടുത്തേക്കു ചേർത്തതും അനുഗ്രഹിച്ചതും. മാർപാപ്പയ്ക്കു മുന്നിലേക്കു പ്രതീക്ഷയോടെ കുഞ്ഞുവാറു ആന്റണിയെ നീട്ടി. മൊബീൽ നിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ കുഞ്ഞിനെ വാരിയെടുത്തു മാർപാപ്പയ്ക്കരികിലേക്കു നീട്ടി. പുഞ്ചിരിയോടെ മാർപാപ്പ കുഞ്ഞിനെ ചേർത്തുപിടിച്ചു. അടുത്ത നിമിഷം ആന്റണി മാർപാപ്പയുടെ കവിളിൽ സ്നേഹചുംബനം നൽകി. മാർപാപ്പ തലയിൽ കൈവച്ച് അനുഗ്രഹമേകി. ആറോ ഏഴോ നിമിഷങ്ങൾക്കു ശേഷം കുഞ്ഞ് തിരികെ കുഞ്ഞുവാറുവിന്റെ കൈകളിലെത്തുമ്പോൾ കുടുംബമാകെ സന്തോഷത്താൽ തുളുമ്പുന്ന അവസ്ഥയിലായിരുന്നു.