ആറു പതിറ്റാണ്ട് മുൻപ് വരെ ഗുരുവായൂർ ഒരു ചെറിയ ക്ഷേത്ര നഗരമായിരുന്നു. ചാവക്കാട് പഞ്ചായത്തിന്റെ മൂന്നാം വാർഡ്.
ഒരു പൊലീസ് സ്റ്റേഷൻ പോലും ഉണ്ടായിരുന്നില്ല. 1962ൽ ഗുരുവായൂർ ടൗൺഷിപ് നിലവിൽ വന്നു.
തീർഥാടകർ വർധിച്ചതോടെ ഒരു പൊലീസ് ഔട്ട് പോസ്റ്റ് ആരംഭിക്കണമെന്ന് അന്നത്തെ ടൗൺഷിപ് ഭരണസമിതി നിർദേശിച്ചു. ചാവക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ 1964 നവംബർ 14ന് ഗുരുവായൂർ ദേവസ്വം മാനേജർക്ക് അപേക്ഷ വച്ചു.
മഞ്ജുളാലിന് സമീപമുള്ള ദേവസ്വം കെട്ടിടത്തിൽ മുറി അനുവദിക്കാൻ ശുപാർശ ചെയ്ത് അന്നത്തെ ദേവസ്വം മാനേജർ കക്കുഴി വേലായുധൻ നായർ ക്ഷേത്രം ഉടമയായ സാമൂതിരിക്ക് കത്തെഴുതി. എന്നാൽ തീരുമാനം വൈകി.
ഒടുവിൽ 1966ൽ സത്രം ഈസ്റ്റ് ബ്ലോക്കിലെ ഒഴിവുള്ള പീടിക മുറി ഔട്ട് പോസ്റ്റിന് അനുവദിച്ചു.
1966 ജൂൺ 4ന് ആഭ്യന്തര അസി. സെക്രട്ടറി എം.പി.മാധവൻ നായർ ഔട്ട് പോസ്റ്റ് അനുവദിച്ച് ഉത്തരവിറക്കി. ഇരിങ്ങാലക്കുട
സ്റ്റേഷൻ പരിധിയിലെ കരൂപ്പടന്നയിൽ ഉണ്ടായിരുന്ന ഔട്ട് പോസ്റ്റ് നിർത്തലാക്കി, അവിടത്തെ ഹെഡ് കോൺസ്്റ്റബിളിനെയും 3 കോൺസ്റ്റബിൾമാരെയും ചാവക്കാട് സ്റ്റേഷനിലെ 3 കോൺസ്റ്റബിൾമാരെയും ഇവിടേക്ക് നിയോഗിച്ചു. 1966 സെപ്റ്റംബർ 25ന് ‘ഗുരുവായൂർ പൊലീസ് ഔട്ട് പോസ്റ്റ്’ നിലവിൽ വന്നു.
ഔട്ട് പോസ്റ്റ് വരാൻ വൈകിയെങ്കിലും ക്ഷേത്രത്തിൽ പൊലീസ് ഏകാദശി വിളക്കിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഏകാദശിക്ക് ദശമി മുതൽ ദ്വാദശി വരെ പൊലീസിന് കാക്കി യൂണിഫോം ധരിച്ച് (തൊപ്പി ഒഴികെ) ചുറ്റമ്പലത്തിൽ പ്രവേശിക്കാനും അനുമതി ഉണ്ടായിരുന്നു. 1994ൽ ക്ഷേത്രത്തിനകത്ത് യൂണിഫോമിൽ പൊലീസ് വേണ്ടെന്ന് തീരുമാനിച്ചു.
1970 നവംബർ 29ന് രാത്രി പൊലീസ് വിളക്ക് കഴിഞ്ഞാണ് ക്ഷേത്രത്തിൽ വലിയ അഗ്നിബാധ ഉണ്ടായത്. 1971 മാർച്ച് 9ന് ക്ഷേത്രം സാമൂതിരിയിൽ നിന്ന് സർക്കാർ ഏറ്റെടുത്തു.
1971 ജൂൺ 15ന് ഔട്ട്പോസ്റ്റ് മാറി പൊലീസ് സ്റ്റേഷൻ നിലവിൽ വന്നു.
1976ൽ സർക്കിൾ ഇൻസ്പെക്ടർ ഓഫിസും 2011 മാർച്ച് 27ന് അസി.പൊലീസ് കമ്മിഷണർ ഓഫിസും വന്നു. 2014 ഓഗസ്റ്റ് 25ന് സ്റ്റേഷൻ വിഭജിച്ച് തെക്കേനടയിലെ കെട്ടിടം ടെംപിൾ പൊലീസ് സ്റ്റേഷനാക്കി.
കണ്ടാണശേരിയിൽ പുതിയ ഗുരുവായൂർ പൊലീസ് സ്റ്റേഷൻ ആരംഭിച്ചു. ദേവസ്വം 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയ 15 സെന്റ് സ്ഥലത്ത് 2019 സെപ്റ്റംബർ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ടെംപിൾ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് ശിലയിട്ടു.
2021 ജൂൺ 14ന് മുഖ്യമന്ത്രി ഓൺലൈനിൽ സ്റ്റേഷൻ മന്ദിരം ഉദ്ഘാടനം ചെയ്തു. പൊലീസ് സ്റ്റേഷനിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിലവിളക്ക് തെളിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

