കുന്നംകുളം ∙ ജില്ലാ റവന്യു സ്കൂൾ കായികോത്സവം സീനിയർ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ എ.സി.മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ അധ്യക്ഷയായി.
വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ, വാർഡ് കൗൺസിലർ ബിജു സി.േബബി, ഡിഇഒ ടി.രാധ, എഇഒ എ.മൊയ്തീൻ, ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ഐ.റസിയ എന്നിവർ പ്രസംഗിച്ചു. നാളെ വൈകിട്ട് 4ന് നടത്തുന്ന സമാപന സമ്മേളനം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അധ്യക്ഷനാകും.
സീനിയർ ഗ്രൗണ്ടിൽ രാത്രിയും മത്സരം നടത്താൻ സാധിക്കുന്ന വിധം സ്ഥിരം ഫ്ലഡ്ലൈറ്റ് സംവിധാനം സജ്ജമാക്കുമെന്നു എ.സി.മൊയ്തീൻ എംഎൽഎ പറഞ്ഞു. സ്റ്റേഡിയത്തിന്റെ മുൻവശത്ത് ശുചിമുറി കോംപ്ലക്സ് നിർമിക്കും.
ഇതിന് 2 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞതായും എംഎൽഎ പറഞ്ഞു.
കായികാധ്യാപകരെ അനുനയിപ്പിച്ച് എംഎൽഎ
കുന്നംകുളം∙ കായികാധ്യാപകരുടെ പ്രതിഷേധത്തിനു പിന്നാലെ അധ്യാപകരുടെ പ്രശ്നങ്ങളിൽ നയപരമായ ചർച്ചകളുണ്ടാകുമെന്നും സർക്കാർ അനുകൂല തീരുമാനം സ്വീകരിക്കുമെന്നും എ.സി.
മൊയ്തീൻ എംഎൽഎ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. അധ്യാപകർക്കു പ്രതിഷേധം രേഖപ്പെടുത്താൻ അവകാശമുണ്ടെന്നും അവരത് ഉന്നയിച്ചു കഴിഞ്ഞെന്നും എന്നാൽ ജില്ലാ കായികമേള വിജയിപ്പിക്കാൻ പരിശ്രമിക്കണമെന്നും എംഎൽഎ പറഞ്ഞു.
∙ ജില്ലാ കായികമേളയ്ക്കായി ഡ്യൂട്ടി നൽകിയിട്ടുള്ള കായികാധ്യാപകർ ഒപ്പിട്ട് അതത് ഇനങ്ങളുടെ നടത്തിപ്പിനായി എത്തണമെന്ന് ഒട്ടേറെ തവണ പവിലിയനിൽ നിന്ന് അറിയിപ്പു ലഭിച്ചിട്ടും പലരും എത്തിയില്ല. ഒപ്പു രേഖപ്പെടുത്തിയ ചിലരാകട്ടെ ഇനങ്ങളുടെ നടത്തിപ്പിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്തു.കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക, യുപി, ഹൈസ്കൂൾ തസ്തിക നിർണയ മാനദണ്ഡങ്ങൾ പരിഷ്കരിക്കുക, ഹയർ സെക്കൻഡറിയിൽ കായികാധ്യാപക തസ്തിക അനുവദിച്ച് പ്രമോഷനും നിയമനവും നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കായികാധ്യാപകർ മേളയുടെ നടത്തിപ്പിൽ നിന്നു വിട്ടുനിൽക്കുന്നത്.
അളക്കാൻ ടേപ്പില്ല
ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപ് മത്സരത്തിൽ അളക്കാൻ രണ്ടാമതൊരു ടേപ്പ് ഇല്ലെന്ന പേരിൽ മത്സരം ഒന്നര മണിക്കൂർ വൈകിയത് പ്രതിഷേധത്തിനിടയാക്കി.
രാവിലെ ആരംഭിക്കേണ്ട ഇനത്തിനായി കുട്ടികൾ വാം അപ് ചെയ്ത് ഏറെ നേരം കഴിഞ്ഞിട്ടും മത്സരം തുടങ്ങാതിരുന്നതോടെയാണ് മാതാപിതാക്കളും പരിശീലകരും ജംപിങ് പിറ്റിനു സമീപം പ്രതിഷേധിച്ചത്.
മത്സരാർഥികളിൽ ഒരാളുടെ കൈവശമുണ്ടായിരുന്നു ടേപ് ഉപയോഗിച്ച് മത്സരം ആരംഭിക്കുകയായിരുന്നു.
കൈമാറി കൈമാറിയെത്തിയ പോൾ
കുന്നംകുളം ∙ ‘‘മുളയിലുള്ള ഈ പോളിന് ഞങ്ങളേക്കാൾ പ്രായമുണ്ട്. സ്കൂൾ മീറ്റുകളിലെ സീനിയർ താരമാണിവൻ.
അതിനാൽ പൊന്നു പോലെയാണ് ഞങ്ങൾ ഈ പോൾ സൂക്ഷിക്കുന്നത്’’. ചേലക്കര ഗവ. എസ്എംടി എച്ച്എസ്എസിലെ പോൾവോൾട്ട് താരങ്ങൾ മുളയിൽ നിർമിച്ച പോൾ തലോടി പറഞ്ഞു.
ജില്ലാ സ്കൂൾ അത്ലറ്റിക്സിലെ പോൾവോൾട്ടിൽ കഴിഞ്ഞ 18 വർഷമായി എസ്എംടി സ്കൂളിലെ കുട്ടികൾ ഫൈബർ പോളിനു പകരം ഉപയോഗിക്കുന്നത് മുളകൊണ്ടുള്ള പോളാണ്. തലമുറകളായി അതു കൈമാറി പോരുന്നു.
സ്കൂളിൽ മണൽ നിറച്ച താൽക്കാലിക ബെഡിലേക്കു ചാടിയാണ് പരിശീലനം.
ഇന്നലെ സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയായ നന്ദന എസ്.മേനോൻ ഇതേ പോളിൽ ഉയർന്നു ചാടി സ്വർണം നേടി (1.60 മീറ്റർ). തോന്നൂർക്കര അമ്പലപ്പാട്ട് എ.ശിവദാസിന്റെയും പ്രേമകുമാരിയുടെയും മകളാണ് നന്ദന.
മറ്റ് വിഭാഗങ്ങളിലെ പോൾവോൾട്ട് മത്സരങ്ങളിലും സ്കൂളിലെ താരങ്ങൾ ഇതേ പോളാണ് ഉപയോഗിച്ചത്. സീനിയർ ആൺകുട്ടികളിൽ സ്കൂളിലെ വിജയ് ഗോപി വെള്ളി നേടി.
പി.എസ്.സന്തോഷ്, മേരി ജോർജ് എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. കാലപ്പഴക്കത്താൽ പോളിന്റെ ഒരു ഭാഗം തകരാറിലായിട്ടുണ്ട്.
എങ്കിലും ഒട്ടിച്ചും മറ്റും കുട്ടികൾ ഇപ്പോഴും അതുപയോഗിക്കുന്നു.
ഇരട്ട സ്വർണം
കുന്നംകുളം ∙ ജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനം ഇരട്ട
സ്വർണം സ്വന്തമാക്കി അഭിനന്ദന രാജേഷും ഇ.ജെ. സോണിയയും.
ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിലും ലോങ് ജംപിലുമാണ് തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസിലെ അഭിനന്ദന സ്വർണം നേടിയത്. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിലും ഹൈജംപിലും ആളൂർ ആർഎം എച്ച്എസ്എസിലെ സോണിയ സ്വർണം നേടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]