
ഇരുട്ടിനറിയില്ല; ഈസ്റ്റേത് വെസ്റ്റേതെന്ന്: ട്രെയിൻ കാത്തുനിൽക്കേണ്ടത് ഇരുട്ടിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂങ്കുന്നം ∙ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കേണ്ടത് ഇരുട്ടിൽ. പ്ലാറ്റ്ഫോമിന്റെ ഭൂരിഭാഗം ഇടങ്ങളിലും സാമൂഹിക വിരുദ്ധർ. ഇനി, എന്തെങ്കിലും പ്രശ്നമുണ്ടായി പൊലീസിനെ വിളിച്ചാലോ? അവർ ആദ്യം ചോദിക്കും; ഏത് പ്ലാറ്റ്ഫോമിലാണ് സംഭവം? കാരണം, ഒന്നാം നമ്പർ പ്ലാറ്റ്ഫോം ഈസ്റ്റ് സ്റ്റേഷന്റെ പരിധിയാണെങ്കിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോം വെസ്റ്റ് പരിധിയിലാണ്. ട്രാക്കിൽ വച്ച് വല്ലതും സംഭവിച്ചാലോ? രണ്ടിടത്തേക്കും മാറിമാറി വിളിക്കാം.
രാത്രി സ്ഥിരം യാത്രക്കാരടക്കം ഏറെപ്പേർ വന്നിറങ്ങുന്നതും കയറാനുള്ളതുമായ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമിലും വേണ്ടത്ര വിളക്കുകൾ ഇല്ല. ഉള്ളവയിൽ ചിലതു തന്നെ മരത്തിന്റെ ഇലകൾ പടർന്ന് വെളിച്ചം മറഞ്ഞിരിക്കുന്നു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ആണ് സാമൂഹിക വിരുദ്ധർ ഏറെയും തമ്പടിക്കുക. മദ്യപർ തമ്മിലും യാത്രക്കാരുമായും തർക്കിക്കന്നതൊക്കെ ഇവിടെ പതിവാണ്. പൊലീസ് എത്താത്തതിനാൽ യാത്രക്കാരല്ലാത്തവരെ സ്റ്റേഷനിൽ നിന്നു പുറത്താക്കാൻ റെയിൽവേ ജീവനക്കാർക്കും ധൈര്യമില്ല.
എറണാകുളം – ഗുരുവായൂർ പാസഞ്ചർ രാത്രി 9.30ന് എത്തുമ്പോൾ ഒട്ടേറെ യാത്രക്കാരാണ് വന്നിറങ്ങുന്നത്. യാത്രക്കാരെ കൂട്ടാനായി എത്തുന്നവർ ഏറെ നേരം സ്റ്റേഷനിൽ നിൽക്കേണ്ട സാഹചര്യവുമുണ്ട്. പലരും ഭീതിയോടെയാണ് പ്ലാറ്റ്ഫോമിൽ നിൽക്കുക. 11.24ന് ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസും രാത്രി 10.50ന് ഷൊർണൂർ– തൃശൂർ പാസഞ്ചറും 11.36ന് ഗുരുവായൂർ– ചെന്നൈ എഗ്മോർ എക്സ്പ്രസും പൂങ്കുന്നത്ത് നിർത്തുന്നവയാണ്.പൊലീസ് സാന്നിധ്യം ഇവിടെ ഉറപ്പാക്കാനും അധികാരപരിധിയുടെ സങ്കീർണത ഇല്ലാതാക്കാനും കമ്മിഷണറുടെ ഇടപെടൽ വേണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം.