
തൃശൂർ ∙ എൻഎച്ച് 544, എൻഎച്ച് 66 എന്നിവയടക്കമുള്ള റോഡുകൾ സർവത്ര താറുമാറായിരിക്കെ യാത്രക്കാർക്ക് ആശ്രയമാകേണ്ട റെയിൽവേ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കൈകെട്ടിയിരിക്കുന്നു.
മിക്ക ട്രെയിനുകളുടെയും റിസർവേഷൻ കോച്ചുകളിൽ, ടിക്കറ്റ് ആഴ്ചകൾക്കു മുൻപേ വെയ്റ്റിങ് ലിസ്റ്റിലാണ്. ജനറൽ കോച്ചുകളിൽ കാൽകുത്താൻ ഇടമില്ലാത്ത വിധമുള്ള തിരക്കും. ആഴ്ചാവസാന ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും യാത്രക്കാർ ശ്വാസംമുട്ടി യാത്രചെയ്യേണ്ട
അവസ്ഥ.മെമു അടക്കം ഹ്രസ്വദൂര വണ്ടികളിൽ കോച്ചുകളുടെ എണ്ണം ഇനിയും കൂട്ടാമെങ്കിലും റെയിൽവേ നടപടിയെടുക്കാത്തത് ദുരിതം കൂട്ടുന്നു.
കുറഞ്ഞതു 16 കോച്ചുകൾ വരെ സുഖമായി ഓടിക്കാവുന്ന പാലക്കാട് – എറണാകുളം മെമു 8 കോച്ചുകളുമായാണ് ഓടുന്നത്. റോഡ് യാത്ര ദുഷ്കരമായതോടെ, യാത്രക്കാരുടെ ബാഹുല്യമേറിയ തൃശൂർ – എറണാകുളം കോറിഡോറിൽ ലോക്കൽ ട്രെയിനുകൾ ഓടിക്കാനും നിലവിലുള്ള ലോക്കൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനും റെയിൽവേക്കു കഴിയും. പാലക്കാട് – എറണാകുളം മെമുവിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്നു 16 ആയി വർധിപ്പിക്കണം എന്ന ആവശ്യത്തിനു ദീർഘകാല പഴക്കമുണ്ട്.
കേരളത്തിനുള്ളിലോടുന്ന ഇന്റർസിറ്റി എക്സ്പ്രസുകൾ, പാസഞ്ചറുകൾ എന്നിവയ്ക്കും കോച്ചുകളുടെ എണ്ണം കൂട്ടാൻ ബുദ്ധിമുട്ടില്ല. ട്രെയിനുകളിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന വൈകുന്നേരങ്ങളിൽ ആറരയ്ക്കും രാത്രി ഒൻപതരയ്ക്കുമിടയിൽ തൃശൂർ – എറണാകുളം ദിശയിൽ ട്രെയിനില്ല.
തൃശൂർ – ഷൊർണൂർ ദിശയിൽ ഉച്ചയ്ക്കു 2.30 മുതൽ വൈകിട്ട് 5.30 വരെയും ട്രെയിനില്ല. ട്രാക്കുകൾ സുരക്ഷിതമാക്കാൻ റെയിൽവേയുടെ പരിശോധനകൾ നടത്തുന്നതിനു വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന ‘മെയ്ന്റനൻസ് സ്ലോട്ട്’ ആണിത്.
ദൈനംദിന യാത്രക്കാർ ഏറ്റവുമധികമെത്തുന്ന സമയത്തുനിന്ന് അറ്റകുറ്റപ്പണി സ്ലോട്ട് ഒഴിവാക്കിയാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും.ഗുരുവായൂർ – മധുര എക്സ്പ്രസ്, ഗുരുവായൂർ – എറണാകുളം പാസഞ്ചർ, കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് ട്രെയിനുകളിൽ പരമാവധി കോച്ചുകൾ ഘടിപ്പിച്ചും ദൈനംദിന യാത്രക്കാരെ സഹായിക്കാൻ റെയിൽവേക്കു കഴിയും. പാലരുവി എക്സ്പ്രസിനും ഷൊർണൂർ – തിരുവനന്തപുരം വേണാടിനും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുന്നതും യാത്രക്കാർക്കു തുണയാകും.
എൻജിൻ തകരാർ; മെമു ചാലക്കുടിയിൽ പിടിച്ചിട്ടത് ജനത്തെ വലച്ചു
ചാലക്കുടി ∙ പാലക്കാടു നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന മെമു എൻജിൻ തകരാറിനെ തുടർന്നു ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂർ പിടിച്ചിട്ടു.
തുടർന്ന് ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു. പകരം എൻജിൻ എത്തിച്ച ശേഷമാണ് യാത്ര തുടർന്നത്. ഇന്നലെ 9.40നാണു തകരാർ കണ്ടെത്തിയത്.
ബാറ്ററി ഡൗണായതിനെ തുടർന്നാണ് എൻജിൻ തകരാറായി പ്രവർത്തനരഹിതമായത്.
ചാലക്കുടി സ്റ്റേഷനിൽ പിടിച്ചിട്ട ട്രെയിൻ 12.40നാണു യാത്ര പുനരാരംഭിച്ചത്.
ദേശീയപാതയിലെ ഭീകരമായ ഗതാഗതക്കുരുക്കിനെ തുടർന്നു യാത്രയ്ക്കു ട്രെയിനിനെ ആശ്രയിച്ച ആയിരക്കണക്കിനു യാത്രക്കാർ ബുദ്ധിമുട്ടിലായി. ചാലക്കുടി മുതൽ എറണാകുളം വരെ മെമു കാത്തു നിന്നവരും കുഴങ്ങി.
