അതിരപ്പിള്ളി ∙ ചാലക്കുടി–മലക്കപ്പാറ സംസ്ഥാനപാതയിൽ കാട്ടാന കബാലി മൂലമുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കാൻ സാധിക്കാതെ വനംവകുപ്പും പൊലീസും വലയുന്നു. അവധി ദിവസങ്ങളിൽ വനപാതയിൽ അനുഭവപ്പെടുന്ന വാഹനങ്ങളുടെ തിരക്കും പ്രശ്നമാണ്.
ഞായർ ഉച്ചയ്ക്കു രണ്ടര മുതൽ ഷോളയാർ ഭാഗത്ത് ആനയിറങ്ങി 18 മണിക്കൂറോളം യാത്രാ തടസ്സം നേരിട്ടു. കാട്ടിൽ അകപ്പെട്ട
വാഹനങ്ങളിലെ കുഞ്ഞുങ്ങളും പ്രായമായവരും വെള്ളം പോലും കിട്ടാതെ പ്രതിസന്ധിയിലായി. ഞായർ ഉച്ചയ്ക്കു രണ്ടരയോടെയാണ് ഷോളയാർ ഭാഗത്ത് ആന മറിച്ച പന റോഡിനു കുറുകെ വീണത്.
തുടർന്ന് ആന പന തിന്നാൻ ഇറങ്ങിയതിനാൽ ഇരുവശങ്ങളിലേക്കും വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ആ സമയം, അതുവഴി വന്ന ബസിൽ ഉണ്ടായിരുന്ന മലക്കപ്പാറ എസ്ഐ ജെയ്സൺ ജോസഫ്, കണ്ടക്ടർ ജോസ് എന്നിവരുടെ സമയോചിത ഇടപെടൽ അപകടങ്ങൾ ഒഴിവാക്കി. ഇരുവരും ആനയെ കാണാൻ വാഹനങ്ങളിൽ നിന്ന് ഇറങ്ങിയ വിനോദ സഞ്ചാരികൾക്കു അപകട
മുന്നറിയിപ്പ് നൽകിയതിനാൽ അധികമാരും വാഹനത്തിൽ നിന്നു പുറത്തിറങ്ങിയില്ല.
ആനയെ റോഡിൽ നിന്നു മാറ്റാൻ ശ്രമിച്ച ഫോറസ്റ്റ് ഡ്രൈവറും ജീപ്പും ആനയുടെ മുൻപിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ജീപ്പിനു നേരെ ആന തിരിഞ്ഞ നേരത്ത് ബൈക്കുകൾ കൂട്ടത്തോടെ എത്തിയത് ഉദ്യോഗസ്ഥരെ വട്ടംകറക്കി.
നാല് ബൈക്കുകൾക്കും രണ്ടു കാറുകൾക്കും ആനയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.
വനപാതയിൽ കുടുങ്ങിയ സഞ്ചാരികൾക്ക് അതിരപ്പിള്ളി പൊലീസ് വെള്ളവും ഭക്ഷണവും എത്തിച്ചു. ഞായർ രാത്രി എട്ടു മണിയോടെ ആന റോഡിൽ നിന്നു മാറിയ ഉടനെ പത്തോളം വാഹനങ്ങൾ കഷ്ടിച്ച് ഇരുവശങ്ങളിലേക്കും കടന്നു.
പിന്നീട് ആന വീണ്ടും റോഡിൽ ഇറങ്ങിയതിനാൽ ഞായർ രാവിലെ ഏഴു മണിവരെ നൂറിലധികം വാഹനങ്ങൾ കാട്ടിൽ കുടുങ്ങി.
ആന തുടർച്ചയായി യാത്ര തടസ്സപ്പെടുത്തുന്നതിനാൽ സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി യാത്രാനിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ഉയരുന്നുണ്ട്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഇതുവഴി യാത്രാനുമതി നൽകിയിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

