
കോൺക്രീറ്റിങ്ങിൽ വീഴ്ച: പുളിക്കലച്ചിറ പാലം നിർമാണം നിർത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പായമ്മൽ∙ പടിയൂർ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിർമാണം നിലച്ചു. പാലത്തിന്റെ പില്ലർ ക്യാപ് കോൺക്രീറ്റിങ്ങിൽ ഗുണനിലവാര പരിശോധനയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് നിർമാണം നിർത്തിവച്ചത്. ഇതിൽ സംശയം ഉയർന്നതോടെ ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത് വന്നു. തുടർന്ന് മരാമത്ത് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതോടെയാണ് നിർമാണത്തിലെ വീഴ്ച പുറത്ത് വന്നത്. തുടർന്ന് ഇരു പഞ്ചായത്തുകളുടെയും പ്രസിഡന്റുമാരും ജനപ്രതിനിധികളും ജനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം കഴിഞ്ഞ ദിവസം ചേർന്നു.
തൂണുകൾക്കും മേൽത്തട്ടിനും ഇടയിൽ ചെയ്ത കോൺക്രീറ്റ് ഗുണനിലവാരം കുറഞ്ഞതാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇത് പരിഹരിച്ച് പാലം നിർമാണം പുനരാരംഭിക്കുമെന്നും ഗതാഗതത്തിനായി താൽക്കാലിക റോഡ് ബലപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. 1.62 കോടി രൂപ ചെലവഴിച്ചാണ് പടിയൂർ പഞ്ചായത്തിന്റെ ഭാഗമായ പുളിക്കലച്ചിറ പാലം പുനർനിർമിക്കുന്നത്.
ജൂലൈയിൽ ആരംഭിക്കുന്ന നാലമ്പല തീർഥാടന കാലത്തിന് മുൻപ് തുറന്നു കൊടുക്കും എന്ന തീരുമാനത്തിലാണ് നിർമാണം ആരംഭിച്ചത്. പായമ്മൽ ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലെ നാലമ്പല ദർശനം കഴിഞ്ഞ് ഭക്തരുടെ വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന റോഡാണിത്. പാലത്തിന്റെ വീതി കുറവുമൂലം കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വെള്ളം തടഞ്ഞു നിന്ന് പ്രദേശം മുഴുവൻ വെള്ളക്കെട്ടിലായിരുന്നു. തുടർന്നാണ് വീതികൂട്ടി പുതിയ പാലം നിർമിക്കാൻ തീരുമാനമായത്.
പാലം നിർമാണം അഴിമതിയുടെ കൂടാരമായി മാറിയെന്ന് ബിജെപി ആരോപിച്ചു. തൂണിന്റെ ഗുണനിലവാരം ഉറപ്പാക്കാതെ തുടർന്നും നിർമാണം നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസ് എടുക്കണമെന്നും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കണമെന്നും ബിജെപി പടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനോയ് കോലാന്ത്ര ആവശ്യപ്പെട്ടു.
പുളിക്കലച്ചിറ പാലം നിർമാണം അഴിമതിയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുംമൂലം നിർത്തിവയ്ക്കേണ്ടി വന്നതിനെ പറ്റി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാലമ്പല ദർശനത്തിന് വരുന്ന വാഹനങ്ങൾ സുരക്ഷിതമായി കടന്ന് പോകാൻ ബദൽ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.