
തൃശൂർ ∙ കേരളത്തിന്റെ കാർഷികമേഖല വളർച്ചയുടെ പാതയിലാണെന്നും ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കേരളം കൈവരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷം ദേശീയതലത്തിൽ 2.1 ശതമാനം വളർച്ച നേടിയപ്പോൾ സംസ്ഥാനത്ത് 4.65 ശതമാനമായിരുന്നു.
കർഷകന്റെ വരുമാനത്തിൽ 50 ശതമാനം വർധനയ്ക്കുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി. മിഷൻ 2026 എന്ന ഹ്രസ്വകാല കാർഷിക പദ്ധതിയും മിഷൻ 2033 എന്ന ദീർഘകാല പദ്ധതിയും ഗുണം ചെയ്തു. സമഗ്ര കാർഷിക വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കി.
നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 3108 കിലോഗ്രാം ആയി വർധിപ്പിക്കാനും കേരഗ്രാമം പദ്ധതിയിലൂടെ നാളികേര കൃഷിയിൽ 54 ശതമാനം വളർച്ച കൈവരിക്കാനും സാധിച്ചു.
കാലാവസ്ഥാ വ്യതിയാനവും വിപണി അനിശ്ചിതത്വവും വന്യമൃഗ ആക്രമണങ്ങളും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും മൂല്യവർധിത ഉൽപാദനരംഗത്ത് മാറ്റം കൊണ്ടുവരുന്നതിനും ലോകബാങ്കിന്റെ സഹകരണത്തോടെ 2365 കോടി രൂപയുടെ കേര പദ്ധതി നടപ്പിലാക്കുകയാണ്.
നാല് ലക്ഷം കർഷകർക്ക് നേരിട്ടും 10 ലക്ഷം കർഷകർക്കു പരോക്ഷമായും കേര പദ്ധതിയുടെ പ്രയോജനം ലഭിക്കും.
40 വർഷങ്ങൾക്കു ശേഷമാണു ലോകബാങ്കിന്റെ ബൃഹദ് പദ്ധതി കാർഷികമേഖലയ്ക്കു ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു.
കർഷക അവാർഡ് ജേതാക്കളുടെ വിജയഗാഥ കോർത്തിണക്കിയ ‘ഹരിതഗാഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. മുതിർന്ന കർഷകൻ ജോസഫ് പള്ളൻ, കർഷകത്തൊഴിലാളി എ.ആർ.സംഗീത എന്നിവരെ മന്ത്രി.കെ രാജൻ ആദരിച്ചു. സംസ്ഥാന കർഷക പുരസ്കാര ജേതാക്കൾക്കു മന്ത്രിമാരായ പി.പ്രസാദും കെ.രാജനും ചേർന്നു പുരസ്കാരങ്ങൾ വിതരണം ചെയ്തു.
മേയർ എം.കെ.വർഗീസ്, എംഎൽഎമാരായ പി.ബാലചന്ദ്രൻ, എൻ.കെ.അക്ബർ, എ.സി.മൊയ്തീൻ, മുരളി പെരുനെല്ലി, യു.ആർ പ്രദീപ്, സനീഷ് കുമാർ ജോസഫ്, വി.ആർ സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, ഇ.ടി.ടൈസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്, കൃഷി വകുപ്പ് ഡയറക്ടർ ഡോ.ശ്രീറാം വെങ്കിട്ടരാമൻ, മണ്ണ് സംരക്ഷണ പര്യവേഷണ വകുപ്പ് ഡയറക്ടർ സാജു കെ.സുരേന്ദ്രൻ, സ്റ്റേറ്റ് ഹോട്ടികൾച്ചർ മിഷൻ ഡയറക്ടർ സജി ജോൺ, കാർഷിക സർവകലാശാല റജിസ്ട്രാർ ഡോ.എ.സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥി കോർണറിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണു പരിപാടികൾക്കു തുടക്കമായത്.
സമഗ്ര വികസനത്തിന് കേര: സെമിനാർ
തൃശൂർ∙ കാർഷിക മേഖലയുടെ സമഗ്ര വളർച്ച, കാലാവസ്ഥ അനുസൃത കൃഷിരീതികളിലൂടെ ഉൽപാദന വർധന എന്നിവ ലക്ഷ്യമിട്ടാണു കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ കേര പദ്ധതി (കേരള ക്ലൈമറ്റ് അഗ്രി വാല്യു ചെയിൻ മോഡേണൈസേഷൻ പ്രോജക്ട്) നടപ്പിലാക്കുന്നതെന്നു വിശദീകരണം.
കേര പദ്ധതിക്ക് ലോക ബാങ്ക് നൽകിയ ഫണ്ട് വകമാറ്റിയെന്നത് വിവാദമായിരുന്നു. കേരളത്തിലെ അഗ്രി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുക, കാർഷിക മേഖലയെ ഊർജിതപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കുക, മൂല്യവർധിത കാർഷിക ഉൽപന്നങ്ങളുടെ ഉൽപാദനവും വിപണനവും വർധിപ്പിക്കുക, കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തുടങ്ങിയവയാണു ലക്ഷ്യമാക്കുന്നത്.
ലോകബാങ്കിന്റെ 2365 കോടി രൂപ ധനസഹായമുണ്ട്.
ഓരോ പ്രദേശങ്ങൾക്കും അനുയോജ്യമായ കൃഷിരീതികൾ നടപ്പിലാക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു പദ്ധതി നിർവഹണത്തിനായി പ്രത്യേക സഹായം നൽകും.
റബർ, കാപ്പി, ഏലം എന്നീ വിളകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്റർനാഷനൽ റൈസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, വ്യവസായ വാണിജ്യ വകുപ്പ്, കിൻഫ്ര, കേരള കാർഷിക സർവകലാശാല, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കേരള സ്റ്റാർട്ടപ്പ് മിഷൻ, ജലസേചന വകുപ്പ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ് എന്നിവരുടെ പങ്കാളിത്തത്തോടെയാണു നടപ്പിലാക്കുന്നത്. ഇന്റർനാഷനൽ റൈസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ.സി.പ്രകാശ്, കേര ഡപ്യൂട്ടി റീജനൽ പ്രോജക്ട് ഡയറക്ടർ ജോസഫ് ജോൺ തേറാട്ടിൽ എന്നിവരാണു ക്ലാസുകൾ നയിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]