
കെണിയെത്തി; പുലി വീഴുമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറങ്ങര ∙ മേഖലയിൽ ദിവസങ്ങളായി ജനങ്ങളുടെ ഉറക്കം കെടുത്തുന്ന പുലിയെ പിടികൂടാനായി വനംവകുപ്പ് കൂട് എത്തിച്ചെങ്കിലും ഇന്നലെ കെണി ഒരുക്കിയില്ല. മംഗലശേരിയിൽ പാടശേഖരത്തോടു ചേർന്ന് എത്തിച്ച കൂടിനകത്ത് ഇന്ന് ഇരയായി നായയെ കെട്ടിയിട്ടു കൂടു പ്രവർത്തനസജ്ജമാക്കുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനായി നായയെ നാട്ടുകാരുടെ സഹകരണത്തോടെ എത്തിക്കും. പുലിയുടെ താവളം തിരിച്ചറിയാനായി വനംവകുപ്പ് ഡ്രോൺ പരിശോധന നടത്തിയെങ്കിലും ഇനിയും കൃത്യമായി പുലി എവിടെയെന്നു കണ്ടെത്താനായില്ല.
പുലിയെ കണ്ടതിനു സമീപമുള്ള 3 വാർഡുകളിലെ 15 കിലോമീറ്റർ ചുറ്റളവിലാണു ഡ്രോൺ നിരീക്ഷണം നടത്തിയത്. വൈഗൈ ത്രെഡ്സ്, ഗവ. ഓഫ് ഇന്ത്യ പ്രസ് തുടങ്ങിയ സ്ഥാപനങ്ങളുടെ കാടു പിടിച്ചു കിടക്കുന്ന സ്ഥലങ്ങളും ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം നടത്തി. പുലിയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 5 ക്യാമറകൾ സ്ഥാപിച്ചെങ്കിലും ക്യാമറാദൃശ്യങ്ങളിൽ പുലി പതിഞ്ഞിട്ടുണ്ടോയെന്ന കാര്യത്തിൽ വനംവകുപ്പ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.