
രണ്ടര വർഷം കഴിഞ്ഞിട്ടും ഇഴച്ചിൽ; ദേശീയപാത 66 പൂർത്തീകരണ തീയതി പുതുക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ നിർമാണ ജോലികൾ മന്ദഗതിയിലായതോടെ ദേശീയപാത 66ന്റെ ജില്ലയിലെ പൂർത്തീകരണ തീയതികൾ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പുതുക്കി. 2022 സെപ്റ്റംബറിൽ ആരംഭിച്ച രണ്ടു റീച്ചുകളിലെയും നിർമാണം രണ്ടര വർഷം പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുന്നതോടെയാണു പൂർത്തീകരണ ഷെഡ്യൂൾ പുതുക്കിയത്. കാപ്പിരിക്കാട്–തളിക്കുളം ആറുവരി (33.17 കിലോമീറ്റർ), തളിക്കുളം–കൊടുങ്ങല്ലൂർ ആറുവരി (28.84 കിലോമീറ്റർ) എന്നീ രണ്ടു റീച്ചുകളാണ് ജില്ലയിലുള്ളത്. രണ്ടു റീച്ചുകളിലായി ആകെ 62 കിലോമീറ്ററാണു ജില്ലയിലൂടെ ദേശീയപാത കടന്നുപോകുന്നത്. തീരദേശ മേഖലയിലൂടെയുള്ള ഈ റീച്ചുകളിലെ നിർമാണ ജോലികൾ 2025 ഫെബ്രുവരിയിൽ പൂർത്തിയാകേണ്ടതായിരുന്നു.
പുതിയ ഷെഡ്യൂൾ പ്രകാരം കാപ്പിരിക്കാട്–തളിക്കുളം റീച്ച് നവംബർ 30നുള്ളിലും തളിക്കുളം–കൊടുങ്ങല്ലൂർ റീച്ച് ഡിസംബർ 31നകവും പൂർത്തിയാക്കുമെന്നു പറയുന്നു. കാപ്പിരിക്കാട്–തളിക്കുളം റീച്ച് 2022 സെപ്റ്റംബർ ഒന്നിനും തളിക്കുളം–കൊടുങ്ങല്ലൂർ റീച്ച് 2022 സെപ്റ്റംബർ 17നുമാണു നിർമാണം തുടങ്ങിയത്. കാപ്പിരിക്കാട്–തളിക്കുളം ആറുവരിയുടെ 65%, തളിക്കുളം–കൊടുങ്ങല്ലൂർ ആറുവരിയുടെ 58% പൂർത്തിയായിട്ടുണ്ട്.
അതേസമയം, നിലവിലെ സാഹചര്യത്തിൽ ഈ വർഷം ദേശീയപാത നിർമാണം തീരാൻ സാധ്യതയില്ലെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പ്രധാന സെന്ററുകളിൽ റോഡ് നിർമാണം, ടാറിങ്, അടിപ്പാത നിർമാണം, ടാറിങ്, ജംക്ഷനുകളിലെ ബൈപാസ് പൂർത്തിയാക്കൽ, മറ്റ് ജോലികൾ തുടങ്ങിയവ ഇനിയും ബാക്കിയാണ്. മണ്ണിന്റെയും കല്ലിന്റെയും ദൗർലഭ്യം തുടരുന്നുണ്ട്. മഴക്കാലമായാൽ നിർമാണം തന്നെ സ്തംഭിക്കാനും സാധ്യതയുണ്ട്.
കാസർകോടു ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ നീളുന്നതാണു കേരളത്തിലെ ദേശീയപാത 66. കേന്ദ്ര സർക്കാരിന്റെ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി കാപ്പിരിക്കാട്–തളിക്കുളം റീച്ചിനു 3946 കോടി രൂപയും തളിക്കുളം–കൊടുങ്ങല്ലൂർ റീച്ചിന് 4009 കോടി രൂപയുമാണു ആകെ ചെലവ്.. ശിവാലയ കൺസ്ട്രക്ഷനാണ് കരാർ കമ്പനി.