
തൃശൂർ ∙ ‘മൈക്ക് സെറ്റ് വാങ്ങാൻ ധനസഹായം നൽകണമെന്ന താങ്കളുടെ ആവശ്യം പ്രത്യേക കേസ് ആയി പരിഗണിക്കാൻ പട്ടികജാതി വികസന വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. പരമാവധി തുക ധനസഹായമായി അനുവദിക്കും.’ തെരുവോരത്തു പാടി ജീവിക്കുന്ന വേലൂർ കുളക്കുന്നത്ത് തണ്ടിലം വേലായുധന് പട്ടികജാതി വകുപ്പ് ഡയറക്ടറിൽ നിന്ന് ഇങ്ങനെയൊരു കത്തു ലഭിച്ചിട്ടു 10 വർഷം തികയുകയാണ്.
മൈക്ക് സെറ്റ് വാങ്ങാൻ പണം അനുവദിക്കാമെന്ന വാഗ്ദാനം സർക്കാർ വിഴുങ്ങി. വഴിവക്കിൽ പാടുന്നതിനെക്കാൾ പാടുപെട്ടു തൊണ്ടപൊട്ടി പറഞ്ഞ അപേക്ഷകൾക്ക് ഇപ്പോൾ മറുപടി പോലും ലഭിക്കുന്നില്ല.
30 വർഷമായി ഭാവഗായകൻ പി.ജയചന്ദ്രന്റെ ഗാനങ്ങൾ മാത്രം തെരുവോരങ്ങളിൽ പാടി ഉപജീവനം നടത്തുന്ന കലാകാരനാണു വേലായുധൻ. ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന ജയചന്ദ്രന്റെ ഗാനം കുട്ടിക്കാലത്തു കേട്ടതിനു ശേഷമാണു പാട്ടുപാടാൻ തുടങ്ങിയത്.
മൈക്കും സ്പീക്കറും ആംപ്ലിഫയറും വാടകയ്ക്കെടുത്തു പല ജില്ലകളിലായി വഴിയോരങ്ങളിലൂടെ സഞ്ചരിച്ചായിരുന്നു ആലാപനം.
യാത്രക്കാർ വച്ചു നീട്ടുന്ന ചെറിയ വരുമാനത്തിന്റെ മുഖ്യപങ്കും മൈക്ക് വാടകയ്ക്കായി നീക്കിവയ്ക്കേണ്ടി വന്നതോടെ 2015 ജൂലൈയിൽ പട്ടികജാതി വികസന വകുപ്പിനൊരു അപേക്ഷ നൽകി. സ്വന്തമായൊരു മൈക്ക് സെറ്റ് വാങ്ങാൻ ധനസഹായം അനുവദിക്കണമെന്നായിരുന്നു ആവശ്യം.വേലായുധനെക്കുറിച്ച് അന്വേഷിച്ച ശേഷം ആവശ്യം പ്രത്യേക കേസ് ആയി പരിഗണിക്കാൻ വകുപ്പു തീരുമാനിച്ചു.
പല കടമ്പകൾ പിന്നിട്ടു പരമാവധി ധനസഹായം അനുവദിക്കാൻ വകുപ്പുമന്ത്രിയുടെ ശുപാർശയോടെ മുഖ്യമന്ത്രിക്കു കത്തുപോയി.
ഉമ്മൻ ചാണ്ടിയായിരുന്നു അന്നു മുഖ്യമന്ത്രി.തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം അപേക്ഷ അന്നു മാറ്റിവച്ചു. ഭരണം മാറിയെങ്കിലും ധനസഹായം ലഭിക്കാതെ വന്നപ്പോൾ പലവട്ടം വീണ്ടും കത്തു നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നു വേലായുധൻ പറയുന്നു.
8000 രൂപ മാസവാടകയ്ക്കെടുത്ത മൈക്ക് സെറ്റുമായാണു വേലായുധന്റെ ഇപ്പോഴത്തെ പാട്ടുസഞ്ചാരം. തന്റെ ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷ ഇനിയും കൈവിടാതെ, വേലായുധൻ വഴിവക്കിൽ നിന്നു ജയചന്ദ്രനെ സ്മരിച്ചു പാടുന്നു, ‘എന്തേ ഇന്നും വന്നീല..’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]