
തൃശൂർ ∙ ‘എന്നും പോകുന്ന പോലെ ക്ഷേത്രത്തിൽ പോകാൻ വേണ്ടി ഇറങ്ങിയതാ ഞാനും എന്റെ മോനും. സ്കൂട്ടറിന്റെ പിറകിൽ ദേഹത്ത് വട്ടം ചുറ്റിപ്പിടിച്ച് ഞാൻ ഇരിക്കണം, അതാ അവന് ഇഷ്ടം.
അങ്ങനാ പോയതും… കുഴിയിൽ ചാടാതിരിക്കാൻ വണ്ടി വെട്ടിച്ചത് മാത്രേ എനിക്ക് ഓർമയുള്ളൂ. കണ്ണ് തുറക്കുമ്പോൾ അവൻ ഇല്ലാ എന്നാ പറയുന്നേ… ഞാൻ എന്റെ കുഞ്ഞിനെ അവസാനമായി കണ്ടു… സ്ട്രെച്ചറിൽ കിടന്ന്… ഞങ്ങടെ സ്വത്ത് പോയി.
ആദ്യം ബഹളവും കോലാഹലങ്ങളും ഒക്കെയായിരുന്നു…. ഇപ്പോൾ അതുമില്ല.
ഇല്ലാതായത് എനിക്കും എന്റെ പെൺമക്കൾക്കുമാ… വേറെ ആർക്കും അല്ലാ… ഇനി ഒരു അച്ഛനും അമ്മയ്ക്കും ഈ ദുർഗതി ഉണ്ടാകരുതേ എന്നു മാത്രമാ ഇപ്പോ പ്രാർഥിക്കുന്നത്…’ തന്റെ കൈപ്പിടിയിൽ നിന്ന് മരണം തട്ടിയെടുത്ത മകന്റെ ചിത്രത്തിൽ നോക്കിക്കൊണ്ട് ശരീരം മുഴുവൻ മുറിപ്പാടുകളുമായി കിടന്നകിടപ്പിൽ അമ്മയുടെ കണ്ണീരിൽ കുതിർന്ന വാക്കുകളാണിത്.
കഴിഞ്ഞ മാസം 26നാണ് എംജി റോഡിൽ, കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് കുടുംബത്തിലെ ഏക അത്താണിയായിരുന്ന, പൂങ്കുന്നം ചീരോത്ത് പരേതനായ ഗംഗാധരന്റെ മകൻ വിഷ്ണുദത്ത് (32) മരിക്കുന്നത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന അമ്മ പത്മിനി തലയ്ക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ന്യുമോണിയ ബാധിച്ച് ഐസിയുവിലായിരുന്നു. ഈ മാസം 9നാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്.
6 വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്.
റോഡിലെ കുഴികൾ ഒരു കുടുംബത്തിന് നൽകിയ ‘സമ്മാനം’. അച്ഛൻ മരിച്ചപ്പോൾ അനാഥമായ കുടുംബത്തെ കരകയറ്റാൻ ചെറുപ്രായത്തിൽ തന്നെ വിഷ്ണു കുടുംബഭാരം ഏറ്റെടുത്തു.
വിദേശത്തു പോകാൻ പല അവസരങ്ങൾ വന്നിട്ടും അമ്മയെയും പെങ്ങന്മാരെയും വിട്ടുപോകാൻ പറ്റില്ലെന്നു പറഞ്ഞ് എല്ലാം നിരസിക്കുകയായിരുന്നു. അപകടത്തിനു ശേഷം പത്മിനിയുടെ ചികിത്സാച്ചെലവ് എല്ലാം തന്നെ സ്വന്തമായി വഹിക്കുകയായിരുന്നു. യാതൊരു സഹായവും ആരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല.
‘റോഡിലെ കുഴികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും ഉണ്ടാകില്ലല്ലോ… എല്ലാത്തരത്തിലും നഷ്ടം ഞങ്ങൾക്ക് മാത്രമല്ലേ…’ തന്റെ ഏക ആശ്രയമായ മകനെ നഷ്ടപ്പെട്ട
ആ അമ്മ ചോദിക്കുന്നു.തൃശൂർ സീതാറാം ആയുർവേദ ആശുപത്രിയിൽ തെറപ്പിസ്റ്റായിരുന്നു വിഷ്ണു എന്നും ഏഴരയ്ക്ക് ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ സ്കൂട്ടറിന്റെ പിറകിൽ അമ്മ പത്മിനിയും കാണും, ക്ഷേത്ര ദർശനത്തിനായി. ‘അന്നും അങ്ങനെയാണ് വീട്ടിൽനിന്ന് ഇറങ്ങിയത്.
‘ഇന്നിപ്പൊ ഇതിനാരും ഉത്തരവാദികൾ ഇല്ല, കോർപറേഷനോ, ബസുകാരോ ആരും… എല്ലാത്തിനും പ്രതി റോഡിലെ കുഴികൾ മാത്രം… എന്നാൽ അത് അടയ്ക്കാൻ ആരേലും എന്തേലും ചെയ്യുന്നുണ്ടോ, അതുമില്ല…’ അവർ പറയുന്നു.
പത്മിനിയും വിഷ്ണുവും മൂത്ത മകൾ രേണുകയുടെ മകൾ തൃഷയുമായിരുന്നു വീട്ടിലുള്ളത്. രേണുക ഖത്തറിൽ ജോലി ചെയ്യുകയാണ്.
ഇളയമകൾ കൃഷ്ണേന്ദു പൊന്നുക്കരയിലാണ് താമസം. ‘ഞങ്ങടെ അനിയനാണെങ്കിലും ചേട്ടനെയും അച്ഛനെയും പോലെയുമായിരുന്നു വിഷ്ണു.
ഞങ്ങൾക്ക് എന്തു കാര്യത്തിനും അവനായിരുന്നു മുന്നിൽ. 2012ൽ അച്ഛൻ മരിച്ച അന്ന് തുടങ്ങി കുടുംബത്തിനായി ഓടി നടക്കുകയായിരുന്നു.
കൈപ്പിടിയിൽനിന്ന് വിധി തട്ടിയെടുത്ത മകന്റെ ചിത്രവും നോക്കി ഓരോ രാത്രിയും കഴിച്ചുകൂട്ടുകയാണ് പത്മിനി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]