
ഗുരുവായൂർ ആറാട്ട്: രുദ്രതീർഥത്തിൽ ആറാടി ഭഗവാൻ; തീർഥസ്നാനം ചെയ്ത് ആയിരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗുരുവായൂർ ∙ ഗംഗയെയും വരുണനെയും ആവാഹിച്ച രുദ്രതീർഥത്തിൽ ഭഗവാന്റെ പഞ്ചലോഹത്തിടമ്പുമായി തന്ത്രിയും ഓതിക്കന്മാരും പരിവാരങ്ങളും മുങ്ങിക്കയറി. പിന്നാലെ ആയിരക്കണക്കിന് ഭക്തർ തീർഥസ്നാനം നടത്തി. ഭഗവതിയുടെ വാതിൽ മാടത്തിൽ ഉച്ചപ്പൂജ കഴിഞ്ഞ് ദേവി എന്ന പിടിയാനപ്പുറത്ത് തിടമ്പു മാത്രമായി 11 ഓട്ട പ്രദക്ഷിണം പൂർത്തിയാക്കി. അർധരാത്രിയോടെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൊടിയിറക്കി. ഉത്സവ ചടങ്ങുകൾ പൂർത്തിയായി.
തുടർന്ന് 25 കലശത്തിനു ശേഷം അത്താഴപ്പൂജ, വിളക്കെഴുന്നള്ളിപ്പ് എന്നീ പതിവു ചടങ്ങുകൾ നടന്നു. ആറാട്ടു ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ചു. സ്വർണ ശ്രീലകത്ത് തന്ത്രി അനുജ്ഞ പൂജ ചെയ്ത് ഭഗവാന്റെ ചൈതന്യം പഞ്ചലോഹ തിടമ്പിലേയ്ക്ക് ആവാഹിച്ചു. തുടർന്ന് യാത്രാബലി ചടങ്ങ് ആരംഭിച്ചു. കൊടിമരച്ചുവട്ടിൽ പൊൻ പഴുക്കാമണ്ഡപത്തിൽ കീഴ്ശാന്തി മേച്ചേരി ശ്രീകാന്ത് നമ്പൂതിരി ദീപാരാധന നടത്തി. യാത്രാവാഹനമായ കൊമ്പൻ നന്ദനെ തന്ത്രി ദർഭ തൊട്ടു പൂജിച്ച് 3 വട്ടം അന്നം നൽകി. കിഴക്കേ ഗോപുരത്തിനു മുന്നിൽ സ്വർണക്കോലത്തിൽ പഞ്ചലോഹത്തിടമ്പ് എഴുന്നള്ളിച്ച് ആറാട്ട് യാത്ര ആരംഭിച്ചു. നന്ദൻ സ്വർണക്കോലം എഴുന്നള്ളിച്ചു.
ഗുരുവായൂരപ്പന്റെ പഞ്ചലോഹത്തിടമ്പുമായി രുദ്ര തീർഥത്തിൽ മുങ്ങിക്കയറുന്നു.
ഇരുപുറവും ശങ്കരനാരായണൻ, ചെന്താമരാക്ഷൻ, രവികൃഷ്ണൻ, ബാലു എന്നീ കൊമ്പന്മാർ നിരന്നു. എഴുന്നള്ളിപ്പിനു മുന്നിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ നടന്നു. ചോറ്റാനിക്കര വിജയൻ മാരാർ, ചെർപ്പുളശേരി ശിവൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം ആരംഭിച്ചു. മുന്നിൽ നാഗസ്വരം, ഭജനമണ്ഡലിയുടെ ഭജന, സുരക്ഷാ കവചമൊരുക്കി ആയോധന വേഷധാരികൾ എന്നിവർ നടന്നു. എഴുന്നള്ളിപ്പ് വടക്കേനടയ്ക്കൽ മേളത്തിന് വഴിമാറി. അത്താണി കല്ലിനടുത്ത് സങ്കട നിവൃത്തി ചടങ്ങിനായി മേളം നിലച്ചു. കണ്ടിയൂർ പട്ടത്ത് വാസുദേവൻ നമ്പീശൻ സങ്കടം ഇല്ലെന്നറിയിച്ചു. ഭഗവതിക്കെട്ടിൽ ഇറക്കി എഴുന്നള്ളിച്ച് ആറാട്ട് ചടങ്ങുകൾക്കായി രുദ്രതീർഥക്കരയിലേക്ക് തിടമ്പ് എഴുന്നള്ളിച്ചു.
ആറാട്ടു ദിനത്തിൽ വൈകി ഉണരുന്ന ക്ഷേത്രം
എല്ലാ ദിവസവും പുലർച്ചെ കൃത്യം 3ന് ക്ഷേത്ര ശ്രീലകം തുറക്കും. എന്നാൽ ആറാട്ടു ദിനത്തിൽ മാത്രം രാവിലത്തെ ചടങ്ങുകൾ വൈകും. തന്ത്രിയും ഓതിക്കന്മാരും പുലർച്ചെ 4.30 ന് കുളിച്ച് നാലമ്പലത്തിലെത്തും.പള്ളിവേട്ടയുടെ ക്ഷീണത്തിൽ ഉറങ്ങിപ്പോയ കണ്ണൻ ആറാട്ടുദിനത്തിൽ വൈകി ഉണരുന്നു എന്നാണ് സങ്കൽപം. ഓമനക്കുട്ടി എന്ന പശുക്കുട്ടിയെ കണി കണ്ടാണ് കണ്ണൻ ഉണർന്നത്. ഇതിനായി പൈക്കിടാവിനെ നേരത്തെ നാലമ്പലത്തിൽ എത്തിച്ചു.
