
‘അടിമുടി സർക്കാർ മയം’: ‘എന്റെ കേരളം’ പ്രദർശന വിപണന മേളയ്ക്ക് തൃശൂരിൽ തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയ്ക്കു തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിൽ തുടക്കമായി. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്ത് അദ്ഭുതപ്പെടുത്തുന്ന ഒട്ടേറെ കേരള മോഡലുകൾ കഴിഞ്ഞ 9 വർഷത്തിൽ സാധ്യമാക്കിയെന്ന അനുഭവത്തിന്റെ കരുത്തോടെയാണു പത്താം വർഷത്തിലേക്കു സർക്കാർ കടക്കുന്നതെന്നു മന്ത്രി പറഞ്ഞു. മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ എ.സി.മൊയ്തീൻ, മുരളി പെരുനെല്ലി, ഇ.ടി.ടൈസൺ, യു.ആർ.പ്രദീപ്, എൻ.കെ.അക്ബർ, കെ.കെ.രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ ചേംബർ പ്രസിഡന്റ് എം.കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.വി.നഫീസ, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എസ്.ബസന്ത് ലാൽ, ജില്ലാ സെക്രട്ടറി ടി.വി.സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.ആർ.രവി, കലക്ടർ അർജുൻ പാണ്ഡ്യൻ, സബ് കലക്ടർ അഖിൽ വി.മേനോൻ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.കെ.വേലായുധൻ തുടങ്ങിയവർ പ്രസംഗിച്ചു.
അടിമുടി സർക്കാർ മയം
സർക്കാർ വകുപ്പുകളെക്കുറിച്ചും വ്യത്യസ്ത പദ്ധതികളെക്കുറിച്ചും അറിവു പകരുന്നതാണു എന്റെ കേരളം മേള. സർക്കാർ വകുപ്പുകളുടെ 150 തീം സ്റ്റാളുകളും 38 വാണിജ്യ സ്റ്റാളുകളും പ്രദർശനത്തിലുണ്ട്. ഭക്ഷ്യ–കാർഷിക മേള, കലാ–സാംസ്കാരിക പരിപാടികൾ, സെമിനാർ, സിനിമ പ്രദർശനം എന്നിവയും മേളയുടെ ഭാഗമാണ്. 24 വരെ നടക്കുന്ന മേളയിലേക്കു രാവിലെ 10 മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്കു പ്രവേശനമുണ്ട്. പ്രവേശനം സൗജന്യം. എല്ലാ ദിവസവും രാത്രി 8നാണ് കലാ–സാംസ്കാരിക പരിപാടികൾ.
വിപുലമായ ഫുഡ് കോർട്ട്
പ്രദർശന നഗരിയിലെ ഫുഡ് കോർട്ടിൽ കുടുംബശ്രീ, ജയിൽ വകുപ്പ്, മിൽമ, കെടിഡിസി തുടങ്ങിയ വകുപ്പുകൾ വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സ്റ്റാളിൽ വിവിധതരം സസ്യാഹാരങ്ങളുണ്ട്. വെജ് ബിരിയാണി, ചപ്പാത്തി, ഫ്രീഡം ലഞ്ച് തുടങ്ങിയവയാണ് ജയിൽ വകുപ്പ് ക്രമീകരിച്ചിരിക്കുന്നത്. കെടിഡിസിയുടെ സ്റ്റാളിൽ നാലു തരം പായസമുണ്ട്. ഐസ്ക്രീം, സംഭാരം തുടങ്ങിയ മിൽമയുടെ എല്ലാ ഉൽപന്നങ്ങളും സ്റ്റാളിൽ ലഭിക്കും. ട്രിച്ചൂർ അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടു സ്റ്റാളുകളുണ്ട്.