
സ്കൂട്ടർ ഓടിക്കെ ഹൃദയാഘാതം: ഇലത്താളം കലാകാരൻ കുഴഞ്ഞുവീണു മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കല്ലൂർ ∙ കീനൂർ മണികണ്ഠൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇലത്താള കലാകാരൻ തൈക്കാട്ട് രഞ്ജിത്തിനെ (41) കല്ലൂർ പാടംവഴി സ്റ്റോപ്പിനുസമീപം റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി 8.30നായിരുന്നു സംഭവം. വാഹനാപകടമാണെന്നാണ് ആദ്യം കരുതിയിരുന്നത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടറിൽ വരുന്നതിനിടെ ഹൃദയാഘാതമുണ്ടായതായിരിക്കാം എന്ന് കരുതുന്നു.
റോഡരികിൽ വീണുകിടന്ന മണികണ്ഠന്റെ സമീപത്തായി സ്കൂട്ടറും മറിഞ്ഞു കിടന്നിരുന്നു. അരമണിക്കൂറോളം റോഡിൽ കിടന്നതായി കരുതുന്നു. നാട്ടുകാരും ബന്ധുക്കളും കല്ലൂർ സൗഹൃദ യുവസംഗമം പ്രവർത്തകരും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കീനൂർ അനുഷ്ഠാന കലാക്ഷേത്രത്തിൽ മേളം അഭ്യസിച്ച മണികണ്ഠൻ ഏഷ്യാഡ് ശശി മാരാരുടെ ശിഷ്യനായിരുന്നു. 2 പതിറ്റാണ്ടിലേറെയായി വാദ്യകലാരംഗത്ത് സജീവമാണ്. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ മേളത്തിൽ പതിവുകാരനായിരുന്നു.ആറാട്ടുപുഴ പൂരം, പെരുവനം പൂരം, കൂടൽമാണിക്യം, തൃപ്പൂണിത്തുറ തുടങ്ങി പ്രധാന പൂരങ്ങളിലെ മേളങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.സംസ്കാരം നടത്തി. ഗോവിന്ദൻകുട്ടിയുടെയും സുഭദ്രയുടെയും മകനാണ് രഞ്ജിത്ത്. ഭാര്യ: നീതു. മക്കൾ: നിരഞ്ജന, നിരഞ്ജൻ.