
തൃശൂർ∙ കർക്കടക പുണ്യം തേടി വിശ്വാസികളുടെ നാലമ്പല തീർഥാടന യാത്രയ്ക്ക് ഇന്ന് തുടക്കമാകുമ്പോൾ ആ വഴികളുടെ തൽസ്ഥിതി തിരക്കി മനോരമ സംഘം നടത്തിയ യാത്ര. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട
കൂടൽമാണിക്യം ക്ഷേത്രം, എറണാകുളം ജില്ലയിലെ മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളാണ് നാലമ്പല തീർഥാടനത്തിൽ ഉൾപ്പെടുന്നത്.
കർക്കടകത്തിൽ ഒരു ദിവസംകൊണ്ട് നാലു ക്ഷേത്രങ്ങളും സന്ദർശിക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസം. കനത്ത മഴയിൽ തകർന്നു കിടക്കുന്നതു മൂലം ചില റോഡുകളിൽ യാത്ര പതുക്കെയാകാം.
അറ്റകുറ്റപ്പണികൾ നടക്കുന്നതുമൂലവും ചിലയിടങ്ങളിൽ വഴിമാറ്റവും മറ്റുമുണ്ട്. ഇവയൊക്കെ ശ്രദ്ധിച്ച് യാത്ര ചെയ്യാം.
തൃപ്രയാർ ക്ഷേത്രത്തിലേക്ക്
ആദ്യം തൊഴേണ്ടത് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലാണ്.
തൃശൂരിൽ നിന്ന് ഇരുപത്തഞ്ചു കിലോമീറ്ററോളം ദൂരം. പതിവിന് വിപരീതമായി ഇത്തവണ തൃശൂരിൽ നിന്ന് തൃപ്രയാറിലേക്ക് യാത്ര ചെയ്യുന്നവർക്ക് ചേർപ്പ്– ചിറയ്ക്കൽ വഴി യാത്ര ചെയ്യാൻ കഴിയില്ല.
ചിറയ്ക്കൽ പാലം പണി നടക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം പൂർണമായും തടഞ്ഞിരിക്കുന്നതാണ് കാരണം.
പകരം, കാഞ്ഞാണി– വാടാനപ്പള്ളി വഴി വേണം പോകാൻ. അതിനാൽ ദൂരം കൂടൂം.
ചെറുവാഹനങ്ങൾക്ക് വേണമെങ്കിൽ വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനു മുന്നിലെ കിഴക്കേടിപ്പുസുൽത്താൻ റോഡിലൂടെ തൃപ്രയാറിൽ എത്താം. വീതി കുറഞ്ഞ വഴികളായതിനാൽ ഈ ഭാഗങ്ങളിൽ ശ്രദ്ധിച്ചുവേണം യാത്ര ചെയ്യാൻ.
കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക്
തൃപ്രയാറിൽ തൊഴുതു കഴിഞ്ഞാൽ ഇരിങ്ങാലക്കുട
കൂടൽമാണിക്യം ക്ഷേത്രത്തിലേക്കാണ് പോകേണ്ടത്. തൃപ്രയാർ പോളി ജംക്ഷനിൽ എത്തി ഇടത്തേക്ക് തിരിയുക, കാട്ടൂർ എത്തി ഇടതിരിഞ്ഞി വഴിയും മൂന്നുപീടിക വഴി ഹൈവേയിൽ കയറിയും കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്താം.
ഏകദേശം 15 കിലോമീറ്റർ ദൂരമുണ്ട്. കാട്ടൂർ വഴി പോകുമ്പോൾ തിരിവുകൾ ശ്രദ്ധിക്കണം.
മൂന്നുപീടിക വഴി ഹൈവേയിൽ എത്തുമ്പോൾ ചില സമയത്ത് ഗതാഗതക്കുരുക്ക് പ്രശ്നമായേക്കാം.
മൂഴിക്കുളം ക്ഷേത്രത്തിലേക്ക്
തൃശൂർ ജില്ലയുടെ അതിർത്തിയിൽ എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലാണ് മൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം. ഇരിങ്ങാലക്കുടയിൽ നിന്ന് മാളയിലെത്തി അന്നമനട
റോഡിലൂടെ പൂവത്തുശേരിയിലെത്തി മൂഴിക്കുളത്തേക്ക് പോകാം. അല്ലെങ്കിൽ മാളയിൽ നിന്ന് വലിയപറമ്പ്, അന്നമനട
വഴി പൂവത്തുശേരിയിൽ എത്തിയും പോകാം. ഇരുവഴികളും 30 കിലോമീറ്ററോളം ദൂരമുണ്ട്.
പൂവത്തുശേരിയിൽ നിന്ന് മൂഴിക്കുളത്തേക്ക് പോകുന്ന വഴിയിൽ ചില സ്ഥലങ്ങളിൽ കുഴികളുണ്ട്.
പായമ്മൽ ക്ഷേത്രത്തിലേക്ക്
നാലമ്പല ദർശനത്തിൽ അവസാനമെത്തുന്ന ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം. മൂഴിക്കുളം ജംക്ഷനിൽ നിന്ന് പൂവത്തുശേരിയിൽ തിരിച്ചെത്തി അന്നമനട
കുമ്പിടി വഴി മാള റോഡിൽ പ്രവേശിച്ച ശേഷം വെള്ളാങ്ങല്ലൂരിൽ എത്തി മതിലകം റോഡിലേക്ക് കടന്ന് അരിപ്പാലം സെന്ററിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ പായമ്മൽ ക്ഷേത്രത്തിലെത്താം.
ഏകദേശം 29 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. പായമ്മൽ ക്ഷേത്രത്തിൽ നിന്ന് ദർശനം പൂർത്തിയാക്കി ചെറുവാഹനങ്ങൾക്ക് പുളിക്കലച്ചിറ താൽക്കാലിക ബണ്ടിലൂടെ പടിയൂർ, എടതിരിഞ്ഞി വഴി ഇരിങ്ങാലക്കുട– മൂന്നുപീടിക സംസ്ഥാന പാതയിൽ പ്രവേശിക്കാം.
താൽക്കാലിക ബണ്ട് വഴിയുള്ള റോഡ് വീതി കുറഞ്ഞതായതിനാൽ ശ്രദ്ധിച്ചു യാത്ര ചെയ്യണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]