വിയ്യൂർ∙ സെൻട്രൽ ജയിൽ സർക്കാരിന് വരുമാന സ്രോതസ്സായി മാറുന്നു. ജയിലിലെ മനുഷ്യശേഷിയും ഭൂമിയും പരമാവധി ഉപയോഗപ്പെടുത്തി മാലിന്യസംസ്കരണം, പച്ചക്കറിക്കൃഷി, പൂക്കൃഷി, പെട്രോൾ വിൽപന, ഭക്ഷണവിൽപന തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കിട്ടുന്ന പണമാണ് ചെലവു കഴിച്ച് സർക്കാരിലേക്ക് അടയ്ക്കുന്നത്.
ജയിൽ തോട്ടത്തിൽ നിന്നു ലഭിക്കുന്ന വാഴയിലയിൽ പൊതിഞ്ഞാണ് ഫുഡ് യൂണിറ്റ് വഴി ബിരിയാണി വിതരണം നടക്കുന്നത്. നേരത്തെ 3.75 രൂപ നിരക്കിൽ വാങ്ങുന്ന അലൂമിനിയം ഫോയിലുകളിലാണു ബിരിയാണി പൊതിഞ്ഞ് നൽകിയിരുന്നത്.
അലൂമിനിയം ഫോയിൽ വാഴയിലയിലേക്കു വഴിമാറിയതു വഴി 3 ലക്ഷം രൂപയുടെ ചെലവ് ഫുഡ് യൂണിറ്റിൽ കുറയ്ക്കാൻ കഴിഞ്ഞു.
രണ്ട് രൂപ നിരക്കിലാണ് വാഴയില വിൽക്കുന്നത്. വാഴയില കച്ചവടത്തിൽ മാത്രം ഇതുവരെ 55,000 രൂപയാണ് സർക്കാരിലേക്ക് അടച്ചത്.അടുക്കളയിലേക്ക് ആവശ്യമായ കറിവേപ്പില ജയിലിൽ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്.
ഇതുവഴി ബിരിയാണി തയാറാക്കുന്നതിൽ മാത്രം പ്രതിമാസം 1000 രൂപ ലാഭിക്കാനായി.
ജയിലിൽ എത്തുന്ന പ്ലാസ്റ്റിക് ചാക്കുകൾ ചെറു ക്യാരിബാഗുകളാക്കി രൂപമാറ്റം വരുത്തി 10 രൂപ നിരക്കിൽ ഭക്ഷണവിൽപന കൗണ്ടറിലൂടെ വിൽക്കുന്നുണ്ട്. രണ്ട് രൂപ ലഭിക്കുന്ന പഴയ ഒരു ചാക്കിൽ നിന്ന് 4 ക്യാരിബാഗുകൾ ഉണ്ടാക്കി 40 രൂപയാണ് വരുമാനമുണ്ടാക്കുന്നത്.
ജയിലിലെ കൈത്തറി യൂണിറ്റിൽ ഉണ്ടാകുന്ന കോട്ടൺ വേസ്റ്റ് വർക്ഷോപ്പുകൾ, പോളി ടെക്നിക് ലാബുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് വിൽപന നടത്തി മാസം 18,000 രൂപയുടെ വരുമാനം ജയിലിൽ ഉണ്ടാക്കുന്നുണ്ട്.
ജയിലിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഫ്രീഡം പെട്രോൾ പമ്പിൽ ഇരുചക്ര വാഹനങ്ങൾക്ക് സൗജന്യമായി ഓയിൽ മാറ്റി നൽകുന്നുണ്ട്. ഓയിൽ മാറുമ്പോൾ വാഹനങ്ങളിലെ പഴയ ഓയിൽ നീക്കം ചെയ്ത് സൂക്ഷിക്കും.
ഈ ഓയിൽ വിൽപനയിലൂടെ പോയ വർഷം 42,000 രൂപയാണ് വരുമാനം ഉണ്ടാക്കിയത്. ഓണക്കാലത്ത് പൂക്കളുടെ വിൽപനയ്ക്ക് ഒരുങ്ങുകയാണ് ജയിൽ.
തുടർച്ചയായ മഴ ഈ വർഷത്തെ പൂക്കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് കെ.സുനിൽകുമാർ പറഞ്ഞു. 18,000 രൂപയുടെ ബന്ദിപ്പൂക്കളാണ് പോയ ഓണത്തിന് വിൽപന നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

