
ജോലി തന്നെയാണ്; എങ്കിലും ഒരു സല്യൂട്ട്..! കുരുക്കിനിടെ ആംബുലൻസിന് വഴിയൊരുക്കി പൊലീസുകാരൻ, വിഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആമ്പല്ലൂർ ∙ ജീവൻ കയ്യിൽപ്പിടിച്ച് പോകുന്ന ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോൾ ഓടിക്കൊണ്ട് വഴിയൊരുക്കുന്ന പൊലീസുകാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പാലക്കാട് മുട്ടിക്കുളങ്ങര എആർ ക്യാംപിലെ പാലക്കാട് കോട്ടായി സ്വദേശി മണികണ്ഠനാണ് (33) ആംബുലൻസിന് വഴിയൊരുക്കുന്ന വിഡിയോയിലെ താരം. കഴിഞ്ഞ ദിവസം തൃശൂരിൽ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവറാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
10 മിനിറ്റിലേറെ കാത്തുകിടക്കേണ്ടിവന്ന ആംബുലൻസ് മണികണ്ഠന്റെ ഇടപെടലോടെയാണ് ഗതാഗതക്കുരുക്കിൽ നിന്നും കരകയറിയത്. ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ വിസിലടിച്ചു ഓടിനടന്ന് ആംബുലൻസുകൾക്ക് വഴിയൊരുക്കുകയാണ് മണികണ്ഠൻ. 3 മാസം മുൻപ് പൊലീസിൽ എത്തിയ മണികണ്ഠന് ഒരാഴ്ചയായി പുതുക്കാട് പൊലീസ് സ്റ്റേഷനു കീഴിലെ ഗതാഗത നിയന്ത്രണ സംഘത്തിലാണ് ഡ്യൂട്ടി.
വലിയ ഗതാഗതക്കുരുക്ക് കണ്ടപ്പോൾ ആദ്യം ആശങ്കയാണ് തോന്നിയതെങ്കിലും സാധ്യമാകുന്ന ഗതാഗത നിയന്ത്രണത്തിന് സഹായിക്കുകയാണ് മണികണ്ഠൻ. എങ്ങനെ ശ്രമിച്ചാലും തീരാത്ത ബ്ലോക്കിൽ ആംബുലൻസുകൾ എത്തിയാൽ ഇദ്ദേഹവും കൂടെയുള്ള മറ്റുപൊലീസുകാരും കടത്തിവിടാനുള്ള പരിശ്രമത്തിലെത്തും. ഇരുപതിലേറെ ആംബുലൻസുകൾ ഇവിടെ ഗതാഗതക്കുരുക്കിൽപെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. വിഡിയോ വൈറലായതോടെ പ്രശംസിക്കാനെത്തുന്നവരോട്, ‘ഇതൊക്കെ ജോലിയുടെ ഭാഗമല്ലേന്ന്’ എളിമയോടെയുള്ള മറുപടിയാണ് മണികണ്ഠന്റേത്.