
പുന്നയൂർക്കുളം ∙ ‘രണ്ട് ആഴ്ച കഴിഞ്ഞാൽ ഓണമാണ്. നെല്ല് വിറ്റ പണം 5 മാസമായിട്ടും കിട്ടിയിട്ടില്ല.
കടം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. ജീവിത ചെലവിനു പോലും പണം കയ്യിൽ ഇല്ലാത്തപ്പോൾ ഞങ്ങളുടെ മക്കൾ എങ്ങനെ ഓണം ഉണ്ണും.’ പുന്നയൂർക്കുളം പഞ്ചായത്ത് ഓഫിസിനു മുന്നിൽ കർഷകർ നടത്തിയ യാചനാ സമരത്തിൽ ഉയർന്ന സങ്കടങ്ങൾ ഇങ്ങനെയായിരുന്നു.
ഏപ്രിലിൽ നെല്ല് കൊടുത്ത് മേയിൽ പാഡി രസീത് ഷീറ്റ് (പിആർഎസ്) വെരിഫിക്കേഷൻ പൂർത്തിയായതാണ്.
പണം പാസായതായി കർഷകർക്ക് മെസേജ് വന്നെങ്കിലും അക്കൗണ്ടിൽ പണം എത്തിയിട്ടില്ല. രേഖകൾ സമർപ്പിച്ച എല്ലാ കർഷകരുടെയും ഫയൽ ശരിയാക്കി വച്ചിട്ടുണ്ടെന്നും പണം എത്തിയാൽ ഉടൻ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നൽകുമെന്നും ബാങ്കുകാർ പറയുന്നു.
പരൂർ, ഉപ്പുങ്ങൽ കോൾ പടവുകളിൽ മാത്രം കർഷകർക്ക് കിട്ടാനുള്ളത് 3.61 കോടി രൂപയാണ്. ഇതിൽ 25,000 രൂപ മുതൽ 30 ലക്ഷം വരെ കിട്ടാനുള്ള കർഷകർ ഉണ്ട്.
നെല്ലിന്റെ പണം കിട്ടുമ്പോൾ വളം, കീടനാശിനി, ട്രാക്ടർ എന്നിവർക്ക് കൊടുക്കാനുള്ള ബാക്കി കൊടുത്തു തീർക്കുകയാണ് പതിവ്.
2 മാസത്തിനിടയിൽ പൊന്നാനി കോൾ വികസന ഏജൻസി, പെരുമ്പടപ്പ് എഡിഎ, ചാവക്കാട് എഡിഎ, പുന്നയൂർക്കുളം പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലേക്ക് സമരം നടത്തിയിരുന്നു. കർഷക ദിനം ഇന്ന് കരിദിനമായി ആചരിക്കുമെന്നും കർഷകർ പറഞ്ഞു.
യാചനാ സമരം പൊന്നാനി കോൾ സംരക്ഷണ സമിതി സെക്രട്ടറി കെ.എ.ജയാനന്ദൻ ഉദ്ഘാടനം ചെയ്തു. കുന്നംകാട്ടിൽ അബൂബക്കർ അധ്യക്ഷനായി.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.വിനോദ്, ടി.കെ.ഹസൻ, വി.കെ.ഷുക്കൂർ, ശശിധരൻ, അഷ്കർ അറക്കൽ, വി.താജുദ്ദീൻ, എ.ടി.ജബ്ബാർ, ഷംസു കാരാട്ട് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]