പശുക്കുട്ടിയും കണിക്കോപ്പുകളും കണ്ടുണർന്ന് പ്രഭാത ചടങ്ങുകളായി. നീരാട്ടിന് ശേഷം അഞ്ജനം കൊണ്ട് കണ്ണെഴുതി, ഗോരോചനക്കുറി തൊട്ട്, ചാന്ത് തൊടീച്ച്, കറുകമാലയണിഞ്ഞ്, മുല്ലപ്പൂ ചാർത്തി, കരുവാട്ട് ഭട്ടതിരിയുടെ പുരാണപാരായണം കേൾപ്പിച്ച് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. തുടർന്ന് പതിവു പൂജകൾ നടന്നു.
ആയിരക്കണക്കിന് പറകൾ
പൂർണ ചൈതന്യത്തോടെ കണ്ണൻ ഗ്രാമവീഥിയിൽ എത്തിയപ്പോൾ ഭക്തർ ആയിരക്കണക്കിന് നിറപറകൾ വച്ച് എതിരേറ്റു. നെല്ല്,അരി,അവിൽ,മലർ,ശർക്കര,കൽക്കണ്ടം,നാണയം,പഴവർഗങ്ങൾ തുടങ്ങിയ ദ്രവ്യങ്ങളാണ് പറകളിൽ സമൃദ്ധിയുടെ പ്രതീകമായി നിറഞ്ഞത്.
അഭിഷേകത്തിനുള്ള മഞ്ഞൾപ്പൊടി ആനപ്പുറത്ത്
ആറാട്ടുകടവിൽ ഗുരുവായൂരപ്പന്റെ പഞ്ചലോഹത്തിടമ്പിൽ അഭിഷേകത്തിനുള്ള മഞ്ഞൾപ്പൊടി വെള്ളിക്കുടത്തിലാക്കി പട്ടു ചുറ്റി ആനപ്പുറത്ത് എഴുന്നള്ളിച്ച് കടവിൽ എത്തിച്ചു. ശാന്തിയേറ്റ കീഴ്ശാന്തി മുളമംഗലം ഹരി നമ്പൂതിരിയുടെ മകൻ 14 കാരനായ രേവന്ത് നമ്പൂതിരി മഞ്ഞൾപ്പൊടി എഴുന്നള്ളിച്ചു. കീഴ്ശാന്തിമാരിലെ കുട്ടികൾ ആദ്യമായി ആനപ്പുറം കയറുന്നതിനുള്ള പരിശീലനം കൂടിയാണിത്. വാതിൽമാടത്തിൽ ഉണങ്ങിയ മഞ്ഞൾ സ്വർണം ചേർത്ത് ഇടിച്ചു തയാറാക്കുന്നത് പാരമ്പര്യാവകാശികളായ വാരിയർമാരാണ്. വാദ്യത്തിന്റെ അകമ്പടയുമുണ്ടാകും.
ഇളനീരുമായി കിട്ടയുടെ പിൻമുറക്കാരെത്തി
ആറാട്ടിന് ഭഗവാന് അഭിഷേകം ചെയ്യാനുള്ള ഇളനീരുമായി പാരമ്പര്യാവകാശികളായ തമ്പുരാൻപടിക്കൽ കിട്ടയുടെ കുടുംബക്കാർ എത്തി. കുടുംബത്തിലെ കാരണവർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ നാക്കിലയിൽ ഇളനീരുകൾ സമർപ്പിച്ചു.
ആറാട്ട് പഞ്ചവാദ്യത്തിന് പ്രമുഖരുടെ നിര
ഉത്സവം ആറാട്ട് പഞ്ചവാദ്യത്തിന് പ്രമുഖർ അണിനിരന്നു. പഞ്ചവാദ്യം ഇരമ്പി. ചോറ്റാനിക്കര വിജയൻ, പരയ്ക്കാട് തങ്കപ്പമാരാർ, കോങ്ങാട് മധു എന്നിവർ തിമിലയിലും ചെർപുളശേരി ശിവൻ, കലാമണ്ഡലം കുട്ടിനാരായണൻ എന്നിവർ മദ്ദളത്തിലും പഞ്ചവാദ്യം നയിച്ചു. പാഞ്ഞാൾ വേലുക്കുട്ടി, ചേലക്കര സൂര്യൻ (താളം), പല്ലശന സുധാകരൻ, തിരുവില്വാമല ഹരി (ഇടയ്ക്ക), ഗുരുവായൂർ കൃഷ്ണകുമാർ (ശംഖ്) എന്നിവർ മറ്റു വാദ്യങ്ങൾക്ക് നേതൃത്വം നൽകി.