ചാലക്കുടി ∙ കത്തുന്ന വൈക്കോലുള്ള ലോറി ഡ്രൈവർ പായിച്ചത് 20 കിലോമീറ്ററിലേറെ. നിർത്തിയാൽ തീ ആളിക്കത്തുമെന്ന ഭയത്താൽ വാഹനം നിർത്താതെ വാഹനങ്ങൾക്കും ആൾത്തിരക്കിനും ഇടയിലൂടെ പായിച്ച് മാള കുഴൂരിൽ നിന്നു ചാലക്കുടി വരെ എത്തിച്ചു.
ആളിപ്പടർന്നുതുടങ്ങിയിരുന്ന തീ അഗ്നിരക്ഷാസേന എത്തി ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമം കൊണ്ട് അണച്ചപ്പോൾ വഴി മാറിയതു വൻ ദുരന്തം.
അഗ്നിരക്ഷാസേനയുടെ ചാലക്കുടി, മാള, പുതുക്കാട് എന്നിവിടങ്ങളിൽ നിന്ന് 4 യൂണിറ്റ് എത്തിയാണു തീയണച്ചത്.
മാള കുഴൂർ കാക്കുളശേരിയിൽ റോഡിനു കുറുകെ കടന്നുപോയ വൈദ്യുത ലൈനിൽ ലോറിയിലെ വൈക്കോൽ തട്ടിയതോടെയായിരുന്നു തീപിടിത്തം. കോട്ടയത്തു നിന്നു കുഴൂരിലേക്കു വൈ ക്കോലുമായി പോകുകയായിരുന്ന ലോറിയിൽ തീ പടരാൻ തുടങ്ങിയതോടെ ഡ്രൈവർ വിജിൽ, വാഹനം നിർത്താതെ ചാലക്കുടി ഭാഗത്തേക്ക് ഓടിക്കുകയായിരുന്നു.
ലോറിക്കു തീ പിടിച്ചെന്ന വിവരം ലഭിച്ച ചാലക്കുടി, മാള എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന മാള കാക്കുളശ്ശേരിയിലേക്കു കുതിച്ചെങ്കിലും ലോറി നിർത്താതെ പോയി. അന്നമനട
വഴി കൊരട്ടിയിലെത്തിയ ലോറി ദേശീയപാതയിലൂടെ തൃശൂർ ദിശയിൽ പാഞ്ഞു.
അഗ്നിരക്ഷാ സേന അടുത്തെത്തിയതോടെ ചാലക്കുടി പുഴപ്പാലത്തിനും മേൽപാലത്തിനും ഇടയിൽ ഡി സിനിമാസിന് എതിർവശത്തെ പാതയിലാണ് വാഹനം നിർത്തിയത്. ദേശീയപാതയിൽ ഇരുവശത്തെയും ഗതാഗതം തടസ്സപ്പെട്ടതു മണിക്കൂറുകളോളമാണ്.
ലോറി നിർത്തിയാൽ തീ എൻജിനിലേക്കും വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വേഗത്തിൽ പടരാമെന്ന ആശങ്ക കാരണമാണു വാഹനം നിർത്താതിരുന്നതെന്നു ഡ്രൈവർ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇന്നലെ വൈകിട്ട് 5നു ഇതുവഴി കടന്നുപോകുന്നുവെന്ന വിവരം ഉണ്ടായിരുന്നതിനാൽ വൻ സുരക്ഷ ഒരുക്കിയ പാതയിലാണ് അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്.
ഗുജറാത്ത് മുഖ്യമന്ത്രി നേരത്തെ അറിയിച്ചതിലും രണ്ടു മണിക്കൂർ വൈകി ഇതുവഴി കടന്നു പോയി. അപ്പോഴേക്കും ഗതാഗതക്കുരുക്കിന് അയവു വന്നിരുന്നു.
വെള്ളം പമ്പ് ചെയ്തു നനച്ചിട്ടും തീ അണയാൻ വൈകിയതോടെ ക്രെയിൻ എത്തിച്ച് വൈക്കോൽ റോഡിലേക്കു തട്ടിയിട്ടു.
വെള്ളം പമ്പ് ചെയ്തതിനു പുറമേ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചു തീ തല്ലിക്കെടുത്തുകയും ചെയ്തു. നാട്ടുകാരും ഇതിൽ പങ്കാളികളായി.
തീയണയ്ക്കുന്നതിനു ഫയർ സ്റ്റേഷൻ ഓഫിസർമാരായ ബി.രാജേഷ്കുമാർ, സന്തോഷ്കുമാർ (പുതുക്കാട്), നിധിൻ (മാള) എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

