തൃശൂർ ∙ രണ്ടു ജന്മദിനാഘോഷങ്ങൾ നടക്കേണ്ടിയിരുന്ന ലാലൂർ മെയിൻ റോഡിലെ ‘ചിറമ്മൽ വീട്’ ഇന്നലെ അപ്രതീക്ഷിതമായി കരച്ചിലുകൾക്കും വിതുമ്പലുകൾക്കും വഴിമാറി. അയ്യന്തോൾ മാർക്കറ്റിനു സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച ഏബലിന്റെ (34) മരണ വാർത്ത വലിയ ആഘാതമാണു കുടുംബത്തിൽ സൃഷ്ടിച്ചത്.
ഏബലിന്റെ ഭാര്യ ആനറ്റിന്റെ ജന്മദിനമായിരുന്നു ഇന്നലെ. ഏക മകൻ ഏയ്ദന്റെ മൂന്നാം ജന്മദിനം ജൂലൈ 14നും.
ഇരുവരുടെയും ജന്മദിനം ഒരുമിച്ച് ഇന്നലെ വൈകിട്ട് വീട്ടിൽ ആഘോഷിക്കാനിരിക്കെയാണ് രാവിലെ അപകടമുണ്ടാകുന്നത്.
ആഘോഷത്തിനായി ഓർഡർ ചെയ്തിരുന്ന കേക്കുമായി ബന്ധപ്പെട്ടവർ മരണവീട്ടിലെത്തിയപ്പോഴാണ് ആനറ്റിന്റെ ജന്മദിനമാണെന്ന് നാട്ടുകാരും സമീപ വീട്ടുകാരും അറിയുന്നത്. ചിറമ്മൽ ചാക്കോപോളിന്റെയും ഷേർളിയുടെയും മൂന്ന് ആൺ മക്കളിൽ മുതിർന്നയാളാണ് ഏബൽ.
തൃശൂർ ഏജീസ് ഓഫിസിലെ റിട്ട.
ഓഡിറ്റർ ഓഫിസറാണ് ചാക്കോ പോൾ. സഹോദരൻ ഏഡ്രിയൽ യുകെയിൽ നിന്ന് കഴിഞ്ഞാഴ്ചയാണു നാട്ടിലെത്തിയത്.
ഇതിനു പിന്നാലെ കുടുംബാംഗങ്ങൾ ഊട്ടിയിൽ ഒത്തുചേർന്നിരുന്നു. ഊട്ടിയിലെ റിസോർട്ടിൽ ഏയ്ദന്റെ ജന്മദിനം ലളിതമായും ആഘോഷിച്ചു.
എന്നാൽ പിന്നീട് ആനറ്റിന്റെ ജന്മദിനത്തിനൊപ്പം ഏയ്ദന്റെ ജന്മദിനം കൂടി വീട്ടിൽ മറ്റു കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏഡ്രിയൽ നാളെ തിരികെ യുകെയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. വിവരമറിഞ്ഞ ഇളയ സഹോദരൻ ഏഗ്നൽ ഇന്നലെ വൈകിട്ട് ഡൽഹിയിൽ നിന്നു തൃശൂരിലെത്തി.മകൻ ഏയ്ദന്റെ ജന്മദിനം ഭാര്യ ആനറ്റിന്റേതിനൊപ്പം ആഘോഷിക്കണമെന്നും ജോലി തീർത്ത് നേരത്തെ ഇറങ്ങണമെന്നും ഏബൽ പറഞ്ഞിരുന്നതായി ഫെഡറൽ ബാങ്കിലെ സഹപ്രവർത്തകർ ഓർക്കുന്നു.
ഏബലിന്റെ മൃതദേഹം വൈകിട്ട് ആറോടെ ലാലൂരിലെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ. കണ്ണേ നീ വളര്… ജൂലൈ 14ന് മകൻ ഏയ്ദന്റെ ജന്മദിനത്തിൽ വിഡിയോ സഹിതം ഏബൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് തീരാ നൊമ്പരമായി.
‘‘ എന്റെ കണ്ണിലെ കൃഷ്ണ മണിക്ക് 3 വയസ്സു തികയുന്നു. നീ വളരുന്നതും മാറുന്നതും കാണുന്നത്, നിഷ്കളങ്കമായ സന്തോഷമുള്ള ഹൃദയത്തെ കാണുന്നത്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമമാണ്’’–ഏബൽ കുറിച്ചു.
ഏയ്ദന്റെ കുഞ്ഞു നാൾ മുതലുള്ള വിഡിയോയും ഊട്ടിയിലെ കേക്ക് മുറിച്ചുള്ള ആഘോഷവും ഏബൽ പങ്കുവച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]