അന്തിക്കാട്∙ പാട്യംകാരനായ ശ്രീനിവാസനും അന്തിക്കാടുകാരനായ സത്യനും ഒന്നുചേർന്നാൽ പിന്നെ ചിന്ത ഒരേ വിധത്തിലായിരുന്നു. ഇരുവരുടെയും ജീവിത സാഹചര്യങ്ങളുടെ സമാനതകളാണ് അതിനൊരു കാരണം.
പാട്യവും അന്തിക്കാടും– നെൽകൃഷിയും ചെത്തും വിപ്ലവവുമുള്ള രണ്ട് ഗ്രാമങ്ങൾ, കമ്യൂണിസത്തിന്റെ വിപ്ലവഭൂമികൾ. ഇരുവരും ഒരുമിച്ച സിനികളിലും ഈ നാടുകളിൽ അവർ കണ്ട
രാഷ്ട്രീയവും കഥാപാത്രങ്ങളും തമാശകളും സങ്കടങ്ങളും പ്രതിസന്ധികളും തെളിഞ്ഞു കാണാം.
‘എന്റെ മനസ്സ് വായിച്ചെടുക്കാൻ ശ്രീനിവാസനറിയാം’ എന്ന് സത്യൻ അന്തിക്കാട് പറയുന്നതിന്റെ പൊരുൾ ഈ സാമ്യമാണ്. ഒന്നിച്ചിരുന്ന് തിരക്കഥ ചർച്ച ചെയ്യുമ്പോൾ എന്തെങ്കിലും ചോദിക്കാനൊരുങ്ങിയാൽ ശ്രീനിവാസൻ പറയും ‘സത്യൻ ചോദിക്കാൻ വരുന്നത് ഇന്ന കാര്യമല്ലേ’.
അതായിരുന്നു ഇരുവരുടെയും ബന്ധത്തിന്റെ ഇഴയടുപ്പം. ഒരു തമാശ പറഞ്ഞാൽ ശ്രീനിവാസന് അത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നതാണ് സത്യൻ അന്തിക്കാടിന്റെ അനുഭവം.
അവരുടെ ബന്ധത്തിന്റെ ‘രസതന്ത്രം’ അതായിരുന്നു.
സിബി മലയിലിന്റെ ‘മുത്താരംകുന്ന് പിഒ’ എന്ന സിനിമയുടെ പ്രിവ്യൂ കണ്ടതുമുതലാണ് ശ്രീനിവാസൻ സത്യൻ അന്തിക്കാടിന്റെ മനസ്സിൽ കയറിയത്. ‘തമാശ’ നല്ലതുപോലെ കൈകാര്യം ചെയ്യുന്ന ശ്രീനിവാസനെ സത്യന് നന്നേ പിടിച്ചു. അതാണ് പിന്നീട് ഇരുവരും ഒന്നിച്ച മോഹൻലാൽ നായകനായ ‘ടി.പി.
ബാലഗോപാലൻ എംഎ’ എന്ന സിനിമയുടെ പിറവിയിലേക്ക് നയിച്ചത്. അവിടന്നിങ്ങോട്ട് അന്തിക്കാടിനും പാട്യത്തിനുമിടയിലെ ദൂരം വളരെ ചെറുതായി വന്നു.
സത്യന്റെ അന്തിക്കാട്ടെ പഴയ വീട്ടിലും പുതിയ വീട്ടിലും ശ്രീനിവാസൻ പല തവണ വന്നിട്ടുണ്ട്.
ആ വീട്ടിൽ ഒരു അംഗത്തെ പോലെയാണ് ശ്രീനിവാസൻ. സാധാരണക്കാരിൽ സാധരണക്കാരായി അവർ അന്തിക്കാട്ടെ ഇടവഴികളിലൂടെ നടന്നു.
കോൾപടവിലെ സത്യൻ അന്തിക്കാടിന്റെ കൃഷിയിടങ്ങളും ഗ്രാമത്തിന്റെ പച്ചപ്പും ശ്രീനിവാസൻ വളരെയധികം ഇഷ്ടപ്പെട്ടു. സത്യൻ അന്തിക്കാടിന്റെ ആദ്യത്തെ കാറിനുമുണ്ട് ശ്രീനി ഓർമകൾ.
അന്തിക്കാടെത്തുമ്പോൾ ശ്രീനിവാസൻ ഈ കാർ ഓടിക്കാനെടുക്കും. ഇരുവരുടെയും പല കഥകളും തിരക്കഥകളും ചർച്ച ചെയ്തിട്ടുള്ളതും ഈ കാറിനുള്ളിലാണ്.
പുറമേയ്ക്ക് ഗൗരവമെന്ന് തോന്നിക്കുന്ന പല രാഷ്ട്രീയ സംഭവങ്ങളും ഇരുവരും നിരീക്ഷിക്കും.
