ചാലക്കുടി ∙ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായകരമാകുന്ന ട്രാംവേ – റെയിൽവേ സ്റ്റേഷൻ ബൈപാസ് റോഡിന്റെ നിർമാണം ആരംഭിച്ചു. ആനമല ജംക്ഷൻ മുതൽ നോർത്ത് ജംക്ഷൻ വരെ പഴയ ദേശീയപാതയിലെ ഗതാഗതക്കുരുക്കും യാത്രാക്ലേശവും പരിഹരിക്കുന്നതിനുള്ള ശാശ്വതപദ്ധതിയാണിത്.
ട്രാംവേ റോഡിൽ നിന്ന് ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തു കൂടെ റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിച്ചേരുംവിധമാണ് റോഡ് നിർമിക്കുന്നത്. 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന് ആവശ്യമായ 70 സെന്റ് ഭൂമി ഊക്കൻ മാർട്ടിൻ, വക്കച്ചൻ എന്നിവരുടെ കുടുംബങ്ങളാണു നഗരസഭയ്ക്ക് സൗജന്യമായി വിട്ടുനൽകിയത്.
നിലമായി കിടന്നിരുന്ന ഈ ഭൂമി സർക്കാരിൽ നിന്നു തരംമാറ്റി കിട്ടാൻ ഒന്നര വർഷത്തോളം സമയമെടുത്തു.
ഡിപ്പാർട്ട്മെന്റ് തലത്തിലും സർക്കാരിലും തുടർച്ചയായി ഇടപെട്ടാണു ഏതാനും മാസം മുൻപു ഭൂമി തരംമാറ്റി അനുമതി ലഭിച്ചത്. തുടർന്ന് ആദ്യഘട്ടം നിർമാണത്തിന് 40 ലക്ഷം രൂപ നഗരസഭ വകയിരുത്തി.
പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചു. ടെൻഡർ നടപടികളും പൂർത്തിയാക്കി. മണ്ണ് നിറച്ചു റോഡ് ഉയർത്തലും കലുങ്ക് നിർമാണവും ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയത്.
നിലവിൽ ആനമല ജംക്ഷൻ മുതൽ ട്രങ്ക് റോഡ് ജംക്ഷൻ വരെയുള്ള പഴയ ദേശീയപാതയിലെ ഗതാഗതക്കുരുക്കു കാരണം മാള, പടിഞ്ഞാറെ ചാലക്കുടി ഭാഗങ്ങളിൽ നിന്നു വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അടിപ്പാത കടന്നു സർവീസ് റോഡിലൂടെയാണു സർവീസ് നടത്തുന്നത്.
പുതിയ റോഡ് പൂർത്തിയാകുന്നതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെ മുഴുവൻ വാഹനങ്ങൾക്കും ഈ റോഡിലൂടെ നോർത്ത് ജംക്ഷനിൽ എത്തി സുഗമമായി പോകാനാവും. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ, നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ കെ.വി.പോൾ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു എസ്.ചിറയത്ത്, മുൻ നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭാ വാർഡ് കൗൺസിലർമാരായ നീത പോൾ, ജോർജ് തോമസ്, നഗരസഭയ്ക്കു സ്ഥലം സൗജന്യമായി നൽകിയ മാർട്ടിൻ ഊക്കൻ എന്നിവർ എത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

