
ചാലക്കുടി ∙ ദേശീയപാതയിലെ തീരാക്കുരുക്ക് ജനത്തിന് ഊരാക്കുടുക്ക് ആയിട്ടും കരാറുകാർക്കും ദേശീയപാത അതോറിറ്റിക്കും അനക്കമില്ല. ദേശീയപാത അടച്ചുകെട്ടി മുരിങ്ങൂരിലും ചിറങ്ങരയിലും നടത്തുന്ന അടിപ്പാത നിർമാണമാണ് ദേശീയപാത 544ൽ പതിവായ ഗതാഗതക്കുരുക്കിനു കാരണമാകുന്നത്.
നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ നിലവാരമുള്ള സർവീസ് റോഡ് ഒരുക്കണമെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിർബന്ധം ഇവർ മുഖവിലയ്ക്കെടുത്തില്ല. സർവീസ് റോഡ് ഇടുങ്ങിയതാണെന്നതിനു പുറമേ നിറയെ കുഴികളുമുണ്ട്.
ശരിയായ വിധത്തിൽ ഇതു ടാർ ചെയ്താൽ ഗതാഗതക്കുരുക്ക് ഒരുപരിധി വരെ പരിഹരിക്കാനാകുമെന്നു ദേശീയപാത അതോറിറ്റിയും കരാറുകാരും സമ്മതിക്കുന്നു.
റോഡ് യാത്രായോഗ്യമാക്കാനായി ഹൈക്കോടതിയും സുപ്രീം കോടതിയും നിർദേശിച്ചിട്ടും ദിവസങ്ങളോളം പ്രദേശത്തു വെയിലുണ്ടായിട്ടും മഴയെ പഴിച്ച് ടാറിങ്ങിനും തയാറാകുന്നില്ല. പാറമടയിൽ നിന്നുള്ള മണ്ണും കല്ലും അടങ്ങിയ അവശിഷ്ടം എത്തിച്ചു റോഡിൽ വിതറി റോളർ ഓടിക്കുക മാത്രമാണ് ചെയ്യുന്നത്.
മഴ പെയ്താൽ ഇതെല്ലാം ഒലിച്ചു റോഡ് ചെളിക്കുളമാകും.
കുഴികൾ കൂടുതൽ വലുതാകുകയും ചെയ്യും. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ കുഴികൾ കാരണം അപകടത്തിൽപെട്ടതു നൂറിലേറെ വാഹനയാത്രികരാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ഇതിലേറെയും.
ഇന്നലെയും ഇരുചക്രവാഹന യാത്രികർ അപകടത്തിൽ പെട്ടു. പലർക്കും പരുക്കേറ്റു.
ഇന്നലെ മുരിങ്ങൂരിൽ ആരംഭിച്ച ഗതാഗതക്കുരുക്ക് ഡിവൈൻ നഗർ മേൽപാത, ചാലക്കുടിപ്പുഴ പാലം വഴി ചാലക്കുടി മേൽപാലത്തിലേക്കു നീണ്ടു.
ലോറി കുഴിയിൽ താഴ്ന്നു; സമാന്തര റോഡിലൂടെ യാത്ര തടസ്സപ്പെട്ടു
മുരിങ്ങൂർ ∙ മുരിങ്ങൂരിൽ ഗതാഗതക്കുരുക്കു കാരണം ദേശീയപാതയിൽ നിന്നു സമാന്തര റോഡ് വഴി പോയ ലോറിയുടെ ചക്രങ്ങൾ റോഡിലെ കുഴിയിൽ താഴ്ന്നു. മുന്നോട്ടു നീങ്ങാനാകാത്ത നിലയിൽ 2 മണിക്കൂറോളമാണ് ലോറി ഇവിടെ കിടന്നത്.
ഇതുകാരണം ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കി. ഇന്നലെ പുലർച്ചെ നാലോടെയാണു ഏത്തക്കായ കയറ്റി പോകുകയായിരുന്ന ലോറിയുടെ ചക്രങ്ങൾ മുരിങ്ങൂരിൽ നിന്നു മേലൂർ റോഡിലേക്കു പോകുന്ന സമാന്തര പാതയിൽ ചെളിയിൽ താഴ്ന്നത്.
പുലർച്ചെ ആറരയോടെയാണു വാഹനം ഇവിടെ നിന്നു നീക്കാനായത്.
ക്രെയിൻ എത്തിച്ചു വാഹനം ഉയർത്താനുള്ള ആദ്യശ്രമം പരാജയപ്പെട്ടു. വാഹനം നിറയെ ഏത്തക്കായ അടുക്കി വച്ചിരുന്നതിനാൽ നല്ല ഭാരമുണ്ടായിരുന്നു. ക്രെയിൻ ഉപയോഗിച്ചു വാഹനം നീക്കിയ ശേഷമാണ് ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കാനായത്.
ഡിവൈൻ നഗർ എത്തും മുൻപേ പൊലീസ് വാഹനങ്ങൾ തടഞ്ഞു സർവീസ് റോഡിലൂടെ വിട്ടു അടിപ്പാതയിലൂടെ കാടുകുറ്റി റോഡിലേക്കു തിരിച്ചുവിട്ടു. ഇതോടെ ഈ വഴിയിലും വാഹനങ്ങളുടെ നീണ്ട
നിരയായി.
ദേശീയപാതയിൽ പുലർച്ചെ നാലിനാരംഭിച്ച അതിരൂക്ഷമായ കുരുക്ക് രാവിലെ 9 വരെ നീണ്ടു. ദേശീയപാതയിൽ നിന്നു വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന സമാന്തര റോഡുകളിലെ തകർച്ച പരിഹരിക്കണമെന്നു മാസങ്ങൾക്കു മുൻപു കലക്ടർ സന്ദർശനവേളയിൽ നിർദേശിച്ചിരുന്നു. ഒരാഴ്ചയ്ക്കകം പരിഹാരമെന്നു ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ഉറപ്പു നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
മറ്റു സമാന്തര റോഡുകളും തകർന്നു തന്നെയാണ്.ഇതേ ഭാഗത്താണ് മാസങ്ങൾക്കു മുൻപു കെഎസ്ആർടിസി ബസ് കുടുങ്ങിയത്. തുടർന്ന് മതിലുകൾ പൊളിച്ചാണ് അന്ന് ബസ് കൊണ്ടു പോകാനായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]