കൊച്ചി∙ തൃശൂർ കലക്ടറുടെ നേതൃത്വത്തിലുള്ള ട്രാഫിക് മാനേജ്മെന്റ് സമിതി നിർദേശിച്ച ജോലികൾ പൂർത്തിയാക്കിയെന്നും നിലവിൽ ദേശീയപാതയിൽ പ്രശ്നങ്ങളില്ലെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. കലക്ടറുടെ റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി വരുമാനമൊന്നുമില്ലെന്നും മുന്നൂറോളം ജീവനക്കാരുണ്ടെന്നും ടോൾപിരിവ് തുടരാൻ അനുവദിക്കണമെന്നുമായിരുന്നു കരാർ കമ്പനിയുടെ ആവശ്യം.
പ്രശ്നം പരിഹരിക്കാൻ കലക്ടർ വളരെ മുൻപേ നിർദേശം നൽകിയിരുന്നതു കോടതി ചൂണ്ടിക്കാട്ടി.
ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണെന്ന് ഹർജിക്കാർ അറിയിച്ചെങ്കിലും റോഡിന്റെ അവസ്ഥയാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നു കോടതി പറഞ്ഞു. ആമ്പല്ലൂരിൽ പ്രശ്നം പരിഹരിച്ചോയെന്നും കോടതി ആരാഞ്ഞു. ഒരു വീട്ടിൽ അഞ്ചും ആറും കാറൊക്കെയുണ്ടെങ്കിലും റോഡ് വീതികൂട്ടുന്നതിനെ എതിർക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും ലോകത്തിലെ ഏക സ്ഥലവും ഇതാണെന്നു ഡിവിഷൻ ബെഞ്ച് പറഞ്ഞു
.
ടോൾനിരക്ക് പരിഷ്കരിച്ചതു ഹർജിക്കാർ ചൂണ്ടിക്കാട്ടി. നിയമപ്രകാരവും കരാർപ്രകാരവുമുളള കാലാകാലങ്ങളിലെ പുതുക്കലാണെന്നു കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും അറിയിച്ചു.
തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ.ജനീഷ് തുടങ്ങിയവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ആമ്പല്ലൂർ
ദേശീയപാത 544ലെ മണ്ണുത്തി–ഇടപ്പള്ളി ബിഒടി പാതയിലെ ആമ്പല്ലൂരിൽ 2024 ജൂലൈയിലാണു അടിപ്പാത നിർമാണം ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ജംക്ഷനിൽ അടിപ്പാതയ്ക്കായി ദേശീയപാത പൊളിച്ചു.
അതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. 2025 ഓഗസ്റ്റിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നാണ് എൻഎച്ച്എഐയും കരാർ കമ്പനിയും ആദ്യം അറിയിച്ചത്.
ഡിസംബർ വരെ കാലാവധിയുണ്ടെന്നും പറഞ്ഞു. അടിപ്പാതയുടെ കോൺക്രീറ്റ് ബോക്സും ഭാഗികമായി സർവീസ് റോഡുമാണ് നിർമിച്ചിട്ടുള്ളത്.
അടിപ്പാതയുടെ മേൽപാത നിർമാണം എങ്ങും എത്തിയിട്ടില്ല.
മുടിക്കോട്, വാണിയമ്പാറ,കല്ലിടുക്ക്
മണ്ണുത്തി–വടക്കഞ്ചേരി 6 വരി ദേശീയപാതയിൽ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലാണ് അടിപ്പാതകളുടെ നിർമാണം നടക്കുന്നത്. ഇപ്പോഴുള്ള മണ്ണുത്തി, തോട്ടപ്പടി, പട്ടിക്കാട്, വഴുക്കുംപാറ, തേനിടുക്ക് എന്നീ അടിപ്പാതകൾക്കു പുറമേയാണിത്. 18 മാസങ്ങൾക്കുള്ളിൽ അടിപ്പാതകൾ നിർമിക്കാമെന്ന വ്യവസ്ഥയിൽ തമിഴ്നാട്ടിൽ നാമയ്ക്കൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പിഎസ്ടി എൻജിനീയറിങ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണം. എന്നാൽ 15 മാസം കഴിഞ്ഞിട്ടും 70 ശതമാനം പോലും പണി പൂർത്തിയായിട്ടില്ല.
പേരാമ്പ്ര
ചാലക്കുടി – കൊടകര മേഖലയിൽ പേരാമ്പ്രയിലാണ് ഒരു അടിപ്പാതയുടെ നിർമാണം നടക്കുന്നത്.
പേരാമ്പ്ര പെട്രോൾ പമ്പ് മുതൽ അപ്പോളോ ടയേഴ്സ് സമീപം വരെയാണ് പേരാമ്പ്ര അടിപ്പാതയുടെ നീളം. 60 ശതമാനം പണി പൂർത്തിയായി.
ചിറങ്ങര, മുരിങ്ങൂർ, കൊരട്ടി
ദേശീയപാതയിൽ കൊരട്ടി പഞ്ചായത്തിലെ ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിനു മുന്നോടിയായി ഡ്രെയ്നേജ് നിർമാണം തുടങ്ങിയത് 2023 ഡിസംബറിലാണ്.
അതേസമയത്തു തന്നെ കൊരട്ടിയിൽ മേൽപാലം നിർമാണത്തിനു മുന്നോടിയായി ഡ്രെയ്നേജ് നിർമാണം ആരംഭിച്ചെങ്കിലും കേസ് വന്നതോടെ നിർമാണം തുടരാനായില്ല. 2024 സെപ്റ്റംബറിലാണ് കൊരട്ടിയിൽ ഡ്രെയ്നേജ് നിർമാണം പുനരാരംഭിച്ചത്.
2024 നവംബറിൽ ചിറങ്ങരയിൽ അടിപ്പാത നിർമാണം ആരംഭിച്ചു.
ഈ വർഷം മാർച്ച് മാസമാണു മുരിങ്ങൂരിൽ അടിപ്പാത നിർമാണം ആരംഭിച്ചത്. ചിറങ്ങരയിലും മുരിങ്ങൂരിലും അടിപ്പാതകളുടെ പ്രധാനഭാഗമായ ബോക്സ് പൂർത്തിയായിട്ടുണ്ട്.
മാർച്ച് മാസം നിർമാണകാലാവധി അവസാനിച്ചെങ്കിലും ഡിസംബർ വരെ നീട്ടി നൽകി. ഡിസംബറിൽ തന്നെ നിർമാണം പൂർത്തിയാക്കുമെന്നാണ് കരാറുകാരുടെയും ദേശീയപാത അതോറിറ്റിയുടെയും ഉറപ്പ്.
രണ്ടു സ്ഥലത്തും 70 ശതമാനമാണു ജോലികൾ നടന്നിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]