ടോൾ പിരിവ്: തീരുമാനം നാളെ
തൃശൂർ ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന്റെ പേരിൽ ഓഗസ്റ്റ് 6ന് നിർത്തിയ പാലിയേക്കരയിലെ ടോൾ പിരിവ് പുനഃസ്ഥാപിക്കുന്ന കാര്യം ഹൈക്കോടതി ഇനി പരിഗണിക്കുന്നത് നാളെ . അറ്റകുറ്റപ്പണിയിലെ വീഴ്ചയെത്തുടർന്ന് അതിഗുരുതരമായ ഗതാഗതക്കുരുക്ക് പതിവായതോടെ കഴിഞ്ഞ ഓഗസ്റ്റ് 6ന് ആണ് ഹൈക്കോടതി ടോൾ പിരിവ് നിർത്തിവയ്പിക്കുന്നത്.
അടിപ്പാത നിർമാണങ്ങളിൽ എൻഎച്ച്എഐ വേണ്ടത്ര ജാഗ്രത പുലർത്താത്തതാണു പ്രധാന പ്രതിസന്ധിയായത്.
യാത്രക്കാരുടെ ദുരിതങ്ങളെ തുടക്കം മുതൽ കണക്കിലെടുക്കാത്ത എൻഎച്ച്എഐ നിലപാടിനെക്കുറിച്ച് കലക്ടർ അർജുൻ പാണ്ഡ്യൻ നൽകിയ റിപ്പോർട്ട് ആണ് ടോൾ നിർത്തിവയ്ച്ചുകൊണ്ടുള്ള വിധിക്ക് ഹൈക്കോടതി അടിസ്ഥാനമാക്കിയത്. നാളെ കേസ് പരിഗണിക്കും മുൻപ് വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അറ്റകുറ്റപ്പണികളുടെ പുരോഗതി എൻഎച്ച്എഐ അറിയിക്കുന്നതനുസരിച്ച് കലക്ടർ പരിശോധന നടത്തിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്.
പണികൾ ഇനിയും പൂർത്തിയാക്കാനുണ്ട് എന്നായിരുന്നു കലക്ടറുടെ റിപ്പോർട്ട്. നാളെ കോടതിയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് തയാറാക്കാനായി ഇന്ന് ആർടിഒ, പൊലീസ് അധികാരികളുടെ പരിശോധന നടന്നേക്കും.
യാത്രക്കാരുടെ ദുരിതങ്ങൾ സ്വന്തം നിലയിൽ പരിഹരിക്കുന്നതിൽ എൻഎച്ച്എഐ പരാജയപ്പെട്ടതോടെ ഇനിയുള്ള നിർമാണപ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.ഓഗസ്റ്റ് 26നും സെപ്റ്റംബർ 10, 15, 16 തീയതികളിലും കേസ് പരിഗണിച്ചപ്പോഴും എൻഎച്ച്എഐയ്ക്ക് എതിരാവുകയായിരുന്നു വിധി.
സുപ്രീംകോടതിയും വിഷയത്തിൽ അതോറിറ്റിക്കൊപ്പം നിന്നില്ല. ടോൾ പിരിവ് നിർത്തിവച്ച അത്രയും ദിവസം നിലവിലെ ടോൾ കരാർ കമ്പനിയായ ജിഐപിഎല്ലിന് പിരിവ് കാലാവധി കൂട്ടികൊടുക്കാനാണു സാധ്യത.
അടിപ്പാത നിർമാണങ്ങൾ മറ്റൊരു കരാർ കമ്പനിക്കായതിനാൽ നഷ്ടം തങ്ങൾക്കു വഹിക്കാനാകില്ല എന്നായിരിക്കും ജിഐപിഎല്ലിന്റെ വാദം. ഒരു ദിവസം ഏകദേശം 50 ലക്ഷം രൂപ ടോൾ ഇനത്തിൽ പിരിച്ചെടുത്തിരുന്ന കമ്പനിക്ക് ഈ 44 ദിവസത്തിനിടെ നഷ്ടം ഏകദേശം 22 കോടി രൂപ.
കൊരട്ടിയിലും കുളമാക്കരുതേ..
കൊരട്ടി ∙ ദേശീയപാതയുടെ സർവീസ് റോഡ് നിർമാണത്തിനിടെ മണ്ണിട്ടു കനാൽ മൂടി. ദിവസങ്ങളായി ഇതാണു സ്ഥിതിയെങ്കിലും ഇനിയും പരിഹാരമായില്ല.
കാർഷിക ജലസേചനത്തിനായി ആറ്റപ്പാടം, കാതിക്കുടം, കൊരട്ടി അങ്ങാടി ഭാഗങ്ങളിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിലാണു മണ്ണടിഞ്ഞു വെള്ളം തുറന്നു വിടാൻ കഴിയാത്ത വിധമായത്. എസ്എൻഡിപി ഖന്നാനഗർ ശാഖ ഓഫിസിനും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനും സമീപം കനാൽ പാടേ മൂടിപ്പോയ നിലയിലാണ്.
