ചാലക്കുടി ∙ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ നിർമിച്ച ട്രാംവേ റെയിൽപാതയുടെ അവശേഷിക്കുന്ന ഭാഗങ്ങൾ സംരക്ഷിക്കാനും പുതുതലമുറയിലുള്ളവർക്ക് അടുത്തറിയാനായി പ്രദർശിപ്പിക്കാനുമായി സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച ട്രാംവേ മ്യൂസിയം ഇനിയും സജ്ജമായില്ല. പ്രധാനമായും കാട്ടിലെ തടി നാട്ടിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് 79.5 കിലോമീറ്റർ നീളത്തിൽ ട്രാംവേ റെയിൽപാത പ്രവർത്തിച്ചിരുന്നത്.2.45 കോടി രൂപ അനുവദിച്ചിട്ടും മ്യൂസിയം പദ്ധതി പാളം കയറിയില്ല.
ആർക്കിയോളജി ഡയറക്ടർ അടക്കമുള്ളവർ 2014 ജൂണിൽ സ്ഥലം സന്ദർശിച്ചതോടെയാണു പദ്ധതി തുടങ്ങുമെന്ന പ്രതീക്ഷയുണ്ടായത്.
ട്രാംവേയുടെ അവശേഷിപ്പുകളിൽ ഭൂരിഭാഗവും കിടക്കുന്നത് പറമ്പിക്കുളം ടൈഗർ റിസർവ് വനത്തിലാണ്. കേന്ദ്ര സർക്കാരിനു കീഴിലുള്ള വകുപ്പിൽ നിന്ന് ഇവ ഏറ്റെടുക്കാൻ അനുമതി നേടിയെടുക്കാൻ പോലും ഇനിയുമായിട്ടില്ല. നടപടികൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ഫണ്ട് അനുവദിച്ചു കിട്ടാത്തതും പ്രശ്നമാണ്.
വനം, പൊതുമരാമത്ത്, ഇറിഗേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥലത്താണു ട്രാംവേയുടെ അവശിഷ്ടങ്ങൾ കിടക്കുന്നത്. ഇവ ഏറ്റെടുക്കാൻ ഈ വകുപ്പുകളുടെ ഏകോപനവും ആവശ്യമാണ്.
ചരിത്ര ശേഷിപ്പുകൾ സ്ഥാപിക്കാനായി ഗവ.
ഐടിഐയ്ക്കു സമീപം ട്രാംവേയുടെ വർക്ക് ഷോപ്പ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ നവീകരണ ജോലികൾ 50 ലക്ഷം രൂപ ചെലവിൽ നടത്തിയിരുന്നു. ഇവിടെയാണു മ്യൂസിയം പ്രവർത്തനസജ്ജമാക്കുകയെന്നാണ് അധികൃതർ അറിയിച്ചത്. നോഡൽ ഏജൻസിയായ ഇന്ററാക്ടീവ് മ്യൂസിയം ഓഫ് കൾച്ചറൽ കേരളയാണ് (ഐഎംസികെ) ട്രാംവേയുടെ അവശേഷിപ്പുകൾ കണ്ടെത്തി ഇവിടെ എത്തിക്കുകയെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
പുരാവസ്തു വകുപ്പിനാകും മ്യൂസിയത്തിന്റെ നടത്തിപ്പ് ചുമതല.
മ്യൂസിയം സ്ഥാപിക്കാനായി റവന്യു വകുപ്പിന്റെ കൈവശമിരുന്ന ഭൂമി പുരാവസ്തു വകുപ്പിനു വിട്ടു നൽകിയിരുന്നു. പറമ്പിക്കുളം മുതൽ ചാലക്കുടി വരെയുള്ള ട്രാംവേയുടെ നിർമാണം 1901 മുതൽ 1907 വരെയായിരുന്നു. പറമ്പിക്കുളം വനമേഖലയിലെ കൂറ്റൻ തേക്ക്,ഈട്ടി തുടങ്ങിയ തടി വിഭവങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ടാണു പ്രധാനമായും ട്രാംവേ റെയിൽ സംവിധാനം സ്ഥാപിച്ചത്.
വൈദ്യുതി കണക്ഷൻ, ടെലിഫോൺ, ആധുനിക മെഡിസിൻ എന്നിവ ചാലക്കുടിയിൽ എത്തുന്നതിനു കാരണമായതു ട്രാംവേയാണ്.
കൊച്ചി രാജ്യത്തിന്റെ അന്നത്തെ വാർഷിക ബജറ്റ് 18 ലക്ഷം രൂപയായിരുന്നു. അതിൽ നാലു ലക്ഷം രൂപ ട്രാംവേയിലൂടെ ലഭിച്ച വരുമാനമായിരുന്നു. ലോകത്തിലെ വിവിധ വെടിക്കോപ്പ് നിർമാണശാലകളിലടക്കം തടിയുടെ വില നിശ്ചയിച്ചിരുന്നതു ചാലക്കുടിയിലായിരുന്നു.
ഇവിടത്തെ തടി വ്യവസായത്തിന്റെ ഉത്ഭവം ട്രാംവേയിലൂടെയായിരുന്നു.
ഒന്നാം ലോക മഹായുദ്ധത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും വേണ്ട മുഴുവൻ തടിയും ഇവിടെ നിന്നാണ് എത്തിയതെന്നതും ചരിത്രം.
വടക്കൻ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള തടികളും പ്രധാനമായും എത്തിയത് ഇവിടെ നിന്നാണ്. ഇന്ത്യൻ റെയിൽവേയുടെ സ്ലീപ്പർ മുഴുവൻ ആദ്യം ബർമയിൽ നിന്നുള്ള തേക്ക് തടി ഉപയോഗിച്ചായിരുന്നു നിർമിച്ചത്.പിന്നീട് പറമ്പിക്കുളത്തു നിന്നുള്ള ട്രാംവേ വഴി എത്തിച്ച തേക്ക് ഈ സ്ഥാനം കയ്യടക്കി.
ഇവിടത്തെ സ്വർണവർണ തേക്ക് എന്നറിയപ്പെട്ട തേക്ക് ലോകമെങ്ങും ഗുണമേന്മയുടെ അടയാളമായി മാറി.
1963 ലാണ് ട്രാംവേ റെയിൽ പദ്ധതി പൂർണമായി നിലച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]