
സൂക്ഷിച്ചോ, തലയിൽ മരം വീണേക്കാം: തൃപ്രയാർ സംസ്ഥാന പാതയോരത്തെ കൂറ്റൻ തണൽമരങ്ങൾ തുടർച്ചയായി നിലംപൊത്തുന്നു
ചേർപ്പ് ∙ തൃപ്രയാർ സംസ്ഥാന പാതയോരത്തടക്കം റോഡരികിൽ നിൽക്കുന്ന കൂറ്റൻ തണൽ മരങ്ങൾ തുടർച്ചയായി വീഴുന്നത് വാഹനയാത്രക്കാരുടെ ജീവന് ഭീഷണിയായി മാറുന്നു. മഴക്കാലം ആരംഭിച്ചതുമുതൽ മാത്രം അഞ്ചോളം കൂറ്റൻ മരങ്ങൾ കടപുഴകി വീഴുകയും ചില്ലകൾ ഒടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്.പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തങ്ങൾ ഒഴിവാകുന്നത്.
കഴിഞ്ഞ ദിവസവും കനത്ത മഴയിൽ ഹെർബർട്ട് കനാലിന് സമീപത്തെ റോഡരികിലെ കൂറ്റൻ മാവ് കടപുഴകി വീണിരുന്നു. പാടത്തേക്ക് വീണതിനാൽ അപകടം ഒഴിവായി.
മരങ്ങളുടെ കടഭാഗത്ത് വേണ്ടത്ര മണ്ണ് ഇല്ലാത്തതും തടി ദ്രവിച്ചതും മരത്തിന്റെ ഉള്ളിലെ കാതൽ പൊള്ളയായതുമാണ് മിക്ക മരങ്ങളും വീഴാൻ കാരണമാകുന്നത്. മഴക്കാലത്തിന് മുൻപ് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ ചില്ലകളും അപകടാവസ്ഥയിലുള്ള മരങ്ങളും മുറിച്ചുമാറ്റണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെടുന്നതാണെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. പഞ്ചായത്ത്, പൊലീസ്, വനം വകുപ്പ് അധികൃതർ ഉൾപ്പെടുന്ന ട്രീ കമ്മിറ്റി ചേർന്ന് അപകടാവസ്ഥയിലുള്ള മരങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റുവാൻ തീരുമാനമെടുക്കുന്നതാണ് രീതി.
എന്നാൽ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുമ്പോഴും ഇക്കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്. ചാഴൂർ പഞ്ചായത്തിന് കീഴിൽ വരുന്ന അപകടാവസ്ഥയിലുള്ള മരങ്ങൾ കണ്ടെത്തി അടിയന്തരമായി മുറിച്ചുമാറ്റാൻ വേണ്ട
നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.കെ.ഇബ്രാഹിം അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. വലിയ മരങ്ങൾ കടപുഴകി വീഴുന്നതിനെത്തുടർന്ന് വലിയ തോതിൽ മണ്ണ് ഇളകി ടാറിങ് തകരുന്നതായും ഇബ്രാഹിം ആരോപിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]