ചാലക്കുടി ∙ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കുടിയിറക്ക് ഭീഷണിയെ തുടർന്നു ഗൃഹനാഥൻ ജീവനൊടുക്കി. വെട്ടുകടവ് റോഡിൽ ചിറക്കൽ സോമസുന്ദര പണിക്കരെയാണു (64) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചാലക്കുടി ബിജെപി മുൻ മണ്ഡലം ജനറൽ സെക്രട്ടറിയാണ്. 10 വർഷം മുൻപു കോടികൾ വിലമതിക്കുന്ന 18 സെന്റ് സ്ഥലവും 3500 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഈടുനൽകി വൻതുക വായ്പ എടുത്തിരുന്നു.
വായ്പാ നടപടികളുടെ ഭാഗമായി ധനകാര്യ സ്ഥാപന ഉടമയുടെ പേരിൽ വീടും സ്ഥലവും തീറുനൽകി.
വായ്പ കുടിശിക വന്നതോടെ സോമസുന്ദര പണിക്കർ വീട് ഒഴിഞ്ഞു കൊടുക്കുകയും പണിക്കർക്കു കുടിശിക കഴിഞ്ഞുള്ള തുക നൽകാമെന്നു സ്ഥാപനം സമ്മതിക്കുകയും ചെയ്തതായി കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ തുക ലഭിക്കാതെ വന്നതോടെ പണിക്കരും കുടുംബവും വീണ്ടും ഇതേ വീട്ടിൽ താമസം ആരംഭിച്ചു. ഇതോടെ 6 ലക്ഷം രൂപ വീട്ടുവാടക കുടിശിക വരുത്തിയതായി കാണിച്ചു ധനകാര്യ സ്ഥാപനം ഇരിങ്ങാലക്കുട
സെഷൻസ് കോടതിയിൽ പരാതി നൽകിയതു പ്രകാരം സ്ഥാപന ഉടമയ്ക്ക് അനുകൂല വിധിയുണ്ടായി.
വീട് ഒഴിപ്പിക്കാൻ എത്തുമെന്നു രണ്ടു ദിവസം മുൻപ് പണിക്കരെ ഫോണിൽ അറിയിക്കുകയും ചെയ്തു. കോടതി ഉത്തരവിനു സ്റ്റേ സമ്പാദിക്കാനായി പണിക്കർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഇന്നലെ കോടതിയിൽ പോയി മടങ്ങിയെത്തി 11.30ന് വീടിനകത്തെ മുറിയിൽ കയറിയ ഇദ്ദേഹത്തെ തൂങ്ങിയ നിലയിലാണു കണ്ടത്. ശബ്ദം കേട്ട് എത്തിയ കുടുംബാംഗങ്ങൾ കയർ മുറിച്ച് താഴെയെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതറിയാതെ സ്ഥാപന അധികൃതർ ജപ്തി നടപടികൾക്ക് കോടതി ആമീനൊപ്പം പൊലീസ് സംരക്ഷണം തേടി ചാലക്കുടി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഇദ്ദേഹം ജീവനൊടുക്കിയത് അറിഞ്ഞ പൊലീസ് വീട് ഒഴിപ്പിക്കലിനു സംരക്ഷണം നൽകാൻ കൂട്ടാക്കിയില്ല. കഴിഞ്ഞയാഴ്ച കുടുംബാംഗങ്ങളാരും വീട്ടിലില്ലാതിരുന്ന സമയത്തു ധനകാര്യ സ്ഥാപനത്തിലെ ആളുകൾ വീടിന്റെ ഗേറ്റിന്റെ താഴുതകർത്ത് വീട്ടിൽ അതിക്രമിച്ചു കയറിയതായും പരാതിയുണ്ട്.
കുടിശിക വരുത്തിയ പണം കഴിച്ചു തങ്ങൾക്കു നൽകേണ്ട
പണം നൽകാതെ കബളിപ്പിച്ചെന്നാണു കുടുംബാംഗങ്ങളുടെ പരാതി. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
എസ്എച്ച്ഒ എം.കെ.സജീവിന്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. സംസ്കാരം ഇന്ന്.
ഭാര്യ: ലതിക (ബിജെപി ജില്ലാ കമ്മിറ്റി അംഗം).(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, സഹായം ലഭ്യമാകാൻ വിളിക്കാം: ദിശ ഹെൽപ് ലൈൻ– 1056, ടെലി മനസ്സ് ഹെൽപ് ലൈൻ– 14416) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

