തൃശൂർ ∙ പുള്ളിലെ ആൽത്തറ സഭയിൽ വീടുപണിക്കു സഹായംതേടിയെത്തിയ വയോധികനിൽ നിന്ന് അപേക്ഷ വാങ്ങാതെ മടക്കി അയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ലെന്നും ജനങ്ങൾക്കു വ്യാജപ്രതീക്ഷ നൽകുന്നതു തന്റെ ശൈലിയല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ‘ഭവന സഹായവുമായി ബന്ധപ്പെട്ട
അപേക്ഷ നിരസിച്ച വിഷയത്തിൽ പലതരം വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ അജൻഡകൾക്കായി ചിലർ ഇതു ഉപയോഗിക്കുന്നു.
പൊതുപ്രവർത്തകനായി എന്തുചെയ്യാൻ കഴിയും, കഴിയില്ല എന്നതിനെക്കുറിച്ചു വ്യക്തമായ ധാരണയുണ്ട്.
പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാറില്ല. ഭവനനിർമാണം സംസ്ഥാനവിഷയമാണ്.
അത്തരം അഭ്യർഥനകൾ ഒരാൾക്കു മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ചു സുരക്ഷിത ഭവനം ഉറപ്പാക്കാൻ മുന്നോട്ടുവന്നതു സന്തോഷമാണ്.
രാഷ്ട്രീയ ഉന്നമുള്ളതാണെങ്കിലും ഞാൻ കാരണം അവർക്കൊരു വീടായല്ലോ. കഴിഞ്ഞ 2 കൊല്ലമായി ഇതു കണ്ടുകൊണ്ടിരുന്ന ആളുകൾ ഞാൻ കാരണം ഇപ്പോൾ വീടുവച്ചു നൽകാൻ ഇറങ്ങിയല്ലോ.
ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർഥ പരിഹാരങ്ങൾക്കാണു സ്ഥാനമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
വർഷങ്ങൾക്കു മുൻപു പഞ്ചായത്തിൽ നിന്നു കൊച്ചുവേലായുധന് അനുവദിച്ച 40,000 രൂപ ഉപയോഗിച്ചു നിർമിച്ച ഓടിട്ട വീടിന്റെ മേൽക്കൂര കഴിഞ്ഞവർഷമാണു കാറ്റിൽ തെങ്ങുവീണു തകർന്നത്.
1,20,000 രൂപ റവന്യു വകുപ്പിൽ നിന്നു നഷ്ടപരിഹാരമായി ലഭിച്ചെങ്കിലും അറ്റകുറ്റപ്പണി നടത്താൻ കഴിഞ്ഞില്ല. ചുമരുകൾക്കു ബലക്ഷയമുള്ളതായിരുന്നു കാരണം.
ഇതോടെ സമീപത്തൊരുക്കിയ ഒറ്റമുറി കെട്ടിടത്തിലേക്കു ജീവിതം ഒതുങ്ങി.
ലൈഫ് പദ്ധതി പ്രകാരം വീടു നിർമിച്ചു നൽകണമെന്ന അപേക്ഷയുമായി ചാഴൂർ പഞ്ചായത്തിനും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനും കഴിഞ്ഞവർഷം അപേക്ഷ നൽകി. എന്നാൽ, നിലവിലുള്ള അപേക്ഷകളിൽ വീടു നിർമാണം പൂർത്തിയാക്കിയ ശേഷം അടുത്ത ഘട്ടത്തിൽ പരിഗണിക്കാം എന്ന മറുപടിയുമായി ഇവർ അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ചതായി കൊച്ചുവേലായുധൻ പറഞ്ഞു. 5 വർഷത്തോളം സിപിഎം പുള്ള് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ആയിരുന്നു ഇദ്ദേഹം. പിന്നീടു കോൺഗ്രസിലേക്കു മാറി.
ഇതിനിടെ, കലക്ടറുടെ നിർദേശപ്രകാരം റിപ്പോർട്ട് സമർപ്പിക്കാനായി തൃശൂർ തഹിസൽദാർ ടി.കെ.ജയശ്രീ, പുള്ള് വില്ലേജ് ഓഫിസർ ദിവ്യ ബാനർജി ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം വേലായുധന്റെ വീട്ടിലെത്തി.
മേൽക്കൂരയില്ലാത്ത വീടും താൽക്കാലികമായി താമസിക്കുന്ന ഒറ്റമുറി വീടും കണ്ട സംഘം വേലായുധനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു തയാറാക്കിയ റിപ്പോർട്ട് ഇന്നലെ പുള്ള് വില്ലേജ് ഓഫിസിൽ നിന്ന് താലൂക്ക് ഓഫിസിലേക്ക് അയച്ചു.
സിപിഎം ജില്ലാസെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ, സി.സി.മുകുന്ദൻ എംഎൽഎ എന്നിവരും വേലായുധന് പിന്തുണ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]