കേരളത്തിലെ ഏക ടൗൺഷിപ്് ആയിരുന്നു ഗുരുവായൂർ. 1962 മുതൽ 1994 വരെയാണ് ടൗൺഷിപ് ഭരണ കാലഘട്ടം.
ഇത്തരമൊരു ഭരണ സംവിധാനം കേരളത്തിൽ മറ്റെങ്ങും ഉണ്ടായിട്ടില്ല. മുനിസിപ്പൽ നിയമവും ചട്ടങ്ങളും അനുസരിച്ചാണ് ഭരണം.
എന്നാൽ മുനിസിപ്പാലിറ്റികളിലെ പോലെ തിരഞ്ഞെടുപ്പില്ല. ടൗൺഷിപ് കമ്മിറ്റിയംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യും.
ജില്ലാ കലക്ടർ ചെയർമാൻ. പൊതുജനാരോഗ്യ വകുപ്പിന്റെയും പൊതു മരാമത്ത് വകുപ്പിന്റെയും എക്സിക്യൂട്ടീവ് എൻജിനീയർമാരും ദേവസ്വം മാനേജരും അംഗങ്ങൾ.
പൊതു പ്രവർത്തകരായ 3 പേരും കൂടി ചേർന്ന് ഏഴംഗ ടൗൺഷിപ് കമ്മിറ്റി. മുനിസിപ്പൽ കമ്മിഷണറുടെ തസ്തികയിലുള്ള എക്സിക്യൂട്ടീവ് ഓഫിസർക്കാണ് ഭരണച്ചുമതല.
ക്ഷേത്രനഗരത്തിന്റെ വികസനത്തിനും തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 1961ൽ ‘ഗുരുവായൂർ ടൗൺഷിപ് ആക്ട്’ നിയമസഭ പാസാക്കി.
1962 ജനുവരി 26ന് ഗുരുവായൂർ ടൗൺഷിപ് പിറവിയെടുത്തു. സാമൂഹിക പ്രവർത്തകൻ സി.ജി.നായരുടെ നേതൃത്വത്തിലുള്ള നഗരസേവാ സമിതിയാണ് ടൗൺഷിപ് എന്ന ആശയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
സി.ജി.നായർ, പി.വി.വെങ്കിടാചലം, ദേവസ്വം മാനേജർ കെ.മാധവ മേനോൻ എന്നിവർ 1955ൽ മദ്രാസ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് നിവേദനം നൽകി. അന്ന് ഗുരുവായൂർ ക്ഷേത്രം മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിൽ കോട്ടപ്പടി പഞ്ചായത്തിന്റെ ഭാഗമായിരുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങൾ ചാവക്കാട് പഞ്ചായത്ത് അതിർത്തി. തെക്കു ഭാഗത്തെ ചാവക്കാട് ദേശം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നേരിട്ടുള്ള ഭരണത്തിൽ.
ഗുരുവായൂർ ക്ഷേത്രം സാമൂതിരിയുടെ ഭരണത്തിലും.
4 അധികാര കേന്ദ്രങ്ങൾ. ഗുരുവായൂരിൽ വികസനം സ്വപ്നം മാത്രമായി.
ഗുരുവായൂർ പഞ്ചായത്ത് രൂപീകരിക്കാനാണ് ആദ്യം തീരുമാനിച്ചത്. മലബാർ, കേരള സംസ്ഥാനത്തിന്റെ ഭാഗമായതോടെ ടൗൺഷിപ് എന്ന ആശയത്തിന് പ്രാധാന്യമേറി. 1967ൽ ടൗൺഷിപ് കമ്മിറ്റി സമഗ്രമായ മാസ്റ്റർ പ്ലാൻ തയാറാക്കി.
ഇതനുസരിച്ച് ഔട്ടർ റിങ് റോഡ്, ഇന്നർ റിങ് റോഡ്, നഗരസഭ ഓഫിസ്, അഗതി മന്ദിരം, റെസ്റ്റ് ഹൗസ്, ബസ് സ്റ്റാൻഡ്, കുട്ടികളുടെ പാർക്ക്, നഗരസഭ പാർക്കിങ് ഗ്രൗണ്ട്, നഗരസഭ ടൗൺഹാൾ സ്ഥലം, മഞ്ജുളാൽ കെട്ടിടം, പാർക്കിങ് സ്ഥലങ്ങൾ, ശവക്കോട്ട, ട്രഞ്ചിങ് ഗ്രൗണ്ട് തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടന്നു.
ചാവക്കാട് പഞ്ചായത്ത് പച്ചക്കറി മാർക്കറ്റിനായി ഏറ്റെടുത്ത സ്ഥലത്താണ് ഇപ്പോഴത്തെ നഗരസഭ ഓഫിസ് നിൽക്കുന്നത്. റോഡ്, ശുചിത്വം, ആരോഗ്യം, താമസ സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി. 1994ൽ പഞ്ചായത്ത് നഗരപാലിക ബിൽ നടപ്പായി.
ടൗൺഷിപ് ഇല്ലാതായി, നഗരസഭയായി. 1995ൽ ആദ്യ നഗരസഭ നിലവിൽ വന്നു.
കോൺഗ്രസിലെ പ്രഫ.പികെ.ശാന്തകുമാരി ആദ്യ ചെയർപഴ്സൻ ആയി. 2010ൽ പൂക്കോട്, തൈക്കാട് പഞ്ചായത്തുകൾ കൂടി കൂട്ടിച്ചേർത്ത് ഗുരുവായൂർ വിശാല നഗരസഭയായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

