
സമരത്തെ പേടിച്ച് നടപടിക്കൊരുങ്ങി നഗരസഭ; ബസ് സ്റ്റാൻഡ്– എകെപി റോഡിലെ കുഴികൾ നികത്താൻ നടപടി
ഇരിങ്ങാലക്കുട∙ അപകടക്കുഴികൾ നിറഞ്ഞ ബസ് സ്റ്റാൻഡ്– എകെപി റോഡിലൂടെയുള്ള സ്വകാര്യ ബസുകളുടെ സർവീസ് ബഹിഷ്കരിക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ മുന്നറിയിപ്പിന് തൊട്ടുപിറകെ, റോഡിലെ കുഴികൾ നികത്താൻ നഗരസഭ നടപടി ആരംഭിച്ചു. എങ്കിലും മഴയെത്തുടർന്ന് നിർമാണ പ്രവൃത്തികൾ നിർത്തിവച്ചു. ഇന്നലെ രാവിലെ ജെസിബി ഉപയോഗിച്ച് റോഡ് നിരപ്പാക്കുന്ന പണികൾ നടത്തി ജിഎസ്ഡി ഇട്ടെങ്കിലും മഴയിൽ ഇത് ഉറയ്ക്കാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചു.
വരും ദിവസങ്ങളിൽ മഴ കുറഞ്ഞാൽ ജിഎസ്ഡി ഇട്ട് കുഴികൾ നികത്തുന്ന പണികൾ നടത്താനാണു തീരുമാനം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകളുടെ സർവീസ് ബഹിഷ്കരിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം അറിയിച്ചത്.
കാലവർഷത്തിൽ റോഡ് നവീകരണം നടത്താൻ പറ്റാതെ വന്നതോടെയാണ് താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നത്. രാവിലെ നഗരത്തിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി 5 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ നടത്തിയെങ്കിലും കുഴികൾ നികത്താൻ ഫണ്ട് തികഞ്ഞിരുന്നില്ല.
പരാതികളെത്തുടർന്ന് സംസ്ഥാന പാത നവീകരണ പ്രവൃത്തികൾ നടത്തുന്ന കെഎസ്ടിപി ടാറിങ് വേസ്റ്റ് തട്ടി കുഴികൾ നികത്തിയെങ്കിലും മഴയിൽ റോഡ് വീണ്ടും തകർന്നു. റോഡിന്റെ നവീകരണ പ്രവൃത്തികൾ മഴയ്ക്ക് ശേഷം ആരംഭിക്കാനാണ് നഗരസഭയുടെ തീരുമാനം.ഇതിനായി ഓൺ ഫണ്ടിൽനിന്നു 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
23ന് ചേരുന്ന കൗൺസിൽ യോഗത്തിന്റെ അനുമതിയോടെ തുടർനടപടികൾ സ്വീകരിക്കുമെന്നും പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]