
സിന്ദൂറിന്റെ വിജയത്തിൽ സുരേഷ് ഗോപിയുടെ ‘തിരംഗ യാത്ര’
തൃശൂർ ∙ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ അഭിവാദ്യം അർപ്പിച്ച് നഗരത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടത്തിയ ‘തിരംഗ യാത്ര’ ആവേശമായി. യാത്രയിൽ പങ്കാളികളാകാൻ കുട്ടികളടക്കം നടുവിലാൽ ജംക്ഷനിൽ എത്തിയിരുന്നു.
ഇവിടെ നിന്ന് തെക്കേ ഗോപുര നട വരെ സ്വരാജ് റൗണ്ടിലൂടെ യാത്രക്കാർക്കും നഗരവാസികൾക്കും മധുരം നൽകിക്കൊണ്ടായിരുന്നു യാത്ര.ദേശീയ പതാകയും ത്രിവർണ ബലൂണുകളും ഏന്തിയാണ് ആളുകൾ യാത്രയുടെ ഭാഗമായത്.
രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചും പ്രധാനമന്ത്രിക്കും ജവാന്മാർക്കും അഭിവാദ്യം അർപ്പിച്ചും പ്ലക്കാർഡുകളും നിറഞ്ഞിരുന്നു. തെക്കേ ഗോപുരനടയിൽ നടന്ന സമ്മേളനത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ പ്രസംഗിച്ചു.
കാർഗിൽ രക്തസാക്ഷി വിശ്വനാഥന്റെ പത്നി ജലജ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവരും ബിജെപി നേതാക്കളും പങ്കെടുത്തു. ഇളങ്ങന്നൂർ മന സദാനന്ദൻ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കു നൽകുന്ന 50,000 രൂപ സുരേഷ് ഗോപി ഏറ്റുവാങ്ങി.
തുക ഒരു ലക്ഷമാക്കി നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]