വെള്ളിക്കുളങ്ങര ∙ കാൽപാദം അറ്റുവീഴാറായ നിലയിൽ കാണപ്പെട്ട കാട്ടാനയ്ക്കു കുളമ്പ് രോഗബാധയുള്ളതായി സൂചന.
എന്നാൽ ആനയെകണ്ടെത്തുന്ന കാര്യത്തിൽ ഇതുവരെയും കാര്യമായ പുരോഗതിയില്ല. ഒരുമാസം മുൻപ് ആനയുടെ കാലിലെ പരുക്ക് അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് വനം വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ പ്രാഥമിക നിരീക്ഷണത്തിൽ ആനയുടെ ആരോഗ്യനില തൃപ്തികരമെന്നായിരുന്നു നിഗമനം.
വെള്ളിക്കുളങ്ങര റേഞ്ചിലെ ചൊക്കന വനത്തിൽ നാലു ദിവസം മുൻപാണു കാൽപാദം അറ്റ നിലയിൽ ചെളിക്കുഴിയിൽ നിൽക്കുന്ന ഇരുപത് വയസ്സുള്ള കൊമ്പനെ നാട്ടുകാർ കണ്ടത്.
കാൽപാദം അറ്റുപോയതിനാൽ ആനയുടെ അതിജീവനം സംബന്ധിച്ച് ആശങ്കയുണ്ട്. കാട്ടാനയുടെ നില ഗുരുതരമായതിനാൽ ചികിത്സ നൽകുന്നത് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ചെളിയിൽ നിൽക്കുന്നതിനാൽ കാലിലെ മുറിവ് അഴുകി ഉണ്ടാകുന്ന അണുബാധ ആനയുടെ ജീവനു ഭീഷണിയാണ്.
വെള്ളത്തിനായി കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയാത്തതിനാൽ ചെളി നിറഞ്ഞ വെള്ളക്കെട്ടിലാണ് ആന നിലയുറപ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം മുതൽ വനംവകുപ്പ് പ്രത്യേക നിരീക്ഷണം ആരംഭിച്ചു. ഇന്നലെ വെള്ളിക്കുളങ്ങര റേഞ്ചിൽ നിന്ന് ചിമ്മിനി മുക്കണാംകുന്ന് വനത്തിലേക്കു ആന നീങ്ങിയതായി റേഞ്ച് ഓഫിസർ വി.കെ.ഷിനോജ് അറിയിച്ചു. ഇന്നലെ നിരീക്ഷണ സംഘത്തിന് ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല.
കൊമ്പൻ ആനക്കൂട്ടത്തിന്റെ കൂടെ ഉൾക്കാട്ടിലേക്കു കയറിപ്പോയെന്നു കരുതുന്നതായി വനംവകുപ്പ് അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ആനയെ കണ്ടതിനു സമീപം 150 മീറ്റർ അകലെ വനത്തിൽ ആനയെ കണ്ടതായി നാട്ടുകാർ പറയുന്നു.
നടക്കാനുള്ള ശേഷി കുറഞ്ഞതോടെ ഭക്ഷണം കഴിക്കാതെ ആന അവശനിലയിലാണ്. വനപ്രദേശത്തിനു സമീപം കെണി, പടക്കം എന്നിവ വയ്ക്കുന്നതു മൂലം ഇത്തരം അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. പരിയാരം റേഞ്ചിലെ കാരിക്കടവ് ഭാഗത്ത് നിന്ന് ആനയുടെ രണ്ടു കാൽപാദം ലഭിച്ചിരുന്നു.
ചായ്പൻകുഴി സ്റ്റേഷൻ പരിധിയിലെ വനത്തിൽ നിന്ന് ലഭിച്ച കാൽപാദങ്ങൾ ചൊക്കന വനത്തിൽ കാണപ്പെട്ട കൊമ്പന്റെയാണെന്നതിനു സ്ഥിരീകരണമില്ല.
കാട്ടാനകളുടെ കുളമ്പ് അടർന്ന് പോകുന്നുണ്ടെങ്കിൽ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നു പറയുന്നു.
നാട്ടിൽ തീറ്റ തേടിയ ഇറങ്ങുന്ന ആനകളിൽ കന്നുകാലികളിൽ കണ്ടുവരുന്ന കുളമ്പു ഊരിപ്പോകുന്ന അസുഖം വരാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആനയ്ക്കു ചികിത്സ നൽകുന്നത് വനംവകുപ്പിന്റെ ആലോചനയിലുണ്ടെന്നാണു ലഭിക്കുന്ന വിവരം. ആനയെ മയക്കുവെടി വച്ച് പിടിക്കുന്നതും തുടർ ചികിത്സയും വനം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