മഴ മാറി നിൽക്കുന്നതിനാൽ കനാൽ വഴി വെള്ളമെത്തിയില്ലെങ്കിൽ കൃഷിയും കർഷകരും പ്രതിസന്ധിയിലാകും. കനാലിലെ മണ്ണ് അടിയന്തരമായി നീക്കണമെന്നു ജനപ്രതിനിധികളും നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടു.
കൊരട്ടിയിൽ മേൽപാലം നിർമാണത്തിനു മുന്നോടിയായുള്ള സർവീസ് റോഡിന്റെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.
ദേശീയപാതയെക്കാൾ 8 അടിയോളം താഴ്ചയിൽ കിടന്ന ഭാഗം മണ്ണിട്ടുയർത്തിയും പാർശ്വഭിത്തി നിർമിച്ചുമാണു പടിഞ്ഞാറു ഭാഗത്തു സർവീസ് റോഡ് നിർമാണം. കിഴക്കു ഭാഗത്തെ സർവീസ് റോഡും സജ്ജമായിട്ടില്ല.
ദേശീയപാതയുടെ നിരപ്പിനൊപ്പം സർവീസ് റോഡ് ഉയർത്താനായി മണ്ണും ടാറിങ് അവശിഷ്ടങ്ങളും മറ്റും ഇട്ടു ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. സർവീസ് റോഡ് പൂർത്തിയാകാത്തതിനാൽ കൊരട്ടിയിലെ മേൽപാലം നിർമാണം ഇനിയും തുടങ്ങാനായിട്ടില്ല.
മേൽപാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി രണ്ടു വാലറ്റങ്ങളും കുഴിച്ചു നടത്തിയ നിർമാണം പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്നു.
സർവീസ് റോഡ് പൂർത്തിയാക്കാതെ മേൽപാലം നിർമാണം ആരംഭിച്ചാൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണമാകുമെന്നതാണ് ജനത്തിന്റെ ആശങ്ക. സർവീസ് റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗത ക്രമീകരണം നടപ്പാക്കിയ ശേഷമാകും മേൽപാലം പണി ആരംഭിക്കുക. 3 തൂണുകളിലുള്ള ചെറിയ മേൽപാലമായിരിക്കും (പോട്ട
മോഡൽ) കൊരട്ടിയിൽ എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
മുരിങ്ങൂരിൽ ദേശീയപാത കുഴിച്ചു കനാൽ നിർമാണം തുടങ്ങി
മുരിങ്ങൂർ ∙ ദേശീയപാതയുടെ പ്രധാന ഭാഗത്തു വലിയ കുഴിയെടുത്തു കനാൽ നിർമാണം ആരംഭിച്ചു. ഇരുഭാഗത്തുമായി സജ്ജമാക്കിയ സർവീസ് റോഡിലൂടെ വാഹനങ്ങൾ തിരിച്ചു വിടും.
ഇതിനായി സർവീസ് റോഡിന്റെ ടാറിങ് നടത്തി. കിഴക്കു ഭാഗത്താണു കനാൽ നിർമാണം നടത്തുന്നതിന്റെ സമീപം സർവീസ് റോഡിലൂടെ വാഹനങ്ങൾ വിടാൻ തുടങ്ങിയത്.
പടിഞ്ഞാറു ഭാഗത്തു വരും ദിവസങ്ങളിൽ സർവീസ് റോഡിലൂടെ വാഹനങ്ങൾ വിടും. നേരത്തെ അടിപ്പാത നിർമാണം ആരംഭിച്ചതോടെ ആ ഭാഗത്തു സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തി വിട്ടിരുന്നു.
ഈ ഭാഗം കുണ്ടും കുഴിയുമായി കിടന്നിരുന്നതു അതിരൂക്ഷമായ ഗതാഗതക്കുരുക്കിനു വഴിയൊരുക്കുകയും ചെയ്തു.
സർവീസ് റോഡിന്റെ ടാറിങ് നടത്തിയതോടെ ഗതാഗതക്കുരുക്കിനു നേരിയ ശമനമായിട്ടുണ്ട്. വാഹനങ്ങൾ സമാന്തര പാതകൾ വഴി പൊലീസ് തിരിച്ചു വിടുന്നതും കുരുക്കു കുറയ്ക്കാൻ വഴിയൊരുക്കി.
ദേശീയപാതയ്ക്ക് അടിയിലൂടെ കടന്നു പോകുന്ന കനാലിന്റെ ദേശീയപാതയുടെ ഭാഗമാണ് നിർമാണം ആരംഭിക്കുന്നത്. സർവീസ് റോഡുകളുടെ ഭാഗം നേരത്തെ നിർമിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]