അതിലെ തമാശ ഇവർക്ക് വേഗം മനസ്സിലാകുകയും ചെയ്യും. അതിൽ നിന്നാണ് ക്ലാസിക് രാഷ്ടീയ ആക്ഷേപഹാസ്യ സിനിമയായ സന്ദേശത്തിന്റെ പിറവി.
തിരക്കഥ ആദ്യമേ ചർച്ച ചെയ്തെങ്കിലും ലൊക്കേഷനിലെ ലൈറ്റിന്റെയും ജനറേറ്ററിന്റെയുമൊക്കെ പിന്നിലിരുന്നാണ് പതിവുപോലെ ശ്രീനിവാസൻ സീനുകൾ എഴുതിയത്. ഷൂട്ടിങ്ങിന്റെ തൊട്ടു മുൻപായിരുന്നു ‘പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്’ എന്ന പ്രസിദ്ധമായ ഡയലോഗിന്റെ പിറവി.
എഴുതി കിട്ടിയ സീൻ വായിച്ച് സത്യൻ അന്തിക്കാട് ചിരിച്ചുപോയി.
ഒരു ലൈറ്റിന്റെ പിന്നിൽ ചാരക്കളർ ഷർട്ട് ധരിച്ച് ആ സമയം നിൽക്കുന്ന ശ്രീനിവാസൻ ഇന്നും സത്യൻ അന്തിക്കാടിന്റെ മനസ്സിലെ തിളങ്ങുന്ന ഓർമയാണ്. ഒന്നിച്ചിരുന്ന് ഒന്നോ രണ്ടോ മാസങ്ങളെടുത്ത് ആലോചിച്ചാണ് ഇരുവരും തിരക്കഥ തയാറാക്കുക. ശ്രീനിവാസൻ എഴുതുന്ന സമയം സത്യൻ അന്തിക്കാടും പ്രധാനകാര്യങ്ങൾ എഴുതി വയ്ക്കും.
പിന്നീട് സീനുകളായി മാറ്റിയെഴുതുമ്പോൾ വിട്ടുപോയേക്കാവുന്ന കാര്യങ്ങൾ ശ്രീനിവാസനെ ഓർമിപ്പിക്കാനായിരുന്നു അത്. വർഷങ്ങൾക്ക് മുൻപ് സത്യന്റെ വീടുപണി നടക്കുന്ന കാലം.
ഇരുവരും അന്തിക്കാട്ടെ ഇടവഴികളിലൂടെ നടക്കാനിറങ്ങിയതാണ്.
പുതിയ വീട് പണിയെക്കുറിച്ചു സംസാരിച്ചാണ് നടപ്പ്. എതിരെ സൈക്കിളിൽ വന്ന നാട്ടുകാരൻ നിർത്തി കുശലം പറഞ്ഞു.
ഒപ്പമുള്ളത് ആരാണെന്ന് മനസ്സിലാകാതിരുന്ന അദ്ദേഹം ശ്രീനിവാസനെ കാണുമ്പോൾ പറയണമെന്ന് സൂചിപ്പിച്ച് ഒരു നെഗറ്റീവ് കമന്റും പാസ്സാക്കി, അത് ശ്രീനിവാസനോട് പറയണമെന്നും പ്രത്യേകം പറഞ്ഞു. മറുപടി പറഞ്ഞത് ശ്രീനിവാസൻ തന്നെയാണ്– ‘ആളെ കാണുമ്പോൾ പറയാം’.
പിന്നീടൊരിക്കൽ ഈ സംഭവം അന്തിക്കാട്ടെ സെലിബ്രേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ഒരു പരിപാടിയിൽ വച്ച് സത്യൻ തമാശയായി പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് ഒരാൾ എണീറ്റ് നിന്ന് ‘അത് ഞാനാണ്’ എന്ന് പറഞ്ഞതോടെ ഓഡിറ്റോറിയം ചിരിയിൽ മുങ്ങി. ഇരുവരും ഒന്നിച്ച ‘തലയണമന്ത്രം’ എന്ന സിനിമയുടെ പേര് തിരക്കഥയെഴുതിയ ശ്രീനിവാസന് ഇഷ്ടമല്ലായിരുന്നു.
തുടക്കം മുതലേ ഈ പേരിടാനായിരുന്നു സത്യന് ഇഷ്ടമെങ്കിലും ശ്രീനിയുടെ താൽപര്യം കൂടി പരിഗണിച്ച് പേരിടൽ അവസാനത്തേക്ക് മാറ്റി. ഒരു പേരും കിട്ടാതെ വന്നപ്പോൾ തലയണമന്ത്രം എന്ന പേരുതന്നെ ഉറപ്പിച്ചു.
സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ ‘ഈ പടത്തിന് ഈ പേരല്ലാതെ മറ്റൊന്നിടാൻ പറ്റില്ലെന്ന് ശ്രീനിവാസൻ തന്നെ സത്യൻ അന്തിക്കാടിനോട് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

