
ഗതാഗതം കുരുക്കിലാക്കി അടിപ്പാതയ്ക്ക് അടിയിലെ ലേബർ ക്യാംപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുന്നയൂർക്കുളം ∙ ദേശീയപാത അകലാട് ഒറ്റയിനി അടിപ്പാതയ്ക്ക് താഴെ നിർമിച്ച തകരഷെഡുകൾ യാത്രക്കാരെ വലയ്ക്കുന്നു. അടിപ്പാതയുടെ പകുതിയിൽ അധികം ഭാഗത്താണ് നിർമാണ തൊഴിലാളികൾക്ക് താമസിക്കാനും ഉപകരണങ്ങൾ സൂക്ഷിക്കാനുമായി 3 ഷെഡുകൾ പണിതിട്ടുള്ളത്. പുന്നയൂർ, വടക്കേകാട് ഭാഗത്തേക്കും അകലാട് ബീച്ച് ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ ഇവിടെ നിന്നാണ് തിരിയേണ്ടത്. ഇരുവശത്തു നിന്നും വാഹനങ്ങൾ ഒരുമിച്ചു വരുമ്പോൾ അടിപ്പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു എന്നാണ് നാട്ടുകാരുടെ പരാതി.
ലോറി പോലുള്ള വലിയ വാഹനങ്ങൾ വരുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ സർവീസ് റോഡിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഈ സമയം സർവീസ് റോഡിലും ഗതാഗതം സ്തംഭിക്കുന്നു. ഇവിടെ അടിപ്പാതയുടെ മുകളിലെ സ്ലാബ് ദേശീയപാതയുടെ പ്രധാന റോഡുമായി ബന്ധിപ്പിക്കാത്തതിനാൽ സർവീസ് റോഡ് വഴിയാണ് മുഴുവൻ വാഹനങ്ങളും പോകുന്നത്. അതിനാൽ ഏറെ തിരക്കുള്ള സ്ഥലമാണ് ഇത്. അടിപ്പാതയുടെ 100 മീറ്റർ അകലെ നിർമാണ കമ്പനിക്ക് ലേബർ ക്യാംപ് ഉണ്ടായിരുന്നു.
ഇവിടത്തെ വീടുകൾ പൊളിച്ചപ്പോൾ തൊഴിലാളികളുടെ താമസം പാലത്തിനു താഴേക്ക് മാറ്റുകയായിരുന്നു. ലൈറ്റ്, ഫാൻ സൗകര്യത്തിനായി പാലത്തിനു മുകളിലൂടെ ഇവിടേക്ക് വൈദ്യുതി ലൈനും വലിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കിനു പുറമേ താമസ സ്ഥലത്തെ വൃത്തിഹീനമായ ചുറ്റുപാടും പ്രശ്നമാണെന്ന് പറയുന്നു. ശുചിമുറി മാലിന്യം വരെ ഇവിടെ ഉണ്ടാകാറുണ്ട്. അനധികൃത ലേബർ ക്യാംപ് ഒഴിവാക്കണമെന്ന് നിർമാണ കമ്പനി അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് വാർഡ് മെംബർ സി.അഷ്റഫ് പറഞ്ഞു.