ഒരൊറ്റ കലോത്സവത്തിലെ വിജയം; ഇന്ന് വയനാട് പെരുമ്പാടിക്കുന്നിൽ 10 മുതൽ 60 വയസ്സുള്ളവർ വരെ ചെണ്ട പഠനത്തിലാണ്.
ആ കഥ തുടങ്ങുന്നത് കഴിഞ്ഞ കലോത്സവ കാലത്ത്. വടുവൻചാൽ ജിവിഎച്ച്എസ്എസ് സ്കൂൾ ചരിത്രത്തിലാദ്യമായി എച്ച്എസ് വിഭാഗം ചെണ്ടയിൽ സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.
അതോടെ മത്സരം നാടിന്റെ ഉത്സവമായി. ഒഴിഞ്ഞുകിടന്ന കടമുറി കുട്ടികൾക്കായി ഗ്രാമം ഒരുക്കി.
പരിശീലനത്തിന് എത്തുന്നവർക്ക് ഭക്ഷണപ്പൊതി ഒരുക്കിയും കൂട്ടിരുന്നും ഓരോ കുടുംബവും പ്രോത്സാഹനമായി. മത്സരിക്കാൻ തിരുവനന്തപുരത്തെത്തിയപ്പോൾ ടീമിന് പിന്തുണ ഉറപ്പാക്കാനായി മുപ്പതിൽ അധികം ആളുകൾ ഗ്രാമത്തിൽ നിന്നെത്തുകയും ചെയ്തു.
ഇവർക്കന്ന് കിടക്കാനിടം ഒരുക്കിയത് പ്രിൻസിപ്പൽ കെ.വി.മനോജിന്റെ വീട്ടിലാണ്.
എ ഗ്രേഡ് നേട്ടത്തോടെ സംഘം തിളങ്ങിയതിന് പിന്നിലെ നാടിന്റെ കഥ ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ചു. ഇതോടെ ഗ്രാമം കൂടുതൽ ഉഷാറായി.
ചെണ്ട പരിശീലനത്തിനായി സ്ഥിരം പരിശീലനകേന്ദ്രം ‘പഞ്ചാരി’ തുടങ്ങി.
കെട്ടിടം ഉൾപ്പെടെ സൗകര്യങ്ങളെല്ലാം പഞ്ചായത്തും നാട്ടുകാരും ഒരുക്കി.
പഞ്ചായത്തംഗങ്ങളടക്കം ചെണ്ട പഠിത്തമായി.
തായംബക, പഞ്ചവാദ്യം തുടങ്ങിയവയിൽ പരിശീലനമൊരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഗ്രാമം. ഗ്രാമത്തിൽ നിന്നുള്ള കുട്ടികളുടെ കരുത്തിൽ എച്ച്എസ് വിഭാഗത്തിന് പിന്നാലെ എച്ച്എസ്എസ് വിഭാഗത്തിലും വടുവൻചാൽ സ്കൂൾ ഇത്തവണ സംസ്ഥാനതലത്തിൽ മത്സരിച്ച് എ ഗ്രേഡ് നേടി. ഇത്തവണയും മുപ്പതിൽ അധികം ആളുകൾ പ്രോത്സാഹനവുമായി ഗ്രാമത്തിൽ നിന്നെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

