
തൃശൂർ ∙ ആന്ധ്രപ്രദേശിൽ നിന്നു കുടിവെള്ള പൈപ്പുകളുമായി എത്തിയ 28 നാഷനൽ പെർമിറ്റ് ലോറികൾ ലോഡ് ഇറക്കാൻ സ്ഥലം ലഭിക്കാതെ 4 ദിവസമായി ദേശീയപാതയിൽ. 3 മലയാളികളും തമിഴ്നാട്, കർണാടക സ്വദേശികളും അടക്കം 32 ഡ്രൈവർമാരാണ് വാടാനപ്പള്ളിക്കും ഏങ്ങണ്ടിയൂരിനും ഇടയിൽ ദേശീയപാത–66 നിർമാണ പ്രവൃത്തികൾ നടക്കുന്ന ആശാൻ റോഡ് പരിസരത്ത് കുടുങ്ങിക്കിടക്കുന്നത്.
പ്രദേശത്ത് കുടിവെള്ള പദ്ധതിക്കായി എത്തിച്ച പൈപ്പുകൾ ഇറക്കാൻ സ്ഥലവും മരാമത്ത് വകുപ്പിന്റെ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് ജല അതോറിറ്റിയുടെ കരാറുകാരൻ മുഹമ്മദ് അലി ഡ്രൈവർമാരെ അറിയിച്ചത്. എന്നാൽ ലോഡുകൾ പുറപ്പെട്ട് മൈസൂരു പിന്നിട്ട
ശേഷമാണ് വിവരം നൽകിയതെന്ന് കാഞ്ഞങ്ങാട് സ്വദേശിയായ ഡ്രൈവർ കെ.അഷറഫ് പറഞ്ഞു.
ഇത്രയും വാഹനങ്ങൾ നിർത്തിയിടാൻ കഴിയാത്തതിനാൽ യാത്ര തുടരുന്നതായി അറിയിച്ചിട്ടും ലൊക്കേഷൻ നൽകാനോ വിളിച്ചാൽ ഫോണെടുക്കാനോ കരാറുകാരൻ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. കരാറുകാരൻ ഫോൺ എടുക്കാത്തതിനാൽ സൈറ്റ് സൂപ്പർവൈസറായ മുഹമ്മദ് അഫ്സലിനെ മലയാള മനോരമ ബന്ധപ്പെട്ടപ്പോൾ ദേശീയപാതയ്ക്ക് അരികിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പൈപ്പുകൾ ഇറക്കാൻ മരാമത്ത് വകുപ്പിന്റെ അനുമതിയായിട്ടുണ്ടെന്നും ഞായറാഴ്ച ക്രെയിൻ ലഭിക്കാത്തതിനാൽ ലോഡ് ഇറക്കാൻ കഴിഞ്ഞില്ലെന്നും ഇന്ന് 2 ക്രെയിനുകൾ സഹിതം ലോഡ് ഇറക്കുമെന്നും പറഞ്ഞു.
എന്നാൽ പ്രതിദിന ഹാൾട്ടിങ് ചാർജ് 3000 രൂപ നൽകാതെ ലോഡ് ഇറക്കാൻ സമ്മതിക്കില്ലെന്നാണ് ഡ്രൈവർമാരുടെ തീരുമാനം.
ബുധനാഴ്ച ആന്ധ്രയിലെ അനന്തപുരം ജില്ലയിലെ ബൊമ്മനഹള്ളിലുള്ള ജെഎസ്എഡബ്യു കമ്പനിയിൽ നിന്നാണ് ലോഡ് കയറ്റിയത്. 20 മണിക്കൂർ എടുത്താണ് 700 കിലോമീറ്ററിലധികം പിന്നിട്ട് വാടാനപ്പള്ളിയിലെത്തിയത്.
ലൊക്കേഷൻ നൽകാത്തതിനാൽ ബില്ലിൽ നൽകിയ അൺലോഡിങ് വിലാസം കണ്ടെത്തിയാണ് ദേശീയപാതയിൽ ഗതാഗതം ഒഴിച്ചിടത്ത് വാഹനങ്ങൾ നിർത്തിയത്.
ലോറി ഒന്നിന് 50000 രൂപ നിശ്ചിത നിരക്കിലാണ് വാടക പുറപ്പെട്ടത്. ബുക്കിങ് ഓഫിസ് കമ്മിഷൻ 1000 രൂപയും ഡീസൽ 23,000 രൂപയും ടോൾ ഫീ 4000 രൂപയും അടക്കം 28,000 രൂപയാണ് ഒരു ലോഡിന് ചെലവിട്ടത്.
ആകെ 6000 രൂപ മാത്രമാണ് ഡ്രൈവർക്കു ലഭിക്കുന്ന ചെലവുകാശ്. ഭക്ഷണം, വെള്ളം, മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമായി ഈ നാലുദിവസത്തിനകം ചെലവുകാശ് തീർന്നു.
ജിഎസ്ടി ഇ–വേ ബില്ലിന്റെ കാലാവധി ഇന്ന് കഴിയും. കുളിക്കാനുള്ള സൗകര്യമോ മാറിയിടാൻ വസ്ത്രമോ ഇല്ലാത്ത അവസ്ഥയാണെന്ന് കോട്ടയം സ്വദേശി ലിയാക്കത്തും തിരൂർ സ്വദേശി മുനീറും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]