അതേസമയം, ഇതുകാരണം മറ്റു ട്രെയിനുകൾ പിടിച്ചിടേണ്ടി വന്നില്ലെന്നും അവ സമയത്തിനു തന്നെ ഓടിയെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ആശ്രയിക്കാം, ഈ വണ്ടികളെ
തൃശൂരിൽ നിന്നു കോഴിക്കോട്, എറണാകുളം റൂട്ടുകളിലേക്കു ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കു റിസർവേഷൻ കോച്ചുകളിൽ പലപ്പോഴും ടിക്കറ്റ് ലഭ്യമാകണമെന്നില്ല. സംസ്ഥാനാന്തര യാത്ര നടത്തുന്ന ദീർഘദൂര ട്രെയിനുകളിൽ ജനറൽ കംപാർട്മെന്റുകൾ വിരളവുമാകും. ജോലിക്കാർ, വിദ്യാർഥികൾ അടക്കം ദൈനംദിന യാത്രക്കാർക്കും ആസൂത്രിതമല്ലാത്ത യാത്രകൾക്കിറങ്ങുന്നവർക്കും ഇന്റർസിറ്റി, എക്സിക്യൂട്ടീവ്, പാസഞ്ചർ ട്രെയിനുകളെ ആശ്രയിക്കാം.
സെക്കൻഡ് ക്ലാസ്, ജനറൽ കംപാർട്മെന്റുകൾ കൂടുതലുള്ള ആ വണ്ടികളിതാ.. (കേരളത്തിനു പുറത്തേക്കോടുന്ന ട്രെയിനുകളിൽ ജനറൽ കോച്ച് കൂടുതലുള്ള പരശുറാം എക്സ്പ്രസ് ഒഴികെയുള്ളവ ഈ പട്ടികയിലില്ല)
തൃശൂർ – എറണാകുളം ദിശയിലേക്ക് പുലർച്ചെ 5.20: ഷൊർണൂർ – എറണാകുളം മെമു
7.18: ഗുരുവായൂർ – എറണാകുളം പാസഞ്ചർ
8.56: പാലക്കാട് – എറണാകുളം മെമു
9.35: കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്
11.35: പരശുറാം എക്സ്പ്രസ്
ഉച്ചയ്ക്ക് 1.57: ഗുരുവായൂർ – എറണാകുളം പാസഞ്ചർ
3.16: വേണാട് എക്സ്പ്രസ്
3.40: തിരുവനന്തപുരം ജൻശതാബ്ദി (സെക്കൻഡ് സിറ്റിങ് കോച്ചുകളാണു കൂടുതലെങ്കിലും റിസർവേഷൻ നിർബന്ധം)
5.41: നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ്
6.35: കണ്ണൂർ – എറണാകുളം ഇന്റർസിറ്റി
11.28: രാജ്യറാണി എക്സ്പ്രസ്
തൃശൂർ – ഷൊർണൂർ ദിശയിലേക്ക്
ട്രെയിൻ എറണാകുളത്തുനിന്ന് പുറപ്പെടുന്ന സമയം ബ്രാക്കറ്റിൽ.
പുലർച്ചെ 2.32 : രാജ്യറാണി എക്സ്പ്രസ് (1.05)
6.45: തൃശൂർ – കണ്ണൂർ എക്സിക്യൂട്ടീവ്
6.57: ഗുരുവായൂർ എക്സ്പ്രസ് (പൂങ്കുന്നം വഴി ഗുരുവായൂർ)(5.00)
7.16: കണ്ണൂർ – ഇന്റർസിറ്റി എക്സ്പ്രസ് (6.00)
7.58: എറണാകുളം – ഗുരുവായൂർ പാസഞ്ചർ (പൂങ്കുന്നം വഴി ഗുരുവായൂർ)(6.18)
8.30: നിലമ്പൂർ റോഡ് എക്സ്പ്രസ് (6.45)
9.57:പാലക്കാട് പാലരുവി എക്സ്പ്രസ് (8.43)
10.35: കോഴിക്കോട് ജൻശതാബ്ദി (സെക്കൻഡ് സിറ്റിങ് കോച്ചുകളാണു കൂടുതലെങ്കിലും റിസർവേഷൻ നിർബന്ധം) (9.17)
11.07: വേണാട് എക്സ്പ്രസ് (9.45)
ഉച്ചയ്ക്ക് 12.28: പരശുറാം എക്സ്പ്രസ് (10.55)
19.35 ശബരി എക്സ്പ്രസ് (11.15)
വൈകിട്ട് 4.39: എറണാകുളം–പാലക്കാട് മെമു (ഒറ്റപ്പാലം വഴി) (2.45)
5.35: തൃശൂർ – ഷൊർണൂർ പാസഞ്ചർ
6.58: കണ്ണൂർ എക്സിക്യൂട്ടീവ് (5.15)
7.28: എറണാകുളം – ഷൊർണൂർ മെമു (5.40)
8.20: കണ്ണൂർ ജൻശതാബ്ദി (സെക്കൻഡ് സിറ്റിങ് കോച്ചുകളാണു കൂടുതലെങ്കിലും റിസർവേഷൻ നിർബന്ധം) (7.03)
9.23: എറണാകുളം – ഗുരുവായൂർ പാസഞ്ചർ (പൂങ്കുന്നം വഴി ഗുരുവായൂർ) (7.40)
11.18: ഗുരുവായൂർ ഇന്റർസിറ്റി (പൂങ്കുന്നം വഴി ഗുരുവായൂർ) (9.42)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]